'പ്രസ്ഥാനത്തെ വിമർശിച്ചതിനാണ് ടി.പിയെ തുണ്ടം തുണ്ടമാക്കിയത്, എന്തിനും മടിക്കാത്ത പാർട്ടിയാണ്'; മീഡിയവണ്‍ മാനേജിങ് എഡിറ്റര്‍ക്കെതിരായ കൈവെട്ട് ഭീഷണിയിൽ സി.പി.എം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് കെ.കെ.രമ
text_fieldsകോഴിക്കോട്: വിമർശിക്കുന്നവരെ ടി.പി ചന്ദ്രശേഖരനെ പോലെ നേരിടാനാണ് സി.പി.എം നീക്കമെന്നും മീഡിയവണ്‍ മാനേജിങ് എഡിറ്റര്‍ സി. ദാവൂദിനെതിരായ കൈവെട്ട് ഭീഷണിയിൽ സി.പി.എം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും കെ.കെ. രമ എം.എൽ.എ പറഞ്ഞു. മറ്റൊരാൾ പറയുന്ന വിയോജിപ്പ് കൂടി രേഖപ്പെടുത്താനുള്ളതാണ് ജനാധിപത്യം. ഭീഷണിപ്പെടുത്തി ഇല്ലാതാക്കി എത്രകാലം പാർട്ടിക്ക് മുന്നോട്ട് പോകാനാകുമെന്നും രമ ചോദിച്ചു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന പാർട്ടിയാണ് കൈവെട്ടുമെന്നും കാൽ വെട്ടുമെന്നും ഭീഷണിപ്പെടുത്തുന്നത്. ഇവര്‍ ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് രമ ചോദിക്കുന്നു. പ്രസ്ഥാനത്തെ വിമർശിച്ചതിനും പ്രസ്ഥാനത്തിന്റെ വഴിവിട്ട സമീപനങ്ങളെ തുറന്ന് കാട്ടിയതിനുമാണ് ടി.പി ചന്ദ്രശേഖരനെ തുണ്ടം തുണ്ടമായി വെട്ടിയരിഞ്ഞത്. എന്തിനും മടിക്കാത്ത പാർട്ടിയാണ് സി.പി.എമ്മെന്നും രമ പറഞ്ഞു.
' സി.ദാവൂദ് ഒരു വിമർശനം ഉന്നയിച്ചതാണ്. പാർട്ടിക്കെതിരെയുള്ള വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണുകയോ, ശരിയാണെങ്കിൽ തിരുത്തുകയോ ചെയ്യുക എന്ന സമീപനം എടുക്കുന്നതിന് പകരം വിമർശിക്കുന്ന ആളെ ഇല്ലാതക്കാം എന്ന് പറയുന്ന പാർട്ടിനയവുമായാണ് സി.പി.എം മുന്നോട്ട് പോകുന്നത്. ഇങ്ങനെ മുന്നോട്ട് പോയാൽ വിജയൻ മാഷ് പറഞ്ഞപോലെ പാർട്ടിയിൽ ആളുണ്ടാകില്ലെന്ന കാര്യത്തിൽ സംശയം വേണ്ട. എത്രയെത്ര ഉദാഹരണങ്ങളുണ്ടായിട്ടും അതിൽ നിന്നും പാഠം ഉൾക്കൊള്ളാൻ പാർട്ടി തയാറല്ല.
ഗുണ്ടായിസം മാത്രമാണ് ഒരു പ്രസ്ഥാനത്തിന്റെ കൈമുതലെന്നതാണ് പ്രധാന കാര്യം. വണ്ടൂരിൽ നടത്തിയ പ്രകടത്തിനെക്കുറിച്ച് സി.പി.എം നേതൃത്വത്തിന്റെ സമീപനം എന്താണെന്ന് വ്യക്തമാക്കണം. സംസ്ഥാന സെക്രട്ടറിയുൾപ്പടെയുള്ളവർ ഇതിനെ അനുകൂലിക്കുന്നുണ്ടോ എന്ന കാര്യമടക്കമറിയാൻ പൊതുജനത്തിന് താൽപര്യമുണ്ട്. മറ്റൊരാൾ പറയുന്ന വിയോജിപ്പ് കൂടി രേഖപ്പെടുത്താനുള്ളതാണ് ജനാധിപത്യം. ഇന്നത്തെ കാലത്ത് ആരെയെങ്കിലും ഭീഷണിപ്പെടുത്തി ഇല്ലാതാക്കാനാകുമോ?. .ഇങ്ങനെ എത്രകാലം പാർട്ടിക്ക് മുന്നോട്ട് പോകാനാകും. പ്രത്യേകിച്ചും ഈ സോഷ്യൽമീഡിയ കാലത്ത് അഭിപ്രായം രേഖപ്പെടുത്താൻ വേറെ മാർഗത്തിലേക്ക് പോകേണ്ട കാര്യമില്ല. വിമർശനങ്ങൾ ഇനിയും പറയും. അവരെയൊക്കെ ഇല്ലാതാക്കാനാണ് വ്യാമോഹമെങ്കിൽ അതങ്ങ് കൈയിൽ വെച്ചാൽ മതി'-രമ മീഡിയവണിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

