മകരജ്യോതി ദർശന പുണ്യവുമായി ഭക്തസഹസ്രങ്ങൾ
text_fieldsശബരിമല: ഭക്തസഹസ്രങ്ങൾക്ക് ആത്മ സായുജ്യമായി മകരജ്യോതി ദർശനം. തൊഴുകൈകളുമായി കാത്തുനിന്ന ഭക്തരുടെ കണ്ഠങ്ങളിൽനിന്ന് അലയടിച്ച ശരണാരവങ്ങളുടെ നടുവിൽ പൊന്നമ്പലമേട്ടിൽ മകരജ്യോതി ദൃശ്യമായതോടെ ഭക്തരുടെ ഒരു വർഷം നീണ്ട കാത്തിരിപ്പിന് വിരാമമായി.
ശ്രീകോവിലിൽ തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനക്ക് പിന്നാലെയാണ് അകലെ മകരവിളക്ക് തെളിഞ്ഞത്. ഒരേ മനസ്സോടെ ശരണമന്ത്രങ്ങളുരുവിട്ട് നിന്ന ഭക്തർക്ക് മുന്നിൽ മൂന്നുതവണ മകരവിളക്ക് മിന്നിത്തെളിഞ്ഞു. ദീപാരാധന സമയത്ത് ആകാശത്ത് ഉദിച്ചുയർന്ന മകരനക്ഷത്രവും ഭക്തരുടെ മനം കുളിർപ്പിച്ചു.
മകരനക്ഷത്രവും മകരജ്യോതിയും കണ്ട് കൂപ്പുകൈകളോടെ നിന്ന ഭക്തസഹസ്രങ്ങൾ ഉച്ചത്തിൽ ശരണം മുഴക്കി. പന്തളം കൊട്ടാരത്തിൽനിന്നും ഘോഷയാത്രയായി പുറപ്പെട്ട് ശരംകുത്തിയിൽ എത്തിയ തിരുവാഭരണ ഘോഷയാത്രയെ ആചാരപരമായി സന്നിധാനത്തേക്ക് വരവേറ്റു.
പതിനെട്ടാം പടിക്ക് മുകളിലെ കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, അംഗങ്ങൾ, ദേവസ്വം കമീഷണർ, ശബരിമല സ്പെഷൽ കമീഷണർ എന്നിവർ ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി ശ്രീകോവിലിന് മുന്നിൽ എത്തിച്ചു.
തുടർന്നാണ് തിരുവാഭരണം ചാർത്തി ദീപാരാധന നടന്നത്. സർവാഭരണ വിഭൂഷിതനായ അയ്യപ്പന്റെ ദീപാരാധന മകരസംക്രമ സന്ധ്യയ്ക്ക് മാറ്റുകൂട്ടി. മകരവിളക്ക് ദർശിച്ച് അനുഗ്രഹം ഏറ്റുവാങ്ങാൻ പതിനായിരങ്ങളാണ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും തടിച്ചു കൂടിയിരുന്നത്.
പാണ്ടിത്താവളം, മാഗുണ്ട അയ്യപ്പ നിലയം, മാളികപ്പുറം, കൊപ്രക്കളം, അന്നദാന മണ്ഡപത്തിനുസമീപം എന്നിവിടങ്ങളാണ് ദർശനത്തിന് സജ്ജീകരിച്ചിരുന്നത്. ബാരിക്കേഡ് ഉപയോഗിച്ച് തീർഥാടകരുടെ സുരക്ഷയും ഉറപ്പാക്കിയിരുന്നു.
ഓരോ സ്ഥലത്തും ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് സുരക്ഷക്ക് നേതൃത്വം നൽകിയത്. മകരവിളക്ക് ദർശനത്തിനുശേഷം തിരുവാഭരണം ചാർത്തിയുള്ള അയ്യപ്പനെ കാണാനും ഇരുമുടി ഇല്ലാതെ എത്തിയ ഭക്തരുടെ തിരക്ക് അനുഭവപ്പെട്ടു. വടക്കേനട വഴിയാണ് ഭക്തരെ പ്രവേശിപ്പിച്ചത്.