ദുരന്തം കാതോർത്ത് കഴിയുന്നവർ; ഒടുവിൽ കരിഞ്ഞൊടുങ്ങാൻ വിധി
text_fieldsഅപകടം ഉണ്ടാകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മുണ്ടത്തിക്കോട് പടക്ക നിർമാണ ശാലയിൽനിന്ന് പകർത്തിയ കരാറുകാരൻ സതീശിന്റെ ചിത്രം
തൃശൂർ: ഉത്സവ കാലങ്ങളിൽ ആകാശത്ത് മിന്നിമറയുന്ന വർണവിസ്മയങ്ങൾകണ്ട് ആനന്ദിക്കാത്തവർ ചുരുക്കമായിരിക്കും. അത് അണിയിച്ചൊരുക്കുന്ന കരിപുരണ്ട ജീവിതങ്ങൾക്ക് അത്ര ആനന്ദമുള്ള കഥകളല്ല പറയാനുള്ളത്. ജീവിതത്തിൽ ഒരിക്കലെങ്കിലും കരിമരുന്ന് നിർമാണത്തിനിടെ അപകടം പിണയാത്തവർ ഈ മേഖലയിൽ ചുരുക്കം എന്നു തന്നെ പറയാം.
തൃശൂർ പൂരത്തിന് വെടിക്കെട്ട് കരാർ ഏറ്റെടുക്കുന്ന കുടുംബങ്ങളൊക്കെയും ദുരന്തങ്ങളിലൂടെ കടന്നുപോയവരാണ്. സാമ്പിൾ വെടിക്കെട്ട് പരിശോധിക്കുന്നതിനിടെ തല ചിന്നിച്ചിതറി മരണം സംഭവിച്ച കുടുംബങ്ങൾ വരെയുണ്ട്. തീപ്പൊള്ളലേറ്റ് പാതിജീവിതം നയിക്കുന്നവരും കുറവല്ല. വെടിക്കെട്ടിന് മൂന്നുനാൾ ശേഷിക്കേ മുണ്ടത്തിക്കോട് സതീശിലൂടെ ആ ദുരന്തത്തിന്റെ വ്യാപ്തി വീണ്ടും വികസിച്ചിരിക്കുന്നു.
റൗണ്ടിന് ചുറ്റും ബാരിക്കേഡുകൾക്കപ്പുറം പാതിരാവിലും അണിനിരക്കുന്ന പതിനായിരങ്ങളുടെ കണ്ണുകൾക്കും കാതുകൾക്കും വിസ്മയം തീർക്കുന്ന വെടിക്കൊരുക്കുക ജന്മനിയോഗമായി കണ്ടുവന്ന ആളായിരുന്നു മുണ്ടത്തിക്കോട് സതീശ്. പൂരത്തിന് അവസാനംകുറിച്ച് അരങ്ങേറുന്ന വെടിക്കെട്ടിൽ ആർത്തുവിളിക്കുന്ന ജനസാഗരത്തിന്റെ സന്തോഷമാണ് ഈ തൊഴിലിലൂടെ കിട്ടുന്ന വലിയ ആനന്ദമെന്ന് വിശ്വസിച്ചുപോന്ന മനുഷ്യൻ. സതീശിന്റെ സ്വന്തം സ്ഥലത്തായിരുന്നു ആറോളം വെടിപ്പുരകൾ പ്രവർത്തിച്ചുവന്നത്.
24ന് നടക്കേണ്ട സാമ്പിൾ വെടിക്കെട്ടിനുള്ള ഒരുക്കത്തിലായിരുന്നു മുണ്ടത്തിക്കോട് സതീശും സംഘവും. ചൊവ്വാഴ്ച രാവിലെ വാർത്തക്കും ചിത്രങ്ങൾക്കുമായി നിരവധി മാധ്യമപ്രവർത്തകരാണ് മുണ്ടത്തിക്കോട്ടെ സതീശിന്റെ പടക്കനിർമാണ ശാലയിലെത്തിയത്. തങ്ങൾ നഗരത്തിലേക്ക് മടങ്ങിയെത്തി നിമിഷങ്ങൾക്കകം തേടിയെത്തിയ ദുരന്തവാർത്തയിൽ വിറച്ചിരിക്കുകയാണ് മാധ്യമപ്രവർത്തകരും.
വർഷങ്ങളായി തൃശൂർ പൂരത്തിൽ തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് അണിയിച്ചൊരുക്കിയത് മുണ്ടത്തിക്കോട് സതീശായിരുന്നു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ മത്സരിച്ചാണ് പൂരത്തിന് വെടിക്കെട്ട് നടത്താറ്. രഹസ്യങ്ങൾ ഒളിപ്പിച്ചാണ് ഓരോ തവണയും ഇരുവിഭാഗവും വെടിക്കെട്ട് ഒരുക്കുന്നത്. പൂരത്തിന്റെ ചരിത്രത്തിലാദ്യമായി ഇരുവിഭാഗത്തിനും വെടിക്കെട്ട് ഒരുക്കാനുള്ള ഭാഗ്യവും സതീശിനെ തേടി കഴിഞ്ഞ വർഷം എത്തി.
സതീശിന്റെ അച്ഛൻ മണിപാപ്പനും തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരനായിരുന്നു. സാങ്കേതിക പ്രശ്നം മൂലം പാറമേക്കാവിന്റെ വെടിക്കെട്ടു കരാറുകാരന് ലൈസൻസ് നൽകാൻ പ്രയാസം വന്നതോടെ അന്നത്തെ കലക്ടർ വി.ആർ. കൃഷ്ണതേജ ഇടപെട്ട് പാറമേക്കാവിന്റെയും കരാർ സതീശനെ ഏൽപിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം സൗഹൃദ വെടിക്കെട്ടാണ് അരങ്ങേറിയത്. അച്ഛന്റെ മരണശേഷമാണ് സതീശ് കരാർ ഏറ്റെടുത്തു തുടങ്ങിയത്. നെന്മാറ, ഉത്രാളിക്കാവ്, കുറ്റിയങ്കാവ് അടക്കമുള്ള പ്രശസ്ത വെടിക്കെട്ടുകൾ ഏറ്റെടുത്ത് നടത്തിയ പരിചയവും മുണ്ടത്തിക്കോട് സതീശിനുണ്ട്.
ഈ വർഷം പാറമേക്കാവിന്റെ കരാർ പാലക്കാട് സ്വദേശിക്കാണ്. 24ന് നടക്കുന്ന സാമ്പിൾ വെടിക്കെട്ടിനും 27ന് പുലർച്ചെ നടക്കുന്ന വെടിക്കെട്ടിനും വേണ്ടിയുള്ള പടക്ക സാമഗ്രികളാണ് തയാറായിക്കൊണ്ടിരുന്നത്. ‘കുഴിമിന്നി’യടക്കം അത്യുഗ്ര സ്ഫോടന ശേഷിയുള്ള നൂറുകണക്കിന് പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. സതീശനും ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

