മലപ്പുറം അരീക്കോട് കോഴി വേസ്റ്റ് പ്ലാന്റിൽ വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു
text_fieldsഅരീക്കോട് (മലപ്പുറം): ഊർങ്ങാട്ടിരിയിൽ കോഴിമാലിന്യ സംസ്കരണ പ്ലാന്റിലെ ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് അന്തർസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം. അസം സ്വദേശികളായ സമദ് അലി (20), ഹിതേഷ് ശരണ്യ (46), ബിഹാര്‍ സ്വദേശി വികാസ് കുമാര്‍ (29) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11ഓടെ ഊർങ്ങാട്ടിരി കളപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെ.ടി ഹാച്ചറിയിലാണ് സംഭവം.
പ്ലാന്റിലെ സ്ഥിരം ജീവനക്കാരായ മൂവരെയും രാവിലെ മുതൽ കാണാതായിരുന്നു. മറ്റു ജീവനക്കാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് അകത്ത് നടത്തിയ തിരച്ചിലിലാണ് മൂവരെയും ടാങ്കിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. ടാങ്ക് വെട്ടിപ്പൊളിച്ച് പ്ലാന്റിലെ തൊഴിലാളികളും നാട്ടുകാരും ഇവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്ലാന്റിലെ വാട്ടർ ലെവലും മറ്റും പരിശോധിക്കാനുള്ള ചുമതലയുണ്ടായിരുന്നത് സമദ് അലിക്കാണ്. ഇയാളെ രക്ഷിക്കാൻ ശ്രമിക്കവെയാണ് ഹിതേഷും വികാസും ടാങ്കിൽ വീണതെന്നാണ് പ്രാഥമിക നിഗമനം. കോഴിമാലിന്യം സംസ്കരിക്കുന്ന പ്ലാന്റിലെ 5000 ലിറ്ററിന്റെ പ്ലാസ്റ്റിക് ടാങ്കിലെ വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് സൂചന. പൊലീസും അഗ്നിരക്ഷാസേനയും ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് അധികൃതർ, റവന്യൂ-മാലിന്യ സംസ്കരണ ബോർഡ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി.
മൂന്നു പേരുടെയും മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ടാങ്കിൽ ഇറങ്ങേണ്ട ആവശ്യമില്ലെന്നാണ് പ്ലാന്റ് നടത്തിപ്പുകാർ പറയുന്നത്. കൊണ്ടോട്ടി ഡിവൈ.എസ്.പി സന്തോഷ്, അരീക്കോട് എസ്.എച്ച്.ഒ സിജിത്ത് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

