'ശബരിമലയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവാ... കാണിച്ചുതരാം'; സീനിയർ സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെൻഷൻ
text_fieldsRepresentational AI Image
പത്തനംതിട്ട: സീനിയർ സിവിൽ പൊലീസ് ഓഫിസറെ (സി.പി.ഒ) ഫോണിൽ ഭീഷണിപ്പെടുത്തിയ പൊലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ല സെക്രട്ടറി നിഷാന്ത് ചന്ദ്രന് സസ്പെൻഷൻ.
പത്തനംതിട്ട ജില്ല പൊലീസ് മേധാവിയാണ് നടപടി എടുത്തത്. തിരുവല്ല പൊലീസ് സ്റ്റേഷനിലെ പുഷ്പ ദാസിനെയാണ് നിഷാന്ത് ഭീഷണിപ്പെടുത്തിയത്. പൊലീസ് അസോ. തയാറാക്കിയ പട്ടിക മറികടന്ന് ശബരിമല ഡ്യൂട്ടി വാങ്ങിയെന്നാരോപിച്ചായിരുന്നു ഭീഷണി. ഇതിന്‍റെ ശബ്ദരേഖ പുറത്തുവന്നിരുന്നു.
‘അസോസിയേഷനെ വെല്ലുവിളിച്ചാണ് സന്നിധാനത്ത് ഡ്യൂട്ടിക്ക് പോയത്, ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോൾ കാണിച്ചുതരാ’മെന്നായിരുന്നു നിഷാന്തിന്‍റെ ഭീഷണി. അസഭ്യം പറയുന്നതും ശബ്ദരേഖയിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് സന്ദേശം പൊലീസ് ഗ്രൂപ്പുകളിൽ പ്രചരിച്ചത്. ഇതിൽ ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിയോട് റിപ്പോർട്ട് തേടിയിരുന്നു.
അടുത്തിടെ തിരുവല്ലയിൽനിന്നും ചിറ്റാറിലേക്ക് നിഷാന്ത് ചന്ദ്രനെ സ്ഥലം മാറ്റിയിരുന്നു. നിലവിൽ പുഷ്പദാസ് ശബരിമല ഡ്യൂട്ടിയിലാണ്. ഇരുവരും തമ്മിൽ പൊലീസ് അസോ. പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുമ്പും പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

