ചെറുമകൻ ആത്മഹത്യ ചെയ്തതിൽ മനംനൊന്ത് മുത്തശ്ശിയും സഹോദരിയും ആത്മഹത്യ ചെയ്ത നിലയിൽ
text_fieldsകൂത്തുപറമ്പ്: നഗരസഭയിലെ മൂര്യാട് കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ. ചമ്മാലിലാണ് ചെറുമകൻ, മുത്തശ്ശി, മുത്തശ്ശിയുടെ സഹോദരി എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. നീർവേലി നിമിഷാനിവാസിൽ ഇ. കിഷൻ (20), മുത്തശ്ശി മൂര്യാട് ചമ്മാലിലെ വി.കെ. രജി, സഹോദരി വി.കെ. റോജ എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് ഇ. കിഷനെ മൂര്യാട് ചമ്മാലിൽ അമ്മയുടെ തറവാട് വീട്ടിൽ തൂങ്ങിയനിലയിൽ കാണപ്പെട്ടത്. ഈ സമയത്ത് വീട്ടിലെത്തിയ സുഹൃത്തുക്കൾ ഉടൻ കിഷനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തറവാട് വീട്ടിൽ താമസിച്ചിരുന്ന മുത്തശ്ശി വി.കെ. രജിയും സഹോദരി റോജയും സംഭവം നടക്കുമ്പോൾ വലിയ വെളിച്ചത്ത് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ഇരുവരോടും അയൽവാസികൾ ചെറുമകന്റെ ആത്മഹത്യാ വിവരം അറിയിച്ചു. തുടർന്ന് വീടിന്റെ രണ്ട് മുറികളിലായി കയറിയ ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു.
കിഷന്റെ മരണവാർത്ത തലശ്ശേരി ഗവ. ആശുപത്രിയിൽനിന്നും കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെത്തുടർന്ന് മരണവിവരം അന്വേഷിക്കാൻ പൊലീസ് മൂര്യാട്ടെ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ചെറുമകന്റെ ആത്മഹത്യവിവരം അറിഞ്ഞ് മനംനൊന്താണ് മുത്തശ്ശിയും സഹോദരിയും ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. കിഷൻ പോക്സോ കേസ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഒരേ വീട്ടിൽ മൂന്നുപേർ ആത്മഹത്യ ചെയ്തെന്ന വാർത്ത നാടിനെ ഞെട്ടിച്ചു. മൃതദേഹങ്ങൾ തലശ്ശേരി ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. കിഷന്റെ പിതാവ്: സുനിൽ (പി.കെ എസ് ടൂർസ് ആൻഡ് ട്രാവൽസ്). മാതാവ്: നിമിഷ സഹോദരൻ: അക്ഷയ് (ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥി, മയ്യിൽ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

