മണ്ഡലപൂജ കണ്ടുതൊഴുത് ഭക്തസഹസ്രങ്ങൾ; മകരവിളക്ക് മഹോത്സവത്തിന് 30ന് വീണ്ടും നട തുറക്കും
text_fieldsശബരിമല: തങ്കഅങ്കി ചാർത്തിയുള്ള മണ്ഡലപൂജയും കണ്ടുതൊഴുത് ഭക്തസഹസ്രങ്ങൾ മലയിറങ്ങിയതോടെ 41 ദിനം നീണ്ട മണ്ഡലകാല തീർഥാടനത്തിന് സമാപനമായി. മണ്ഡലപൂജദിനമായ ചൊവ്വാഴ്ച പുലർച്ചയോടെ തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മികത്വത്തില്‍ പഞ്ചപുണ്യാഹം നടത്തി ദേവഗണങ്ങളെയും മലദേവതകളെയും പാണികൊട്ടി ഉണര്‍ത്തി.
തുടര്‍ന്ന് ബ്രഹ്മകലശപൂജയും കളഭാഭിഷേകവും നടത്തി. ശ്രീകോവിലിലും ഉപദേവതകള്‍ക്കും നിവേദ്യം സമര്‍പ്പിച്ച് ഭൂതഗണങ്ങള്‍ക്ക് ഹവിസ്സുതൂകി. ഉച്ചക്ക് 12.30നും ഒന്നിനും മധ്യേയുള്ള മുഹൂര്‍ത്തത്തിൽ തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജയും തുടർന്ന് ദീപാരാധനയും നടന്നു.
തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. അനന്തഗോപന്‍, അംഗം അഡ്വ. എസ്.എസ്. ജീവന്‍, സ്‌പെഷല്‍ കമീഷണര്‍ മനോജ്, എ.ഡി.എം വിഷ്ണുരാജ്, എ.ഡി.ജി.പിയും ശബരിമല പൊലീസ് ചീഫ് കോഓഡിനേറ്ററുമായ എം.ആര്‍. അജിത്കുമാര്‍, ആലപ്പുഴ ജില്ല കലക്ടർ വി.ആർ. കൃഷ്ണതേജ എന്നിവര്‍ ദര്‍ശനത്തിന് എത്തിയിരുന്നു. രാത്രി 10ന് ഹരിവരാസനം പാടി നടയടച്ചതോടെ ശരണമന്ത്രധ്വനികളുയർന്ന ഒരു മണ്ഡലകാലത്തിനുകൂടി ശുഭപര്യവസാനമായി. മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകീട്ട് അഞ്ചിന് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം നടക്കുന്നത്. മകരവിളക്ക് ഉത്സവത്തിനായി തുറക്കുന്ന നട രാജപ്രതിനിധിയുടെ ദർശനശേഷം ജനുവരി 20ന് രാവിലെ അടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

