കൊല്ലം: പത്തനാപുരത്ത് വിഡിയോ പകർത്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട പെൺകുട്ടിയെ കാണാതായി. രണ്ടുപേരെ രക്ഷിച്ചു. പത്തനംതിട്ട കൂടൽ മനോജ് ഭവനിൽ അപർണയെയാണ് കാണാതായത്. കുണ്ടയം 'അഞ്ജന'യിലെ അനുഗ്രഹ, സഹോദരൻ അനുഭവ് എന്നിവരെ രക്ഷിച്ചു. കാണാതായ കുട്ടിക്കായി നാട്ടുകാരും കൊല്ലത്തുനിന്നെത്തിയ സ്കൂബ ടീമും പത്തനാപുരം അഗ്നിരക്ഷ സേനയും തിരച്ചിൽ തുടരുകയാണ്.
ശനിയാഴ്ച രാവിലെ 11ഓടെ കല്ലടയാർ കുണ്ടയം കുറ്റിമൂട്ടിൽ കടവിലാണ് അപകടം. സുഹൃത്തായ അനുഗ്രഹയുടെ വീട്ടിലെത്തിയതായിരുന്നു അപർണ. അനുഗ്രഹയുടെ സഹോദരൻ അഭിനവിനൊപ്പം കടവിലേക്ക് പോയതാണ് ഇരുവരും.
പുഴയിലിറങ്ങിയ അനുഗ്രഹയുടെയും അപർണയുടെയും വിഡിയോ അഭിനവ് പകർത്തുന്നതിനിടെ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നെന്നാണ് അറിയുന്നത്. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഭിനവും ഒഴുക്കിൽപ്പെട്ടു. കടവിൽനിന്ന് ഏകദേശം രണ്ടു കിലോമീറ്റർ അകലെ മീൻപിടിക്കുന്നവരാണ് അനുഗ്രഹയെയും അനുഭവിനെയും രക്ഷിച്ചത്.