ഉപഭോക്തൃ ഫോറങ്ങളിൽ കെട്ടിക്കിടക്കുന്നത് മൂന്നുലക്ഷം കേസ്
text_fieldsകൊച്ചി: രാജ്യത്തെ ജില്ല ഉപഭോക്തൃ ഫോറങ്ങളിൽ തീർപ്പുകാത്ത് കിടക്കുന്നത് മൂന്നുലക്ഷത്തോളം കേസുകൾ. ഉപഭോക്തൃസേവനത്തിലെ വീഴ്ചകൾ സംബന്ധിച്ച പരാതികൾ പരിഹരിക്കാനും പരാതിക്കാരന് നഷ്ടപരിഹാരം ലഭ്യമാക്കാനും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഉപഭോക്തൃ ഫോറങ്ങളുടെ പ്രവർത്തനം പല സംസ്ഥാനത്തും മന്ദഗതിയിലാണെന്ന് ഇതുസംബന്ധിച്ച കണക്കുകൾ സൂചിപ്പിക്കുന്നു.
പ്രവർത്തനം കാര്യക്ഷമമാക്കുന്നതിൽ സംസ്ഥാന സർക്കാറുകൾ പുലർത്തുന്ന അനാസ്ഥയാണ് ഫോറങ്ങളെ പ്രതികൂലമായി ബാധിക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തെ 29 സംസ്ഥാനത്തും ഏഴ് കേന്ദ്രഭരണ പ്രദേശത്തുമായി 2,98,033 കേസാണ് കെട്ടിക്കിടക്കുന്നത്. കേരളത്തിൽ 10,221 കേസ് തീർപ്പാകാനുണ്ട്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ കേസുകൾ കെട്ടിക്കിടക്കുന്നത്: 76,915.
