ആറുദിവസം ജോലിയെടുത്താൽ മൂന്നുദിവസം അവധി; വിവാദ സർക്കുലർ പരിശോധിക്കാൻ നിർദേശം
text_fieldsതിരുവനന്തപുരം: ആറ് ദിവസം ജോലിയെടുക്കുന്ന ഉദ്യോഗസ്ഥർക്ക് മൂന്നുദിവസം അവധി നൽകാനുള്ള വനംവകുപ്പിന്റെ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് സർക്കാർ. സർക്കുലർ പുറത്തുവന്നത് സംബന്ധിച്ച് പരിശോധിക്കാൻ നിർദേശം നൽകി. വനം മന്ത്രി എ.കെ. ശശീന്ദ്രൻ വിളിച്ച ഉന്നതതലയോഗത്തിൽ ഇക്കാര്യം പരിശോധിക്കാൻ വനംമേധാവി ഗംഗാസിങ്ങിനെ ചുമതലപ്പെടുത്തി. ഗംഗാസിങ് അവധിയിൽ പോയ സമയത്താണ് ചുമതലയുണ്ടായിരുന്ന വൈൽഡ് ലൈഫ് വാർഡൻ ഇതുസംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്.
സർക്കാറിന്റെയോ വകുപ്പ് മന്ത്രിയുടെയോ അനുമതിയില്ലാതെ വനംവകുപ്പ് ആസ്ഥാനത്തുനിന്നാണ് സർക്കുലർ പുറത്തിറക്കിയത്. പൊതുഭരണ, ധനവകുപ്പുകളെ അറിയിക്കാതെ അവധി പ്രഖ്യാപിച്ചത് നിയമപരമായും തിരിച്ചടിയാകും. ഫോറസ്റ്റ് സ്റ്റേഷനിലും സെക്ഷനിലും ജോലിചെയ്യുന്ന ഡെപ്യൂട്ടി റെയിഞ്ച് ഓഫിസർ, സെക്ഷൻ ഓഫിസർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ, ഫോറസ്റ്റ് വാച്ചർ തസ്തികകൾക്കാണ് അവധി ആനുകൂല്യം. തുടർച്ചയായി ആറ് ദിവസം ജോലി ചെയ്താൽ ഇവർക്ക് മൂന്നുദിവസം അവധിയെടുക്കാം. ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ അവധി ക്രമീകരണം നടപ്പാക്കാനാണ് നിർദേശം. കഴിഞ്ഞ സർക്കാറിന്റെ പരിഗണനയിലുണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടിയുള്ള സർക്കുലർ നിലവിലെ സർക്കാറോ വകുപ്പ് മന്ത്രിയോ മന്ത്രിയുടെ ഓഫിസോ അറിഞ്ഞിട്ടില്ല. അവധി നൽകുമ്പോൾ 60 ശതമാനം ഹാജർ ഉറപ്പാക്കണമെന്ന നിർദേശമുണ്ടെങ്കിലും ഉദ്യോഗസ്ഥക്ഷാമം നിലനിൽക്കെ ഇത്തരമൊരു ക്രമീകരണം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

