എട്ടു ലക്ഷം രൂപ ബ്ലഡ് മണി ആയി നൽകണമെന്ന് ഡോ. വി.പി. ഗംഗാധരന് ഭീഷണി സന്ദേശം; പൊലീസ് അന്വേഷണം തുടങ്ങി
text_fieldsകൊച്ചി: പണം നൽകണമെന്നാവശ്യപ്പെട്ട് പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ധൻ ഡോ. വി പി ഗംഗാധരന് ഭീഷണി. മുംബൈയിലെ ‘സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ്’ എന്ന പേരിൽ അയച്ച കത്തിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഡോ. ഗംഗാധരന്റെ ചികിത്സാ പിഴവില്‍ പെണ്‍കുട്ടി മരിക്കാന്‍ ഇടയായെന്നും തുടര്‍ന്ന് കുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്‌തെന്നുമാണ് കത്തിലെ ആരോപണം. തപാല്‍ വഴി മേയ് 17ന് ലഭിച്ച കത്തിന്റെ പശ്ചാത്തലത്തില്‍ ഡോ. ഗംഗാധരന്‍ മരട് പൊലീസില്‍ പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണം നടത്തിവരുന്നു.
നീതി തേടി പെണ്‍കുട്ടിയുടെ പിതാവ് തങ്ങളെ സമീപിച്ചത് പ്രകാരമാണ് ഇടപെടലെന്നാണ് കത്തില്‍ സംഘം അവകാശപ്പെടുന്നത്. കത്തില്‍ നൽകിയ ലിങ്ക് അല്ലെങ്കില്‍ ക്യു.ആര്‍ കോഡ് വഴി ബിറ്റ് കോയിന്‍ ആയി 8.25 ലക്ഷം രൂപ നല്‍കണം എന്ന് കത്തിൽ ആവശ്യപ്പെടുന്നു.
പണം നൽകിയില്ലെങ്കില്‍ ഡോക്ടറുടെയും കുടുംബത്തിന്റെയും ജീവന്‍ അപകടത്തിലാക്കുമെന്നും കത്തിൽ ഭീഷണിയുണ്ട്. ഡോക്ടറുടെ പരാതിയില്‍ ഭീഷണിപ്പെടുത്തല്‍, വധഭീഷണി, പണം തട്ടിയെടുക്കല്‍ ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സൈബര്‍ സെല്‍, തപാല്‍ വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഡിജിറ്റല്‍ പേമെന്റ് ലിങ്കും ക്യു.ആര്‍ കോഡും സൈബര്‍ സെല്‍ വഴി കണ്ടെത്താനാണ് നീക്കം. കത്ത് അയച്ച പോസ്റ്റ് ഓഫിസ് നിർണയിക്കാന്‍ തപാല്‍ വകുപ്പ് രേഖകള്‍ പരിശോധിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

