ബസപകടത്തിൽ വിറങ്ങലിച്ച് പെരിങ്ങത്തൂർ
text_fieldsനാദാപുരം: കോഴിക്കോട്, കണ്ണൂർ ജില്ല അതിർത്തിയിലെ പെരിങ്ങത്തൂർ പുഴയിലേക്ക് ബസ് മറിഞ്ഞ് മൂന്നു ജീവൻ പൊലിഞ്ഞത് വിശ്വസിക്കാനാവാതെ പ്രദേശവാസികൾ. ചൊവ്വാഴ്ച പുലർച്ചെയാണ് ബംഗളൂരുവിൽനിന്ന് തലശ്ശേരി ഭാഗത്തേക്കു പോകുന്ന ലാമ ബസ് പാലത്തിെൻറ കൈവരികൾ തകർത്ത് മയ്യഴി പുഴയിലേക്ക് പതിച്ചത്.ഡ്രൈവർ കതിരൂർ സ്വദേശി കണ്ടോത്ത് ദേവദാസ് പുഴയിൽനിന്ന് നീന്തി രക്ഷപ്പെട്ടെങ്കിലും ചൊക്ലിയിലെ കാഞ്ഞിരക്കിൻ കീഴിൽ പ്രേമലതയും മകൻ പ്രജിത്തും ക്ലീനർ കിഴക്കെ കതിരൂരിലെ ജിത്തു എന്ന ജിതേഷും ബസിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. പുലർച്ചെ അഞ്ചരയോടെ നടന്ന സംഭവത്തിൽ ശബ്ദംകേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും ബസിൽ ഉണ്ടായിരുന്നവരെക്കുറിച്ച് വിവരം ലഭിക്കാൻ വൈകിയത് അപകടത്തിെൻറ വ്യാപ്തി കൂട്ടി. ഏറെ പ്രയാസപ്പെട്ട് വെള്ളത്തിനടിയിെല ബസിൽനിന്നു ജീവനറ്റ മൂന്നു ശരീരങ്ങളും രാവിലെ എഴരയോടെ നാട്ടുകാർ പുറത്തെടുക്കുകയായിരുന്നു.
പുലർച്ചെയോടെ നടന്ന ദുരന്തമറിഞ്ഞ് പുഴയോരവും റോഡും ജനസാഗരമായി. അതിരാവിലെ നടന്ന അപകടമായതിനാൽ നാദാപുരം ഭാഗത്തുനിന്ന് പോയ ബസ് അപകടത്തിൽപ്പെട്ടുവെന്ന വാർത്ത പരന്നത് മേഖലയിൽ പരിഭ്രാന്തിക്കിടയാക്കിയിരുന്നു. പുലർച്ചെ നാദാപുരത്ത് യാത്രക്കാരെ ഇറക്കിയതിനുശേഷം പാറാലിൽ നിർത്തിയിടാനുള്ള യാത്രക്കിടെയായിരുന്നു സംഭവം. ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് യാത്ര അവസാനിക്കാൻ ഏതാനും സമയംമാത്രം ബാക്കിയുള്ളപ്പോൾ നടന്ന സംഭവം നടുക്കത്തിനിടയാക്കി. സംഭവത്തിൽ നാദാപുരം പൊലീസ് കേസെടുത്തു. ആരോഗ്യമന്ത്രി കെ.കെ ശൈലജ, ഇ.കെ. വിജയൻ എം.എൽ.എ, വടകര ഡെ. തഹസിൽദാർ കെ.കെ. രവീന്ദ്രൻ തുടങ്ങിയവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
കൈ മെയ് മറന്ന് രക്ഷാപ്രവർത്തനം
നാദാപുരം: ബസപകടത്തിൽ മയ്യഴിപ്പുഴ കവർന്ന ജീവനുകളെ പുറത്തെടുക്കാൻ നാട്ടുകാരുടെ കൈ മെയ് മറന്നുള്ള രക്ഷാപ്രവർത്തനം. ചൊവ്വാഴ്ച ഇരുൾ വെളുക്കും മുമ്പ് ഉഗ്ര ശബ്ദത്തോടെ എന്തോ പുഴയിലേക്ക് പതിക്കുന്ന ശബ്ദമാണ് നാട്ടുകാർ കേട്ടത്. ഓടിയെത്തിയവർ എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞില്ല. പുഴയിൽനിന്ന് ഒരാൾ നീന്തിവരുന്നതും ബസ് പുഴയിലേക്ക് ആണ്ടിറങ്ങുന്നതുമാണ് കണ്ടത്. നീന്തിവന്ന ബസ് ഡ്രൈവർ ദേവദാസിനെ പുറത്തെത്തിക്കുേമ്പാേഴക്ക് ബസ് ആഴങ്ങളിലേക്ക് പോയിരുന്നു.
അപകടത്തിെൻറ ആഘാതത്തിൽ പകച്ചുനിന്ന ഡ്രൈവറെ നാട്ടുകാർ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട്, ബംഗളൂരുവിൽനിന്ന് നാദാപുരത്തേക്ക് സർവിസ് നടത്തുന്ന ലാമ ബസാണ് അപകടത്തിൽപ്പെട്ടതെന്ന് മനസ്സിലായതോടെ നാട്ടുകാർ പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു. പിന്നീടാണ് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയത്. പുഴയിലിറങ്ങാൻ സംവിധാനമില്ലാതെ പൊലീസും ഫയർഫോഴ്സും ഏറെനേരം കാഴ്ചക്കാരായി. അപ്പോഴേക്കും ബസിൽ കുരുങ്ങിയ ക്ലീനർ ജിതേഷിെൻറ മൃതദേഹം നാട്ടുകാർ കണ്ടെടുത്തു. പിന്നീട്, നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് എത്തിച്ച വള്ളത്തിെൻറ പിന്നിൽ നിൽക്കാനെ അധികൃതർക്ക് കഴിഞ്ഞുള്ളൂ. പിന്നീട് പ്രേമലതയുടെയും മകൻ പ്രജിത്തിെൻറയും മൃതദേഹവും കണ്ടെടുത്തു.
ബസിനുള്ളിൽ മറ്റാരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് നാട്ടുകാർ കരക്ക് കയറിയത്. മൂന്നു ക്രെയിനുകൾ സ്ഥലത്തെത്തിച്ച് ഒമ്പതരയോടെയാണ് ബസ് പുഴയിൽനിന്ന് ഉയർത്തി. 20 മീറ്ററോളം പാലത്തിെൻറ കൈവരി തകർത്ത് 50 അടിയോളം താഴ്ച്ചയിലേക്കാണ് ബസ് വീണത്. നാദാപുരം, വടകര, പേരാമ്പ്ര, എന്നിവിടങ്ങളിൽനിന്ന് ഫയർഫോഴ്സും നാദാപുരം സി.ഐ സന്തോഷ് കുമാർ, പാനൂർ സി.ഐ ബെന്നി, ചൊക്ലി, നാദാപുരം, വളയം എസ്.ഐമാരുടെ നേതൃത്വത്തിൽ പൊലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു.
അപകടം എതിരെവന്ന ബൈക്കിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ-ഡ്രൈവർ ദേവദാസ്
തലശ്ശേരി: എതിരെ പാലത്തിന് നടുവിലൂടെ വന്ന ബൈക്കിനിടിക്കുന്നത് ഒഴിവാക്കാൻ ബസ് വെട്ടിച്ചതാണ്അപകടത്തിനിടയാക്കിയതെന്ന് മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽപ്പെട്ട ബസിെൻറ ഡ്രൈവർ വേറ്റുമ്മൽ ശങ്കർ നിവാസിൽ ദേവദാസ് (46) പറഞ്ഞു. ബൈക്കിൽ ഇടിക്കാതിരിക്കണമെങ്കിൽ ബസ് വലതുവശത്തേക്ക ് വെട്ടിക്കാനാണ് തോന്നിയത്. ബസ്വെട്ടിച്ചതോടെ പാലത്തിെൻറ കൈവരിയിലിടിച്ചു. കൈവരി തകർന്ന് ബസ് പുഴയിലേക്ക് വീഴുന്നതിനിടയിൽ താൻ പുറത്തേക്ക് തെറിച്ചുവീണു. ഡോർ തുറന്നാണോ ഗ്ലാസ് തകർന്നാണോ തെറിച്ചുവീണതെന്ന് അറിയില്ല. തെറിച്ചുവീണ തനിക്കുപിറകെ തന്നെ ബസ് താഴോട്ട് വീഴുന്നത് കണ്ടിരുന്നു. താൻ വീണതിന് അടുത്തുതന്നെയാണ് ബസും വീണത്. അൽപം കൂടി മാറിയിരുന്നെങ്കിൽ ബസ് വീഴുന്നത് തെൻറ ദേഹത്താകുമായിരുന്നുവെന്നും ഭയത്തോടെ അദ്ദേഹം പറഞ്ഞു. അപകടം നടക്കുേമ്പാൾ ബസിൽ ക്ലീനറുണ്ടായിരുന്നു. യാത്രക്കാർ എത്രപേരുണ്ടായിരുന്നുവെന്ന് അറിയില്ല.
കൂത്തുപറമ്പ്, പാനൂർ, പാറാട്, പാറക്കടവ്, നാദാപുരം വഴിയാണ് ബസ് പെരിങ്ങത്തൂരിലെത്തിയത്. അപകടത്തിെൻറ ശബ്ദം കേട്ട് ഒാടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അവരാണ് തന്നെ പുഴയിൽനിന്ന് രക്ഷപ്പെടുത്തി മുകളിലെത്തിച്ചത്. അവിടെനിന്ന് പൊലീസ് ജീപ്പിലാണ് ആശുപത്രിയിൽ കൊണ്ടുവന്നത് -അദ്ദേഹം പറഞ്ഞു. ഡ്രൈവർ ദേവദാസിെൻറ ഇടതുകൈ എല്ല് പൊട്ടിയ നിലയിലാണ്. അടിയന്തര ശസ്ത്രക്രിയ നടത്തി. 20 വർഷത്തിലേറെയായി ടൂറിസ്റ്റ് ബസ് ഡ്രൈവറാണ് ദേവദാസ്. അഞ്ചു വർഷമായി ലാമ ടൂറിസ്റ്റ് ബസാണ് ഒാടിക്കുന്നത്. ഇതുവരെ ഒരപകടവും വരുത്തിയിട്ടില്ലെന്നും ഡ്രൈവർ പറഞ്ഞു.
പാലം അപകടത്തിലെന്ന് വ്യാപക പരാതി
പെരിങ്ങത്തൂർ: വർഷങ്ങളുടെ പഴക്കമുള്ള പെരിങ്ങത്തൂർ പാലം അപകടാവസ്ഥയിലാണെന്ന പ്രദേശവാസികളുടെ മുറവിളിക്ക് പരിഹാരം കാണാത്തതിെൻറ ഫലമാണ് ബസ് പുഴയിലേക്ക് മറിഞ്ഞതെന്ന് പരാതി. പാലത്തിെൻറ കൈവരികൾ പല ഭാഗത്തും തകർന്ന് സുരക്ഷിതമല്ലാത്ത നിലയിലാണ്. അപകടം നടന്നതിെൻറ അടിസ്ഥാനത്തിൽ അടിയന്തരമായി പാലത്തിെൻറ അറ്റകുറ്റപ്പണി നടത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
