ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് മരണം
text_fieldsഅഞ്ചൽ (കൊല്ലം): ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങിവന്ന ആന്ധ്ര സ്വദേശികൾ സഞ്ചരിച്ച മിനിബസും എതിരെവന്ന ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ യാത്രികരായ മൂന്ന് പേർ മരിച്ചു. ഓട്ടോ ഡ്രൈവർ അഞ്ചൽ തഴമേൽ ചൂരക്കുളം കുരിശടിക്കവല അക്ഷയ് ഭവനിൽ അക്ഷയ് (മഹി-23), തഴമേൽ ജ്യോതി ഭവനിൽ ജ്യോതിലക്ഷ്മി (21) , കരവാളൂർ നീലാമ്മാൾ പള്ളി വടക്കതിൽ ശ്രുതി ലക്ഷ്മി (16) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച പുലർച്ചെ ഒന്നോടെ അഞ്ചൽ-പുനലൂർ പാതയിൽ മാവിളയിലാണ് അപകടം നടന്നത്. അക്ഷയ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റുള്ളവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഗ്നിരക്ഷാസേന എത്തിയാണ് ഇടിയുടെ ആഘാതത്തിൽ തകർന്ന ഓട്ടോയിൽ നിന്നും മൂവരേയും പുറത്തെടുത്തത്.
സഹോദരിമാരുടെ മക്കളാണ് ജ്യോതി ലക്ഷ്മിയും ശ്രുതി ലക്ഷ്മിയും. ഖത്തറിൽ ജോലിയുള്ള ശ്രുതി ലക്ഷ്മിയുടെ മാതാവിനെ വിമാനത്താവളത്തിൽ യാത്രയാക്കിയ ശേഷം തിരികെ അഞ്ചൽ എത്തി കരവാളൂരിലെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. കരവാളൂർ എ.എം.എം.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ശ്രുതി ലക്ഷ്മി. പിതാവ്: സുനിൽ, മാതാവ്: ബിനി. സഹോദരി: ജയലക്ഷ്മി.ബംഗളൂരുവിൽ അവസാന വർഷ നഴ്സിങ് വിദ്യാർഥിനിയാണ് ജ്യോതി ലക്ഷ്മി. പിതാവ്: രഘു. മാതാവ്: ബിന്ദു. സഹോദരൻ: അനിക്കുട്ടൻ. അഞ്ചൽ ചന്തമുക്കിലെ ഓട്ടോഡ്രൈവറാണ് അക്ഷയ്. പിതാവ് : മണിക്കുട്ടൻ, മാതാവ്: രാജി. സഹോദരി: അക്ഷര.
മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

