ജയിലിൽ നിന്ന് പരിചയപ്പെട്ടവർ ഒരുമിച്ച് 'കൈത്തൊഴിൽ' തുടങ്ങി; ഒടുവിൽ പിടിയിലായി
text_fieldsകോഴിക്കോട്: വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് പരിചയപ്പെട്ട അസിൻ ജോസും ഷമീറും സലാമും പുറത്തിറങ്ങിയപ്പോഴും പഴയതൊന്നും മറന്നില്ല. നാടുചുറ്റി മോഷണവും പിടിച്ചുപറിയും തുടങ്ങി. ഒടുവിൽ പൊലീസിെൻറ പിടിയിലാകുകയും ചെയ്തു.
കോഴിക്കോട് നഗരത്തിലും പരിസരത്തും കഴിഞ്ഞ നാലു മാസമായി ബൈക്കിലെത്തി സ്ത്രീകളുടെ സ്വർണമാല പിടിച്ചുപറിക്കുന്ന സംഘമാണ് പൊലീസിെൻറ പിടിയിലായത്. നൂറോളം മോഷണ കേസുകളിൽ പ്രതിയായ ഫറോക്ക് പുറ്റേക്കാട് സ്വദേശി സലാം (35), കൊടുങ്ങല്ലൂർ കുറ്റിക്കാട്ടിൽ വീട്ടിൽ ഷമീർ (21), അന്തർ സംസ്ഥാന കുറ്റവാളിയായ ചാലക്കുടി വെറ്റിലപ്പാറ സ്വദേശി അസിൻ ജോസ് (33) എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
ദിവസം മുൻകൂട്ടി തീരുമാനിച്ച് ഷമീറിനേയും കൂട്ടി കോഴിക്കോടും മറ്റും വന്ന് മാല പൊട്ടിച്ച് പോവുകയായിരുന്നു സലാമിെൻറ പതിവുരീതി. 'ഓപറേഷന്' ശേഷം നേരിട്ട് താമസസ്ഥലത്തേക്ക് പോകാതെ അഞ്ചാറ് കിലോമീറ്റർ ദൂരെയുള്ള കാട്ടിലും മറ്റുമായി ബൈക്ക് ഒളിപ്പിച്ചുവെക്കും. സ്ഥിരമായി മാല പൊട്ടിക്കുമ്പോൾ പൊലീസ് പിന്തുടരുന്നത് ഒഴിവാക്കാൻ മോട്ടോർ സൈക്കിൾ മാറ്റും. ഇതു കൂടാതെ തങ്ങളെ തിരിച്ചറിയാതിരിക്കാൻ വണ്ടി ഓടിക്കുന്ന സലാം ഹെൽമറ്റും മാസ്ക്കും ധരിക്കും. പിന്നിലിരിക്കുന്നയാൾ തലഭാഗം മുഴുവൻ മറച്ചുവെക്കാറായിരുന്നു പതിവ്. ക്ഷേത്രത്തിൽ പോവുന്ന സ്ത്രീകളുടെ മാല പൊട്ടിക്കുന്നതിനായി കറുപ്പ് മുണ്ടും വെള്ള തോർത്തുമുണ്ടും കഴുത്തിൽ ചുറ്റി സ്വാമിമാർ എന്ന വ്യാജേനയും ക്ഷേത്രപരിസരങ്ങളിൽ കറങ്ങിനടന്നും മാല പൊട്ടിക്കാറുണ്ട്. പൊലീസിന് പിടികൊടുക്കാതിരിക്കാൻ ഫോൺ ഉപയോഗിക്കാതെയായിരുന്നു പ്രവർത്തനം.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ എല്ലാ പിടിച്ചുപറികളും നടത്തിയത് ഒരേ സംഘങ്ങളെന്ന് മനസ്സിലാക്കിയ പൊലീസ് ഇവർ മോഷണത്തിന് ഉപയോഗിച്ച വാഹനത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. പുറ്റേക്കാട് സലാം ചില കേസുകളിൽ ജയിൽ മോചിതനായ ശേഷം വ്യത്യസ്ത ജില്ലകളിൽ മാറിമാറി വാടക വീട്ടിൽ താമസിച്ചെന്ന് കണ്ടെത്തുകയും തേഞ്ഞിപ്പലത്തുവെച്ച് ബലപ്രയോഗത്തിലൂടെ പിടികൂടുകയുമായിരുന്നു. മാല പൊട്ടിക്കാൻ പിൻസീറ്റിൽ ഉണ്ടായിരുന്നത് എറണാകുളത്ത് ഭണ്ഡാര മോഷണക്കേസുകളിൽ പ്രതിയായ കൊടുങ്ങല്ലൂർ സ്വദേശി ഷമീറാണെന്ന് വ്യക്തമായി. ഇയാളെ കരിപ്പൂർ വിമാനത്താവളത്തിനടുത്തുള്ള സലാമിെൻറ വാടക വീട്ടിൽവെച്ച് അറസ്റ്റ് ചെയ്തു. ബൈക്ക് മോഷണത്തിനും സ്വർണം വിൽക്കാനും സഹായിച്ച അസിൻ ജോസിനെയും വലയിലാക്കി.
പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കുന്നത്തുപാലത്തുനിന്ന് സ്ത്രീയുടെ കഴുത്തിൽനിന്ന് എഴര പവൻ സ്വർണമാലയും മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിൽപ്പെട്ട അരയിടത്തുപാലം, മോർച്ചറി റോഡ് എന്നിവിടങ്ങളിൽനിന്ന് മറ്റു ചില മാലകളും പ്രതികൾ പൊട്ടിച്ചിരുന്നു. നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ബിലാത്തിക്കുളം, തിരുത്തിയാട്, എരഞ്ഞിപ്പാലം, ജാഫർഖാൻ കോളനി, സഹകരണ ഹോസ്പിറ്റലിെൻറ പാർക്കിങ് ഇടവഴി എന്നിവിടങ്ങളിൽനിന്നും സ്വർണമാല പിടിച്ചുപറിച്ചു. എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട അത്താണിക്കലിൽ മാല പൊട്ടിച്ചതും പൊലീസിനോട് സമ്മതിച്ചു. കോഴിക്കോട് നഗരത്തിലും സമീപപ്രദേശത്തിലും നടന്ന എല്ലാ മാലപൊട്ടിക്കൽ കേസുകളിലും തുമ്പുണ്ടായെന്ന് നോർത്ത് അസി. കമീഷണർ കെ. അഷ്റഫ് പറഞ്ഞു. പ്രതികൾ വളാഞ്ചേരി, എടപ്പാൾ ഭാഗങ്ങളിൽനിന്ന് രണ്ട് മിനിലോറികൾ മോഷ്ടിച്ചതായും സൂചന ലഭിച്ചിട്ടുണ്ട്.
സിറ്റി പൊലീസ് െഡപ്യൂട്ടി കമീഷണർ സുജിത്ത് ദാസിെൻറ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും നടക്കാവ് പൊലീസ് ഇൻസ്പെക്ടർ ബിശ്വാസും സബ് ഇൻസ്പെക്ടർമാരായ എസ്.ബി കൈലാസ് നാഥ്, വി. ദിനേശൻ കുമാർ, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, എം. ഷാലു ഷഹീർ പെരുമണ്ണ, എ.വി. സുമേഷ്, ശ്രീജിത്ത് പടിയാത്ത്, എം. മുഹമ്മദ് ഷാഫി എന്നിവർ ചേർന്നാണ് പ്രതികളെ പിടിച്ചത്. ചേർന്നതാണ് അന്വേഷണ സംഘം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

