വേതനം മുടങ്ങിയിട്ട് മൂന്നുമാസം: മന്ത്രിവസതിക്ക് മുന്നിൽ സമരത്തിനൊരുങ്ങി പാചകത്തൊഴിലാളികൾ
text_fieldsതിരുവനന്തപുരം: സ്കൂൾ പാചകത്തൊഴിലാളികൾക്ക് വേതനം മുടങ്ങിയിട്ട് മൂന്നുമാസം. ജീവിതം ദുസ്സഹമായതോടെ വിദ്യാഭ്യാസമന്ത്രിയുടെ വസതിക്ക് മുന്നിൽ നിൽപ് സമരത്തിനൊരുങ്ങുകയാണ് തൊഴിലാളികൾ. സ്കൂൾ പാചകത്തൊഴിലാളി സംഘടനയുടെ (എച്ച്.എം.എസ്) ആഭിമുഖ്യത്തിൽ മാർച്ച് 11 നാണ് നിൽപ് സമരം.
500 കുട്ടികൾക്ക് ഒരു തൊഴിലാളിയാണ് ഉച്ചഭക്ഷണം തയാറാക്കുന്നത്. ഇത് 250 ആയി ക്രമീകരിക്കണമെന്ന് ഉത്തരവുണ്ടെങ്കിലും നടപ്പായിട്ടില്ല. അധ്യാപകർക്കും മറ്റ് ജീവനക്കാർക്കുമെല്ലാം ശമ്പളം കൃത്യമായി നൽകുന്ന സർക്കാർ രാവിലെ ഏഴുമുതൽ വൈകുന്നേരം അഞ്ചുവരെ പണിയെടുക്കുന്ന പാചകത്തൊഴിലാളികൾക്ക് നേരെയാണ് അവഗണന.
മിനിമം വേതനം 900 രൂപയാക്കുക, അഞ്ച് വർഷം മുതൽ സർവിസ് വെയിറ്റേജ്തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വാർത്തസമ്മേളനത്തിൽ സംഘടന സംസ്ഥാന പ്രസിഡന്‍റ് എസ്. ശകുന്തള, വൈസ് പ്രസിഡന്‍റ് കെ. ശശികുമാർ, ശെൽവി വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
സെക്രട്ടേറിയറ്റ് ധർണ നടത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പാചകത്തൊഴിലാളികൾക്ക് ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ശമ്പളം ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള സ്കൂൾ വർക്കേഴ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ സെക്രട്ടറിയറ്റിന് മുന്നിൽ ധർണ നടത്തി.
ശമ്പളം കിട്ടാത്തതുമൂലം നിത്യചെലവിനുപോലും കൈയിൽ പണമില്ലാത്ത അവസ്ഥയാണെന്ന് അസോസിയേഷൻ ഭാരവാഹികൾ കുറ്റപ്പെടുത്തി. ധർണ സംസ്ഥാന ജനറൽ സെക്രട്ടറി സുജോബി ജോസ് ഉദ്ഘാടനം ചെയ്തു. വി. രമാദേവി, ഐ. ചിത്രലേഖ, ജി. സത്യഭാമ, എ.കെ. വിജയകുമാരി, എസ്.എൽ. പ്രിൻസി, കുമാരി ബീന, എ. മുരുകൻ, എ. ബീന, ബി.വി. ജമീല, റീന ജോസ്, അനിതാകുമാരി, എൽ. ഗീതാലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

