മേപ്പാടി (വയനാട്): ചുണ്ടേൽ പക്കാളിപ്പള്ളത്തുനിന്ന് മുറിച്ചു കടത്തുന്ന 300 കിലോയോളം ചന്ദനമരം മേപ്പാടി റേഞ്ച് വനം വകുപ്പധികൃതർ പിടികൂടി. മൂന്നുപേരെ അറസ്റ്റ് ചെയ്തു. കടത്താനുപയോഗിച്ച കാറും പണിയായുധങ്ങളും കസ്റ്റഡിയിലെടുത്തു. മലപ്പുറം വെള്ളാമ്പ്രം സ്വദേശികളായ മുഹമ്മദ് അക്ബർ (30), അബൂബക്കർ, ചുണ്ടേൽ ആനപ്പാറ സ്വദേശി ഹർഷാദ് (28) എന്നിവരാണ് പിടിയിലായത്.
ഒരാൾകൂടി പിടിയിലാകാനുണ്ടെന്ന് അധികൃതർ പറഞ്ഞു. രാത്രി പട്രോളിങ് നടത്തിയ വനം വകുപ്പധികൃതർക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിലിനിടെ ആനപ്പാറയിൽനിന്നാണ് പ്രതികളെ പിടികൂടിയത്. ഊടുവഴികളിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളുടെ കാർ പിന്തുടർന്നാണ് ശനിയാഴ്ച പുലർച്ച മൂന്നോടെ പിടികൂടിയത്.
ഒരു ചന്ദനമരം മുഴുവനായും മുറിച്ച് കഷണങ്ങളാക്കി കാറിെൻറ ഡിക്കിയിൽ ഒളിപ്പിച്ച് കടത്താനുള്ള നീക്കത്തിനിടയിലാണ് പ്രതികൾ പിടിയിലായത്. ജില്ലക്ക് പുറത്തുള്ള പ്രമുഖ സംഘങ്ങളാണ് ഇവർക്കു പിന്നിൽ.