റേവ് പാർട്ടികൾക്ക് ‘ഡിസ്കോ ബിസ്കറ്റ്’; ഇടനിലക്കാരൻ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
text_fieldsപിടിയിലായ സലാഹുദ്ദീൻ, അമീർ, അർഫാസ്
കൊച്ചി: സ്വകാര്യ റിസോർട്ടുകൾ, ആഡംബര ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് രഹസ്യമായി നടത്തുന്ന റേവ് പാർട്ടികൾക്കായി മയക്കുമരുന്ന് എത്തിച്ചുനൽകുന്ന സംഘത്തിലെ മുഖ്യ ഇടനിലക്കാരൻ ഉൾപ്പെടെ മൂന്നുപേർ എക്സൈസിന്റെ പിടിയിലായി.
കാക്കനാട് പടമുകൾ ഓലിക്കുഴി സ്വദേശി ഓലിക്കുഴി വീട്ടിൽ ഒ.എം. സലാഹുദ്ദീൻ (മഫ്റു-35), പാലക്കാട് തൃത്താല കപ്പൂർ സ്വദേശി പൊറ്റേക്കാട്ട് വീട്ടിൽ അമീർ അബ്ദുൽ ഖാദർ (27), കോട്ടയം വൈക്കം വെള്ളൂർ പൈപ്പ്ലൈൻ സ്വദേശി ചതുപ്പേൽ വീട്ടിൽ അർഫാസ് ഷെരീഫ് (27) എന്നിവരാണ് എറണാകുളം എൻഫോഴ്സ്മെന്റ് അസി. കമീഷണറുടെ സ്പെഷൽ ആക്ഷൻ ടീം, എറണാകുളം ഐ.ബി, എറണാകുളം റേഞ്ച് പാർട്ടി, അങ്കമാലി റേഞ്ച് പാർട്ടി എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്.
ഇവരിൽനിന്ന് 7.5 ഗ്രാം എം.ഡി.എം.എ, ലഹരി ഇടപാടിൽ കിട്ടിയ 1,05,000 രൂപ, മൂന്ന് സ്മാർട്ട് ഫോണുകൾ എന്നിവ പിടിച്ചെടുത്തു. ‘ഡിസ്കോ ബിസ്കറ്റ്’ എന്ന കോഡിലാണ് മയക്കുമരുന്ന് കൈമാറിയിരുന്നത്. രാത്രി മാത്രമാണ് മയക്കുമരുന്നുമായി പുറത്തിറങ്ങിയിരുന്നത്. റേവ് പാർട്ടികളിൽ മയക്കുമരുന്ന് എത്തിക്കുന്നതിന് ചുക്കാൻ പിടിച്ചിരുന്നത് അടിപിടി ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സലാഹുദ്ദീനാണ്. ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിൽനിന്ന് നിശാപാർട്ടികളിൽ രാസലഹരി എത്തുന്നതായി എക്സൈസ് ഇന്റലിജൻസ് റിപ്പോർട്ട് നേരത്തേ തന്നെ ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

