ചെങ്ങന്നൂരിൽ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് വെട്ടേറ്റു
text_fieldsചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന െചങ്ങന്നൂർ മണ്ഡലത്തിലെ പാണ്ടനാട്ടിൽ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് വെട്ടേറ്റു. ഡി.വൈ.എഫ്.ഐ മുറിയായിക്കര യൂനിറ്റ് സെക്രട്ടറി പാണ്ടനാട് നോർത്ത് പുല്ലാംപറമ്പിൽ രാജേഷ് (29), ബന്ധു പാണ്ടനാട് നെട്ടൂർ ബിജേഷ് (27), പാണ്ടനാട് കുട്ടുമത്ര ലക്ഷംവീട് കോളനിയിൽ സുജിത്ത് (29) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തലക്ക് ഗുരുതര പരിക്കേറ്റ ബിജേഷിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകീട്ട് 3.10ന് രാജേഷിെൻറ വീട്ടിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് ബി.ഡി.ജെ.എസ് പ്രവർത്തകരാണ് തങ്ങളെ ആക്രമിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു.
ഏതാനും ദിവസം മുമ്പ് മുറിയായിക്കര രണ്ടാം വാർഡിൽ വഴിവിളക്ക് തെളിക്കാത്തതിൽ പ്രതിഷേധിച്ച് രാജേഷിെൻറ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സമരം നടത്തിയിരുന്നു. ഇതിനുപുറമെ, നേരേത്ത ബി.ഡി.ജെ.എസ് പ്രവർത്തകരായ ബിജേഷും സുജിത്തും ഡി.വൈ.എഫ്.ഐലേക്ക് മാറിയതിെൻറയും വിരോധമാണ് വടിവാളുമായെത്തി ആക്രമിക്കാൻ കാരണമെന്ന് ഇവർ പറഞ്ഞു. ആക്രമണത്തിൽ രാജേഷിെൻറ പുറത്തും സുജിത്തിെൻറ മൂക്കിനും മുറിവുണ്ട്. ബി.ഡി.ജെ.എസ്-ആർ.എസ്.എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. എന്നാൽ, ബിജേഷിെൻറ തലക്ക് പരിക്കേറ്റത് ബിയർ കുപ്പികൊണ്ടുള്ള അടിമൂലമാണെന്ന് വാർഡ് മെംബറും കോൺഗ്രസ് അംഗവുമായ ഫിലോമിന പറഞ്ഞു. സംഘർഷത്തിലുൾപ്പെട്ട എല്ലാവരും ബന്ധുക്കളാണെന്ന് ചെങ്ങന്നൂർ പൊലീസ് അറിയിച്ചു.
അതിനിടെ, സംഘർഷത്തിൽ ബി.ജെ.പിക്കോ സംഘ്പരിവാർ പ്രസ്ഥാനങ്ങൾക്കോ ബന്ധമില്ലെന്ന് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻറ് സജു ഇടക്കല്ലിൽ പറഞ്ഞു. മദ്യലഹരിയിലായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരും ബന്ധുക്കളുമായ ഇവർ പരസ്പരം ആക്രമണം നടത്തുകയാണ് ഉണ്ടായത്. രാഷ്ട്രീയസംഘർഷമായി ചിത്രീകരിച്ച് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള സി.പി.എം തന്ത്രമാണിത്. ആക്രമണ കാരണമെന്തെന്ന് പൊലീസ് നിഷ്പക്ഷമായി അന്വേഷിച്ച് കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.