തട്ടിപ്പിന്റെ പുതിയ രൂപം: പാകിസ്താന് രഹസ്യ വിവരങ്ങൾ നല്‍കിയവരുടെ പട്ടികയില്‍ പേരുണ്ടെന്ന് പറഞ്ഞ് ഭീഷണി; മലയാളിക്ക് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ രൂപ
text_fieldsകൊച്ചി: പാകിസ്താന് രഹസ്യ വിവരങ്ങൾ നല്‍കിയവരുടെ പട്ടികയില്‍ പേരുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയതായി പരാതി. ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകിയവരുടെ പേരിൽ എറണാകുളം സ്വദേശിയായ 60 കാരന്റെ പേരുണ്ടെന്ന് പറഞ്ഞാണ് ഇയാളിൽ നിന്ന് 1.05 കോടി രൂപ തട്ടിയെടുത്തത്.
കഴിഞ്ഞ 13ന് ലഖ്നോവിലെ പൊലീസ് ഇൻസ്പെക്ടറാണെന്ന് പറഞ്ഞായിരുന്നു ഒരാൾ വാട്സ്ആപിൽ ഇയാളെ വിഡിയോ കോൾ ചെയ്തത്. ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വിവരങ്ങൾ പാകിസ്താന് ചോർത്തിക്കൊടുക്കാൻ സഹായിച്ച 151 പേരുടെ ലിസ്റ്റിൽ പേരുണ്ടെന്നായിരുന്നു ഭീഷണി.
ഇത്തരത്തിൽ രഹസ്യങ്ങൾ ചോർത്തി നൽകിയതിന് ആസിഫ് ഫൗഇം എന്നയാളുടെ പക്കൽനിന്നും 55 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്നും തട്ടിപ്പ് നടത്തിയയാൾ പറയുകയായിരുന്നു. ഇത് പരിശോധിക്കുന്നതിന് തങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബാങ്കിലുള്ള മുഴുവൻ തുകയും ട്രാൻസ്ഫർ ചെയ്യണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
തന്നില്ലെങ്കിൽ ജീവന് ഭീഷണി ആകുമെന്നും ഇയാൾ ഫോണിലൂടെ വെളിപ്പെടുത്തി. ഭീഷണിയിൽ ഭയന്ന എറണാകുളം സ്വദേശി ബാങ്ക് അക്കൗണ്ടിലെ മുഴുവൻ പണവും പറഞ്ഞ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തുകൊടുത്തു. തുടർന്ന് വിവരങ്ങൾ ഇദ്ദേഹം ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞപ്പോഴാണ് നടന്നത് വെർച്വൽ അറസ്റ്റ് ആണെന്ന് അദ്ദേഹത്തിന് മനസിലായത്. തുടർന്ന് കളമശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

