ഭീഷണിയും അനുനയവും വിഫലം; കളംവിടാതെ വിമതപ്പട
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പാർട്ടി നേതൃത്വങ്ങൾ ഭീഷണിയും സമ്മർദവും അനുനയവുമടക്കം പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഒട്ടുമിക്ക വിമതരും തെരഞ്ഞെടുപ്പ് കളമൊഴിഞ്ഞില്ല. ഇതോടെ സിറ്റിങ് സീറ്റുകളിലടക്കം പലയിടത്തും എതിരാളികൾക്കൊപ്പം സ്വന്തം പാളയത്തിലുള്ളവരെയും അതിജീവിച്ചുവേണം മിക്കവർക്കും ജയിച്ചുകയറാൻ. സി.പി.എം, കോൺഗ്രസ്, സി.പി.ഐ, മുസ്ലിം ലീഗ്, ബി.ജെ.പി എന്നീ പാർട്ടികളിലെല്ലാം വിമതരുണ്ട്. കൂടുതൽ വിമതരുള്ള കോൺഗ്രസും സി.പി.എമ്മും വലിയ സമ്മർദം ചെലുത്തിയിട്ടും ഒറ്റപ്പെട്ടവർ മാത്രമാണ് പിൻവാങ്ങിയത്.
വിമതരായ ഏതാണ്ടെല്ലാവരെയും സി.പി.എം പുറത്താക്കി. പത്രിക സ്വീകരിച്ചവരുടെ കണക്കിൽ 125 ല്‍ അധികം വിമതരാണ് യു.ഡി.എഫിന് ഉണ്ടായിരുന്നത്. അതില്‍ ചിലരെ അനുനയിപ്പിക്കാന്‍ കഴിഞ്ഞു. എൽ.ഡി.എഫിൽ 70ഓളം പേരുണ്ടെന്നാണ് കണക്ക്. അതിൽ ചിലർക്ക് വധഭീഷണി ഉണ്ടായത് വാർത്തയായിരുന്നു. എൻ.ഡി.എക്ക് കടുത്ത വിമതശല്യം ഇല്ലെന്നുപറയാം. തിരുവനന്തപുരം കോർപറേഷനിലടക്കം സി.പി.എമ്മിനും കോൺഗ്രസിനും വിമതർ തലവേദനയാണ്. ഇടതുമുന്നണിക്ക് അഞ്ചിടത്താണ് വിമതശല്യം. യു.ഡി.എഫിലും സമാനമാണ് വിമതർ. ജില്ലയിലെ ആറ്റിങ്ങൽ, നെയ്യാറ്റിൻകര, നെടുമങ്ങാട് മുനിസിപ്പാലിറ്റികളിലും ചിറയിൻകീഴ് അടക്കം ബ്ലോക്ക് പഞ്ചായത്തുകളിലും ചില ഗ്രാമപഞ്ചായത്തുകളിലും മുന്നണികൾക്ക് വിമതരുണ്ട്.
കൊല്ലം ജില്ലയിൽ കൂടുതൽ വിമതരുള്ളത് യു.ഡി.എഫിലാണ്. പരവൂർ നഗരസഭയിലെ നാലിടത്തും കൊട്ടിയം ബ്ലോക്കിലും ഓച്ചിറ പഞ്ചായത്തിലും ലീഗിന് സ്ഥാനാർഥിയുണ്ട്. കൊല്ലം കോർപറേഷനിൽ ലീഗിനെതിരെ കോൺഗ്രസ് വിമതനുണ്ട്. കൊച്ചി കോർപറേഷനിൽ പത്തിടത്താണ് യു.ഡി.എഫിന് വിമതഭീഷണിയുള്ളത്. എട്ടിടത്ത് കോൺഗ്രസിന്‍റെയും രണ്ടിടത്ത് ലീഗിന്‍റെയും സ്ഥാനാർഥികൾക്കെതിരെയാണ് വിമതരുള്ളത്. രണ്ടിടത്ത് ബി.ജെ.പിക്കും ഒരിടത്ത് ഐ.എൻ.എല്ലിനും വിമതരുണ്ട്. ജില്ല പഞ്ചായത്ത് കടമക്കുടി ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി. ഇതിനെതിരെ സ്ഥാനാർഥി ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്.
തൃശൂർ കോർപറേഷനിൽ ഒരിടത്തും ഗുരുവായൂർ നഗരസഭയിൽ രണ്ടിടത്തുമാണ് ഇടതുമുന്നണിക്ക് വിമതരുള്ളത്. അതേസമയം, യു.ഡി.എഫിന് തൃശൂർ കോർപറേഷനിൽ മൂന്ന് ഡിവിഷനുകളിൽ വിമതരുണ്ട്. കോഴിക്കോട് കോർപറേഷൻ ഡിവിഷനുകളിൽ എൽ.ഡി.എഫിലും യു.ഡി.എഫിലും രണ്ട് വീതം വിമതരുണ്ട്. വയനാട്ടിൽ യു.ഡി.എഫ് വിമതൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ പത്രിക പിൻവലിച്ചു. സംസ്ഥാന നേതാക്കൾ ഇടപെട്ടതോടെയാണ് പിന്മാറ്റം. അതേസമയം, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർക്കെതിരെ കോണ്‍ഗ്രസ് നേതാവ് വിമതനായുണ്ട്.
പാലക്കാട് ജില്ലയിൽ പലയിടത്തും സി.പി.എമ്മും സി.പി.ഐയും ഒറ്റക്ക് മത്സരിക്കുന്നു. പാലക്കാട് നഗരസഭയിൽ രണ്ടിടത്ത് എൽ.ഡി.എഫിന് സ്ഥാനാർഥികളില്ല. കാവശ്ശേരിയിൽ രണ്ട് സി.പി.എം സ്ഥാനാർഥികളുടെ പത്രിക തള്ളിയതിനാൽ ഡമ്മികൾ സ്ഥാനാർഥികളായി. മണ്ണാർക്കാട് നഗരസഭയിൽ പി.കെ. ശശി അനുകൂലികളായ 10 പേർ ഇടതുമുന്നണിക്കെതിരെ വിമതരായി രംഗത്തുണ്ട്. മലപ്പുറം ജില്ലയിൽ യു.ഡി.എഫിലും എൽ.ഡി.എഫിലും വിമതഭീഷണിയുണ്ട്. കാസർകോട് നീലേശ്വരം നഗരസഭയിൽ ഇരുമുന്നണികളിലും ഓരോ വിമതർ മത്സര രംഗത്തുണ്ട്. ഇടുക്കി ജില്ലാ പഞ്ചായത്ത് ഡിവിഷനിലും തൊടുപുഴ, കട്ടപ്പന മുനിസിപ്പാലിറ്റികളിലും യു.ഡി.എഫിനാണ് വിമതശല്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

