മലയാളി മുറ്റത്ത് വർണംവിതറാൻ തോവാള ഒരുങ്ങി
text_fieldsനാഗർകോവിൽ: ഓണാഘോഷം വാതിൽപ്പടിയിലെത്തിയതോടെ തോവാള പൂവിപണിയിൽ തിരക്കേറി. നാഞ്ചിനാട്ടിലെ തോവാളയിൽ ഇക്കഴിഞ്ഞ 24 മുതൽക്കാണ് പൂവിളി തുടങ്ങിയത്. ആദ്യം മന്ദഗതിയിൽ തുടങ്ങിയ പൂക്കളുടെ വിൽപനക്ക് ഓണമടുത്തതോടെ വേഗതയും വിലയും കൂടി.
നാഗർകോവിലിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെ തിരുനെൽവേലി ദേശീയപാതക്കരുകിലെ തോവാള താലൂക്കിലെ തോവാള പൂച്ചന്തയിലാണ് പ്രധാന വിപണി. പുലർച്ചെ ഒത്തുകൂടുന്ന പൂചന്ത ഉച്ചയോടെ പിരിയും. തോവാള ഗ്രാമത്തിനു ചുററുമുള്ള നാലു കിലോമീറ്റർ ചുറ്റളവിലുള്ള പൂപ്പാടത്തെ വിവിധതരം പൂക്കൾക്കൊപ്പം മധുര, ദിണ്ഡുഗൽ, ഉൗട്ടി, ഹൊസൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് പൂക്കൾ ഇവിടെ വിൽപനക്കെത്തുന്നുണ്ട്. അതത് ദിവസത്തെ മാർക്കറ്റ് അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്.
കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ മാത്രല്ല മലേഷ്യ, സിംഗപ്പൂർ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലും തോവാളപൂവിന് പ്രിയമേറെയാണ്. പിച്ചി, വാടാമല്ലി, കൊഴുന്ന്, വിവിധതരം അരളിപൂക്കൾ, ജമന്തി, കോഴിപ്പൂവ്, തുളസി, പച്ച, മേരിഗോൾഡ് തുടങ്ങിയവ പ്രാദേശികമായി കൃഷിചെയ്യുമ്പോൾ റോസാപ്പൂവ്, മുല്ല തുടങ്ങിയവ മറ്റ് സ്ഥലങ്ങളിൽനിന്നാണ് തോവാളയിൽ എത്തുന്നത്. ബുധനാഴ്ച രാവിലെ പൂക്കളുടെ വിലയിൽ നേരിയ വർധനയുണ്ടായി.
കിലോക്ക് മുല്ല 220, പിച്ചി 325, വെള്ള അരളി 160, റോസ് 150, വാടാമല്ലി 80, മേരിഗോൾഡ് 55, മേരിഗോൾഡ് ഓറഞ്ച് 65, ജമന്തി വെള്ള 25, തുളസി 25, ചമ്മങ്കി 110, താമര അഞ്ച്, കോഴിപ്പൂവ് 55 എന്നീ നിരക്കിലാണ് വില. ഒരുകാലത്ത് താമരപ്പൂവിെൻറ ഈറ്റില്ലമായിരുന്ന കന്യാകുമാരി ജില്ലയിൽ ഇത്തവണ കാലവർഷം ചതിച്ചതോടെ ജില്ലയിലെ കുളങ്ങൾ വറ്റിയതുകാരണം താമരപ്പൂവ് പുറത്തുനിന്നുമാണ് എത്തിക്കുന്നത്. കൂടാതെ കന്യാകുമാരി ജില്ലയിൽ കുളങ്ങളിൽ താമര വളർത്തുന്നത് നേരേത്ത കോടതി വിലക്കിയിട്ടുമുണ്ട്.
അത്തം തുടങ്ങി ആറുദിവസം കഴിയുമ്പോൾ കഴിഞ്ഞ കാലങ്ങളിൽ പൂ വാങ്ങാൻ തോവാളയിൽ കണ്ടിരുന്ന തിരക്കിന് ഇത്തവണ മങ്ങലേറ്റതായി ചില കച്ചവടക്കാർക്ക് അഭിപ്രായമുണ്ട്. പൂ കർഷകർക്ക് വേണ്ടത്ര വില ലഭിക്കുന്നില്ല എന്ന പരാതിയും വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
