തോട്ടട കൊലപാതകം: ബോംബ് നിർമിച്ചത് മിഥുനെന്ന് പൊലീസ്
text_fieldsകണ്ണൂര്‍: തോട്ടടയില്‍ വിവാഹാഘോഷത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ട കേസില്‍ ബോംബ് നിര്‍മിച്ചത് മിഥുനെന്ന് പൊലീസ്. മിഥുന്‍ കുറ്റംസമ്മതിച്ചതായി കണ്ണൂര്‍ എ.സി.പി പി.പി.സദാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് പ്രതികളായ അക്ഷയ്, ഗോകുൽ എന്നിവർ ബോംബ് നിർമിക്കാൻ സഹായിച്ചെന്നും മിഥുൻ മൊഴി നൽകി. ഇന്നലെയാണ് കേസിലെ പ്രധാനപ്രതിയായ മിഥുൻ എടക്കാട് സ്റ്റേഷനിൽ കീഴടങ്ങിയത്.
ബോംബുണ്ടാക്കിയ സ്ഥലവും ബോംബുണ്ടാക്കാനുപയോഗിച്ച സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടവും കണ്ടെത്തിയതായും എസിപി അറിയിച്ചു. ബോംബുണ്ടാക്കിയിതും പരീക്ഷണം നടത്തിയതും മിഥുന്റെ വീടിന്റെ പരിസരത്താണ്. കൂടുതല്‍ പ്രതികളെ സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും എ.സി.പി പറഞ്ഞു.
ബോംബ് പൊട്ടിയില്ലെങ്കില്‍ വാള്‍ ഉപയോഗിച്ചും എതിര്‍സംഘത്തെ നേരിടണമെന്ന പദ്ധതി തയാറാക്കിയതായി സൂചനയുണ്ട്. ഇതുപ്രകാരം സുഹൃത്തായ കാടാച്ചിറ സ്വദേശി സനാദിനെ മിഥുന്‍ വിളിച്ചുവരുത്തിയെന്നും മൊഴിയിലുണ്ട്.ഏച്ചൂര്‍ സ്വദേശി ഗോകുല്‍ ഇന്നലെ കസ്റ്റഡിയിലായിരുന്നു. കേസില്‍ ഒന്നാംപ്രതി അക്ഷയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ സഞ്ചരിച്ച വെള്ള ട്രാവലര്‍ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബോംബുമായി എത്തിയ സംഘത്തില്‍പ്പെട്ട ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. സംഘം എറിഞ്ഞ ബോംബ് അബദ്ധത്തില്‍ സംഘാംഗമായ ജിഷ്ണുവിന്റെ തലയില്‍ വീണ് പൊട്ടുകയായിരുന്നു. കേസില്‍ പിടിയിലായ മൂന്നുപേരും മരിച്ചയാളുടെ സുഹൃത്തുക്കളാണ്. വിവാഹവീട്ടിലെ തര്‍ക്കത്തിന് പിന്നാലെ മിഥുനും കൂട്ടാളികളും വലിയരീതിയിലുള്ള ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

