സിമന്റിലൂടെ ഒഴുകിയത് കോടികൾ; തൊഴിലുറപ്പ് പദ്ധതിയിൽ നടന്നത് വൻ ക്രമക്കേട്
text_fieldsകോഴിക്കോട്: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നടന്നത് വൻ ക്രമക്കേടുകൾ. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ (എം.ജി.എൻ.ആർ.ഇ.ജി.എസ്) നിർമാണ പ്രവൃത്തികളിൽ സിമന്റ് വിലയിൽ വൻ ക്രമക്കേട് നടന്നതായും ഇതുവഴി കേന്ദ്ര-സംസ്ഥാന ഖജനാവുകൾക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചെന്നും സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ പരാതി. സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്മെൻറ് (ലോക്കൽ ഫണ്ട് ഓഡിറ്റ് ) പരിശോധനയിൽ കണ്ടെത്തിയ ഗുരുതര അഴിമതികൾ ഉൾപ്പെട്ട റിപ്പോർട്ടും തൊഴിലുറപ്പ് പദ്ധതി ജില്ല ഓംബുഡ്സ്മാൻമാർക്ക് ലഭിച്ച പരാതികളിൽ രേഖകൾ പരിശോധിച്ചും ഹിയറിങ്ങുകൾ നടത്തിയും പുറപ്പെടുവിച്ച ഉത്തരവുകൾ പലതും നടപ്പാക്കാതെ സംസ്ഥാന തൊഴിലുറപ്പ് മിഷൻ അവഗണിച്ചതായാണ് രേഖകൾ തെളിയിക്കുന്നത്.
യഥാർഥ വിപണിയിൽ 365-395 രൂപക്ക് ലഭിക്കുന്ന 50 കിലോ സിമന്റ് ബാഗിന് തൊഴിലുറപ്പ് പദ്ധതി മുഖേന 739.20 രൂപ വരെ നൽകിയെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. പഞ്ചായത്തുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ ചുമതലയുള്ള കേരള സ്റ്റേറ്റ് ഓഡിറ്റ് (ലോക്കൽ ഫണ്ട് ഓഡിറ്റ്) വകുപ്പിന്റെ റിപ്പോർട്ടുകളിലും സമാനമായ ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും ഇവ എം.ജി.എൻ.ആർ.ഇ.ജി.എസ് സംസ്ഥാന മിഷൻ കാര്യമായി പരിഗണിക്കുകയോ തിരുത്തൽ നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്നതാണ് ഗുരുതര വീഴ്ച.
ഒരേ ജില്ലയിൽ ഒരേ അളവ് സിമന്റിന് രണ്ട് തരം വില എന്നതാണ് രസകരമായ മറ്റൊരു വസ്തുത. സർക്കാറിന്റെ തദ്ദേശ സ്വയംഭരണ എൻജിനീയറിങ് വിഭാഗം ഉപയോഗിക്കുന്ന ‘പ്രൈസ്’ (PRICE) സോഫ്റ്റ്വേറിൽ ചില ജില്ലകളിൽ പ്രത്യേക കാലയളവിൽ വില 480 രൂപ മാത്രമായിരിക്കെ, തൊഴിലുറപ്പ് വിഭാഗം ഉപയോഗിക്കുന്ന ‘സെക്യുർ’ സോഫ്റ്റ്വേറിൽ 723 രൂപയാണ് രേഖപ്പെടുത്തിയത്. ഒരു പഞ്ചായത്തിൽ രണ്ടു പ്രവൃത്തികൾ നടക്കുമ്പോൾ തദ്ദേശസ്ഥാപനങ്ങൾ ചെയ്യുന്ന പ്രവൃത്തിക്ക് ഉപയോഗിക്കുന്ന സിമന്റിന്റെ ഇരട്ടി വിലയാണ് തൊട്ടടുത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉപയോഗിക്കുന്ന സിമന്റിന്റെ വില എന്നതാണ് വിചിത്രം.
ജി.എസ്.ടി ബില്ലിലെ വിലയും എൽ.എം.ആർ നിരക്കും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ ഏതാണോ കുറവ് ആ നിരക്കിൽ മാത്രമേ പണം നൽകാവൂ എന്ന് 2019ൽതന്നെ മിഷൻ ഡയറക്ടർ എല്ലാ പ്രോഗ്രാം ഓഫിസർമാർക്കും സർക്കുലർ വഴി വ്യക്തമായ നിർദേശം നൽകിയിരുന്നു. ഇതിനുപുറമെ, വിവിധ ജില്ലകളിലെ എം.ജി.എൻ.ആർ.ഇ.ജി.എസ് ഓംബുഡ്സ്മാൻമാർ വിപണി വിലയേക്കാൾ കൂടുതൽ സിമന്റിന് നൽകരുതെന്ന് ആവർത്തിച്ച് ഉത്തരവുകളും നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം ഉത്തരവുകൾ സംസ്ഥാനവ്യാപകമായി നടപ്പാക്കാൻ മിഷൻ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. സാധനങ്ങളുടെ നിരക്കുകൾ നിശ്ചയിക്കാനും അവലോകനം ചെയ്യാനും ചുമതലയുള്ള ഉദ്യോഗസ്ഥർ മുതൽ ബ്ലോക്ക് പ്രോഗ്രാം ഓഫിസർമാർ, ജില്ല മിഷൻ ഉദ്യോഗസ്ഥർ തുടങ്ങി സംസ്ഥാന തൊഴിലുറപ്പ് മിഷൻ തലം വരെയുള്ളവരുടെ വീഴ്ചയിൽ നടപടി ആവശ്യം ഉയരുകയാണ്.
തദ്ദേശതലത്തിൽ പ്രവർത്തിക്കുന്ന വില്ലേജ് റിസോഴ്സ് പേഴ്സന്മാരും (വി.ആർ.പി) ബ്ലോക്ക് റിസോഴ്സ് പേഴ്സന്മാരും (ബി.ആർ.പി) സിമന്റ് വിലയിലെ ഈ ക്രമക്കേട് സോഷ്യൽ ഓഡിറ്റ് റിപ്പോർട്ടുകളിൽ രേഖപ്പെടുത്തിയിരുന്നെങ്കിലും ഈ കണ്ടെത്തലുകൾ സംസ്ഥാന എം.ജി.എൻ.ആർ.ഇ.ജി.എസ് സോഷ്യൽ ഓഡിറ്റ് വിഭാഗം ബോധപൂർവം അവഗണിക്കുകയാണുണ്ടായത്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നാമമാത്ര തുകയാണ് ചില പഞ്ചായത്തിൽ തിരിച്ചടച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.


