ദിവസം മൂന്ന് കഴിഞ്ഞു; അന്തിമ വോട്ടുകണക്ക് പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പോളിങ് പൂർത്തിയായി മൂന്ന് ദിവസം പിന്നിട്ടിട്ടും വോട്ട് രേഖപ്പെടുത്തിയവരുടെ അന്തിമ കണക്ക് പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമീഷൻ. രണ്ട് ദിവസത്തിനകം കമീഷൻ കണക്ക് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ വെള്ളിയാഴ്ച അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
ജില്ലാ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ക്രോഡീകരിക്കുന്നതിലെ കാലതാമസമാണ് വൈകാൻ കാരണമായി കമീഷൻ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. പോസ്റ്റൽ, സർവിസ് വോട്ടുകൾ ഉൾപ്പെടെ ചേരുന്നതോടെയാണ് അന്തിമ പോളിങ് കണക്കുകൾ തയാറാക്കാൻ സാധിക്കുന്നത്. പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇരുപതിനായിരത്തിലധികം ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനായില്ലെന്ന പരാതി നിലനിൽക്കുമ്പോഴാണ് ഇവരുടെ കണക്ക് കൂടി വ്യക്തമാകുന്ന അന്തിമ കണക്കിൽ കമീഷന്‍റെ ‘ചവിട്ടിപിടുത്തം’.
വോട്ട് രേഖപ്പെടുത്താനുള്ള അവസരം നിഷേധിച്ചതിനെതിരെ ജീവനക്കാരുടെ സംഘടനകൾ കോടതിയിലേക്ക് നീങ്ങിയിട്ടുണ്ട്. അവസാന നിമിഷം ഒട്ടേറെ സർക്കാർ ജീവനക്കാർക്ക് പോളിങ് ഡ്യൂട്ടി നൽകിയതാണ് ഇവർക്ക് ബാലറ്റ് നൽകുന്നതിൽ വീഴ്ച വരാൻ കാരണമായത്. ആകെ വോട്ട് ചെയ്തവരുടെ എണ്ണത്തിൽ ഇനിയും വ്യക്തത വരാത്തത് രാഷ്ട്രീയ പാർട്ടികളുടെ കണക്ക് കൂട്ടലിനെയും ബാധിച്ചിട്ടുണ്ട്. അവസാനം പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം സംസ്ഥാനത്തെ പോളിങ് ശതമാനം 78.27 ആണ്. സർവിസ്, പോസ്റ്റൽ വോട്ടുകൾ കൂടി ചേരുന്നതോടെ ഇത് 80 ശതമാനത്തിന് മുകളിലെത്തുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

