സീറോ മലബാർ സഭക്ക് പുതിയ മൂന്ന് മെത്രാന്മാർ
text_fieldsകൊച്ചി: സീറോ മലബാർ സഭക്ക് മൂന്ന് ബിഷപ്പുമാർ (മെത്രാൻ) കൂടി. ഡോ. ടോണി നീലങ്കാവിലിനെ തൃശൂർ അതിരൂപതയുടെയും ഡോ. ജോസഫ് പാംബ്ലാനിയെ തലശ്ശേരി അതിരൂപതയുടെയും സഹായ മെത്രാന്മാരായി നിയമിച്ചതിനുപുറമെ സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ കൂരിയ മെത്രാനായി ഫാ. സെബാസ്റ്റ്യൻ വാണിയപ്പുരക്കലിനെയും തെരഞ്ഞെടുത്തു. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ സമാപിച്ച സീറോ മലബാർ സഭ സിനഡിലായിരുന്നു തെരഞ്ഞെടുപ്പ്.
ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനിലും കാക്കനാെട്ട മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയയിലും വെള്ളിയാഴ്ച ഒരേ സമയം പ്രസിദ്ധപ്പെടുത്തി. പുതിയ മെത്രാന്മാരെ നിയമിച്ചുള്ള സീറോ മലബാർസഭയുടെ മേജർ ആർച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ കൽപന കൂരിയ ചാൻസലർ ഫാ. ആൻറണി കൊള്ളന്നൂർ വായിച്ചു. അറിയിപ്പിനുശേഷം മേജർ ആർച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി, തൃശൂർ ആർച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, തലശ്ശേരി ആർച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട്, കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറക്കൽ എന്നിവർ ചേർന്ന് നിയുക്ത മെത്രാന്മാരെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. ആർച് ബിഷപ് മാർ മാത്യു മൂലക്കാട്ട് ആശംസ നേർന്നു.
ഡോ. ടോണി നീലങ്കാവിൽ തൃശൂർ ലൂർദ് കത്തീഡ്രൽ ഇടവകാംഗമാണ്. 1993 ഡിസംബർ 27നാണ് പൗരോഹിത്യം സ്വീകരിച്ചത്. ഉപരിപഠനാർഥം ബെൽജിയത്തിലേക്ക് പോയശേഷം ലുവൈൻ കാത്തലിക് യൂനിവേഴ്സിറ്റിയിൽനിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. 2002ൽ നാട്ടിൽ തിരിച്ചെത്തി തൃശൂർ മേരി മാതാ സെമിനാരിയിൽ അനിമേറ്ററായും ആത്മീയപിതാവായും അധ്യാപകനായും ഡീൻ ഓഫ് സ്റ്റഡീസ് ആയും സേവനമനുഷ്ഠിച്ചു. 2017 മാർച്ചിലാണ് ഇതേ സെമിനാരിയിൽ റെക്ടറായി നിയമിക്കപ്പെട്ടത്.
ജോസഫ് പാംബ്ലാനി തലശ്ശേരി അതിരൂപതയിലെ ചരൽ ഇടവകാംഗമാണ്. 1997 ഡിസംബർ 30ന് പൗരോഹിത്യം സ്വീകരിച്ചു. 2001ൽ ഉപരിപഠനാർഥം ലുവൈന് പോയ നിയുക്ത മെത്രാൻ പ്രസിദ്ധമായ ലുവൈൻ കാത്തലിക് യൂനിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് നേടി. 2006ൽ നാട്ടിൽ തിരിച്ചെത്തി തലശ്ശേരി ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടറായി നിയമിതനായി. ഇപ്പോൾ തലശ്ശേരി അതിരൂപതയുടെ സിൻചെല്ലൂസാണ്.
ഫാ. സെബാസ്റ്റ്യൻ കാഞ്ഞിരപ്പള്ളി രൂപതയിലെ നിർമലഗിരി ഇടവകാംഗമാണ്. 1992 ഡിസംബർ 30ന് പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഹോളിേക്രാസ് യൂനിവേഴ്സിറ്റിയിൽനിന്ന് സഭാനിയമത്തിൽ ഡോക്ടറേറ്റ് നേടി. ഇപ്പോൾ സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ വൈസ് ചാൻസലറാണ്. സീറോ മലബാർ സഭയിലെ രണ്ടാമത്തെ കൂരിയ മെത്രാനാണ് ഫാ. സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ.
പുതുതായി നിയമിക്കപ്പെടുന്ന മൂന്ന് മെത്രാന്മാർ ഉൾപ്പെടെ സീറോ മലബാർ സഭയിലെ മെത്രാന്മാരുടെ എണ്ണം 61 ആണ്. പുതുതായി നിയമിക്കപ്പെട്ട മൂവരുടെയും മെത്രാഭിഷേക തീയതികൾ പിന്നീട് തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
