കേരളത്തിൽ മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യത
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ചില സ്ഥലങ്ങളില്‍ ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ് ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മെയ് 6, 7 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട്, പുതുച്ചേരി തീരത്ത് തെക്ക്/തെക്കുപടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 35-45 കിമീ വേഗതയിൽ കാറ്റു വീശുവാൻ സാധ്യതയുണ്ടെന്നും അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മേൽ പറഞ്ഞ മഴയുടെയും കാറ്റിന്‍റെയും സാഹചര്യം പരിഗണിച്ചുകൊണ്ട് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള ഇടുക്കി ജില്ലയിൽ പൊതുജനങ്ങൾ ചുവടെ ചേർക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക.
∙ ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ളതിനാൽ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കുക.
∙ മലയോര മേഖലയിലെ റോഡുകൾക്കു കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാധ്യതയുണ്ട്. ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തരുത്.
∙ മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിനു പോകാതിരിക്കുക.
∙ കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫെയ്സ്ബുക്ക് പേജുകൾ ശ്രദ്ധിക്കുക. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്.
∙ ഒരു കാരണവശാലും നദികൾ, ചാലുകൾ എന്നിവ മുറിച്ചു കടക്കരുത്.
∙ പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കുന്നത് ഒഴിവാക്കുക.
∙ പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുക, പ്രത്യേകിച്ചു കുട്ടികൾ ഇറങ്ങുന്നില്ലെന്നു മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിൽ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക
∙ കാറ്റിന്റെ സാഹചര്യത്തിൽ മരങ്ങളുടെയും ഇലക്ട്രിക് പോസ്റ്റുകളുടെയും താഴെ വാഹനങ്ങൾ നിർത്തിയിടരുത്.
∙ മരങ്ങളുടെ താഴെ മൃഗങ്ങളെ കെട്ടിയിടുന്നതും ഒഴിവാക്കണം.
∙ പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ വെള്ളം കയറാത്തതും എളുപ്പം എടുക്കാൻ പറ്റുന്നതുമായ ഉയര്‍ സ്ഥലത്തു സൂക്ഷിക്കുക.
∙ ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ലെന്നു വീട്ടിലുള്ളവർക്കു നിര്‍ദേശം നൽകുക.
∙ ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങൾ ശ്രദ്ധിക്കുക:
1. തിരുവനന്തപുരം MW (AM Channel): 1161 kHz
2. ആലപ്പുഴ MW (AM Channel): 576 kHz
3. തൃശൂര്‍ MW (AM Channel): 630 kHz
4. കോഴിക്കോട് MW (AM Channel): 684 kHz
∙ ജില്ലാ എമര്‍ജൻസി ഓപ്പറേഷന്‍സ് സെന്റര്‍ നമ്പര്‍ 1077 എന്നതാണ്. ജില്ലയ്ക്കു പുറത്തുനിന്നാണു വിളിക്കുന്നതെങ്കില്‍ അതാതു ജില്ലകളുടെ എസ്ടിഡി കോഡ് ചേര്‍ക്കുക.
∙ പഞ്ചായത്ത് അധികാരികളുടെ ഫോണ്‍ നമ്പര്‍ കയ്യില്‍ സൂക്ഷിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
