കഞ്ചാവുമാഫിയയുടെ ഭീഷണി: നാടുവിടാനൊരുങ്ങി പ്രവാസി മലയാളി
text_fieldsകോട്ടയം: കഞ്ചാവുമാഫിയ സംഘത്തിെൻറ ഭീഷണിമൂലം കള്ളുഷാപ്പും റസ്റ്റാറന്‍റും അടങ്ങിയ സംരംഭം ഉപേക്ഷിച്ച് നാടുവിടാനൊരുങ്ങുകയാണെന്ന് പ്രവാസി മലയാളി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഏറ്റുമാനൂർ-നീണ്ടൂർ റോഡിൽ കിഴക്കേച്ചിറ കള്ളുഷാപ്പും മൂക്കൻസ് മീൻചട്ടി എന്ന റസ്റ്റാറന്‍റും നടത്തുന്ന ആറുമാനൂർ ഇല്ലത്തുപറമ്പിൽ ജോർജ് വർഗീസാണ് പരാതിക്കാരൻ.
അയർലൻഡിൽനിന്ന് 'കള്ളിനറി ആർട്ട്' കുക്കറി കോഴ്സ് പഠിച്ച് കാറ്ററിങ് നടത്തുകയായിരുന്ന ജോർജ് വർഗീസ് നാട്ടിൽ തിരിച്ചെത്തിയാണ് 35 ലക്ഷം രൂപ ചെലവിട്ട് പുതിയ സംരംഭം തുടങ്ങിയത്. ഫോർ സ്റ്റാർ ഹോട്ടൽ ജോലി പരിചയമുള്ള മൂന്നു ഷെഫുകൾ ഉൾപ്പെടെ 18 പേർ ഇവിടെ ജോലിചെയ്യുന്നുണ്ട്. അതിരമ്പുഴ കോട്ടമുറി കോളനിയിലെ കഞ്ചാവ് മാഫിയ നിരന്തരം വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഭക്ഷണം കഴിക്കാനെത്തുന്നവരെ മർദിക്കുകയും വാഹനങ്ങൾ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.
ഭക്ഷണം കഴിച്ചാൽ പണം തരില്ല. കുടുംബമായി എത്തുന്നവരെ ശല്യപ്പെടുത്തും. കത്തിയുമായാണ് റസ്റ്റാറന്‍റിൽ വരുക. ചോദ്യം ചെയ്താൽ മർദിക്കും. ഇവരെ പേടിച്ച് ജീവനക്കാർ ജോലി ഉപേക്ഷിക്കുന്ന സാഹചര്യമാണ്. ഭക്ഷണം കഴിക്കാൻ എത്തുന്നവരുടെ എണ്ണം കുറഞ്ഞു. ക്രിമിനലുകൾക്കെതിരെ നടപടിയെടുത്ത് സ്ഥാപനത്തിനു സംരക്ഷണം ഉറപ്പാക്കിയില്ലെങ്കിൽ താൻ അയർലൻഡിലേക്കു തിരിച്ചുപോവുമെന്നും യൂറോപ്യൻ പൗരത്വം സ്വീകരിക്കുമെന്നും ജോർജ് വർഗീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

