വടക്കഞ്ചേരി: മുടപ്പല്ലൂർ കരിപ്പാലിക്ക് സമീപം ടൂറിസ്റ്റ് ബസും ടെംപോ ട്രാവലറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. 17 പേർക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരം.
വടക്കഞ്ചേരി-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ ഞായറാഴ്ച രാവിലെ 11.30ഓടെയാണ് നാടിനെ നടുക്കിയ അപകടം. ആലപ്പുഴ ചേർത്തല ആർത്തുങ്കൽ ചമ്പക്കാട് വീട്ടിൽ പൈലി (75), ഭാര്യ റോസിലി (65) എന്നിവരാണ് മരിച്ചത്. ടെംപോ ട്രാവലിലെ യാത്രക്കാരാണ് ഇരുവരും. ട്രാവലറിലെ 12 പേർക്കും ടൂറിസ്റ്റ് ബസിലെ അഞ്ചുപേർക്കുമാണ് പരിക്കേറ്റത്.
തിരുവല്ലയിൽനിന്ന് പഴനിയിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും വേളാങ്കണ്ണിയിൽനിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ടെംപോ ട്രാവലറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ മരിച്ച പൈലി-റോസിലി ദമ്പതികളുടെ മറ്റു മക്കൾ: പ്രിൻസി, റിൻസി. മരുമക്കൾ: സാമുവൽ, പീറ്റർ.