നോട്ടീസുമായി വന്നാൽ മുട്ട് വിറക്കുമെന്ന് കരുതിയോ? ഇ.ഡിയോട് മുഖ്യമന്ത്രിയുടെ ചോദ്യം
text_fieldsകണ്ണൂർ: കിഫ്‌ബിക്കെതിരായ ഇ.ഡി നോട്ടീസിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്‌ബിക്കെതിരെ നോട്ടീസുമായി വന്നാൽ മുട്ട് വിറക്കുമെന്നാണോ കരുതിയതെന്നായിരുന്നു കണ്ണൂരില്‍ എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം ചോദിച്ചത്. ഇതുകൊണ്ടൊന്നും നാടിന്‍റെ വികസനത്തിന് തടയിടാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെമുതൽ തന്നെ പശ്ചാത്തല സൗകര്യ വികസനത്തിനാണ് ഈ പണം ചെലവഴിക്കുക എന്ന് പറഞ്ഞിട്ടുണ്ട്. അത്തരം പദ്ധതികൾക്ക് വേണ്ടി പണം ചെലവഴിച്ചിട്ടുണ്ട്, ഭൂമി ഏറ്റെടുത്തിട്ടുണ്ട്. നോട്ടീസ് അയച്ചവർ അതിന്റെതായ മന:സംപ്തൃപ്തിയിൽ നിൽക്കുക എന്നേ ഉള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിലൂടെ നാടിന്‍റെ വികസനത്തെ തകർക്കാമെന്ന് കരുതരുത്. ഇ.ഡി നോട്ടീസ് തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബി നടത്തിയത് ഭൂമിക്കച്ചവടമല്ല. പശ്ചാത്തല സൗകര്യവികസനം ആണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് പോലെയല്ല കിഫ്ബി പ്രവര്‍ത്തിച്ചത്. ഏറ്റെടുക്കുന്ന ഭൂമി അതാത് ആവശ്യങ്ങള്‍ക്ക് മാത്രമെ ഉപയോഗിക്കുന്നുള്ളൂ. റിസര്‍വ് ബാങ്കിന്റെ മാനദണ്ഡം അണുകിട വ്യത്യാസം വരുത്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബി മസാല ബോണ്ട് കേസിലാണ് മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ് അയച്ചത്. ഇതിൽ വിശദീകരണവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രംഗത്തെത്തിയിരുന്നു. 2672.6 കോടി രൂപയാണ് കിഫ്ബി മസാലബോണ്ട് വഴി സമാഹരിച്ചത്. ഇത് ഉപയോഗിച്ച് സ്ഥലം വാങ്ങിയത് ഫെമ ചട്ടലംഘനമാണ് എന്നാണ് ഇ.ഡി കണ്ടെത്തൽ. കിഫ്ബിയുടെ പേരിലാണ് ഭൂമി വാങ്ങിയിരുന്നത്. കഴിഞ്ഞ മാസം 12നാണ് ഇ.ഡി മുഖ്യമന്ത്രി അടക്കം നാല് പേർക്ക് നോട്ടീസ് അയച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനകാര്യമന്ത്രി തോമസ് ഐസക് എന്നിവരടക്കം ഉള്ളവർക്കാണ് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ചവർ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും അഭിഭാഷകൻ മുഖേന വിശദീകരണം നൽകിയാൽ മതിയെന്നും ഇ.ഡി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

