മൂന്നുനാൾ; പെയ്തത് 358 ശതമാനം അധികമഴ, ശനിയാഴ്ച 8.30 മുതൽ 24 മണിക്കൂറിൽ ലഭിച്ചത് 769 ശതമാനം അധികമഴ
text_fieldsതൃശൂർ: മൂന്നുദിവസം കൊണ്ട് കേരളത്തിന് ലഭിച്ചത് 358 ശതമാനം അധികമഴ. കഴിഞ്ഞ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ 28.1ന് പകരം 128.6 മില്ലീമീറ്റർ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. സെപ്റ്റംബർ അവസാനത്തിൽ തുടങ്ങി ഒക്ടോബർ ആദ്യപാതിയിൽ മുറുകിയ സമാനമായ മഴ സംസ്ഥാനത്ത് അപൂർവമാണ്. ശനിയാഴ്ച രാവിലെ 8.30 മുതൽ ഞായറാഴ്ച രാവിലെ 8.30 വരെ 24 മണിക്കൂറിൽ കേരളത്തിന് ലഭിച്ചത് 769 ശതമാനം അധിക മഴയാണ്. 9.3ന് പകരം 80.8 മി.മീ മഴ ലഭിച്ചു. പീരുമേട് (292), കാഞ്ഞിരപ്പിള്ളി (266) എന്നിവിടങ്ങളിൽ മഴമാപിനിയിൽ അതിതീവ്രമഴ രേഖപ്പെടുത്തി. കഴിഞ്ഞ 12ന് കരിപ്പൂർ വിമാനത്താവള മേഖല (255), മണ്ണാർക്കാട് (238.2), കോഴിക്കോട് (216) എന്നീ സ്ഥലങ്ങളിൽ ഈ വർഷം ആദ്യമായി ലഭിച്ച അതിതീവ്ര മഴയേക്കാൾ കൂടുതലാണ് പീരുമേടും കാഞ്ഞിരപ്പിള്ളിയിലും ലഭിച്ചത്. 18ന് 10.1ന് പകരം 32.7 മി.മീ മഴയും കേരളത്തിന് ലഭിച്ചു. 224 ശതമാനമാണ് കൂടുതൽ. 16ന് 8.7ന് പകരം 15.1 മി.മീ മഴയാണ് ലഭിച്ചത്. ഇതും 74 ശതമാനം കൂടുതലാണ്. തിങ്കളാഴ്ച വരെ കേരളത്തിൽ 184ന് പകരം 444.9 മി.മീ മഴ ലഭിച്ചു. 142 ശതമാനം മഴയാണ് ഇൗ മാസം ഇതുവെര അധികം ലഭിച്ചത്.
തുലാവർഷത്തിൽ 492 മി.മീ മഴയാണ് ഒക്ടോബർ മുതൽ ഡിസംബർ വരെ ലഭിക്കേണ്ടത്. എന്നാൽ, ഈമാസം ഒന്നുമുതൽ 18വരെ 444.9 മി.മീ ലഭിച്ചുകഴിഞ്ഞു. കാസർകോട് (425.3), കണ്ണൂർ (466.7), കോഴിക്കോട് (546.3) ജില്ലകളിൽ തുലാവർഷത്തിൽ ലഭിക്കേണ്ട മഴയെക്കാൾ അധികം ലഭിച്ചിട്ടുണ്ട്. കോഴിക്കോട് 223 ശതമാനം അധികമഴ കിട്ടി. പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 205 ശതമാനമാണ് അധിക മഴ. ആലപ്പുഴയിലാണ് (66) അധികമഴ ശരാശരിയിൽ കുറവുള്ളത്. തൃശൂരിലെ 96 ശതമാനം മാത്രമാണ് അധികശരാശരി രണ്ടക്കത്തിൽ ഒതുങ്ങിയത്.
തുലാവർഷം: 84 ശതമാനവും കിട്ടി
തിരുവനന്തപുരം: തുലാവര്‍ഷം വന്നതായി കാലാവസ്ഥവകുപ്പ് കണക്കാക്കിയിട്ടില്ലെങ്കിലും തുലാവര്‍ഷക്കണക്കില്‍ കേരളത്തില്‍ ലഭിക്കേണ്ട 84 ശതമാനം മഴയും ഒക്ടോബറില്‍ ആദ്യ 17 ദിവസം കൊണ്ട് ലഭിച്ചു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ചുഴലിക്കാറ്റ് സീസണ് കൂടിയായതിനാല്‍ ഇത്തവണ കൂടുതല്‍ ന്യൂനമര്‍ദവും ചുഴലിക്കാറ്റും പ്രതീക്ഷിക്കുന്നുണ്ട്. ഒക്ടോബര്‍ 20 മുതല്‍ രണ്ടുമൂന്നുദിവസം വ്യാപക മഴക്ക് സാധ്യതയുെണ്ടന്നാണ് പ്രവചനം. ഒറ്റപ്പെട്ട ശക്തമായ മഴയും പെയ്യാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നല്കി. കുട്ടനാട്ടിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ദേശീയ ദുരന്ത പ്രതികരണ സേനയെ ആലപ്പുഴ ജില്ലയിൽ വിന്യസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

