ജനങ്ങളോട് മുഖംതിരിക്കുന്നവർ ഇപ്പോഴും സർക്കാർ ഓഫിസുകളിലുണ്ട് -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളോട് വാശിയോടെ മുഖംതിരിക്കുന്ന ചിലരെങ്കിലും ഇപ്പോഴും സർക്കാർ ഓഫിസുകളിലുണ്ടെന്നും ആ സംസ്കാരം അവർ മാറ്റിയെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ചെറിയ വിഭാഗത്തിന് തെറ്റായ കാര്യങ്ങളിലാണ് താൽപര്യം. അതവസാനിപ്പിക്കുന്നതിനുള്ള വലിയ ശ്രമങ്ങളാണ് നാട്ടിലെങ്ങും നടപ്പാക്കിവരുന്നതെന്നും നല്ല ഫലം കണ്ടുതുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൗരകേന്ദ്രീകൃത ഓൺലൈൻ സേവനം ലഭ്യമാക്കാൻ തദ്ദേശ വകുപ്പ് തയാറാക്കിയ കെ-സ്മാർട്ട് ത്രിതല പഞ്ചായത്തുകളിൽ വിന്യസിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സേവനങ്ങൾ സുതാര്യമായി അതിവേഗം ജനങ്ങളിലെത്തിക്കണമെന്നതാണ് സർക്കാർ കാഴ്ചപ്പാട്.
ഭരണത്തിന്റെ സ്വാദ് എല്ലാവരിലേക്കും എത്തണം. മാറിവരുന്ന കാലത്തിനനുസൃതമായ സാങ്കേതികവിദ്യയിലൂടെ സിവിൽ സർവിസിനെ നവീകരിക്കുകയാണ് ലക്ഷ്യം. അതിനുള്ള മികച്ച ഇടപെടലാണ് കെ-സ്മാർട്ട്. ശാസ്ത്രവും സാങ്കേതികവിദ്യകളും മനുഷ്യനന്മക്കും സാമൂഹിക പരിവർത്തനത്തിനും ഉതകുന്നതാകണം. അതിന് സഹായകമാകുംവിധം സാർവത്രിക ലഭ്യത ഉറപ്പുവരുത്തുക പ്രധാനമാണ്. ഒരു വിജ്ഞാന സമ്പദ്വ്യവസ്ഥയും അതിനനുസൃതമായ നൂതന സമൂഹമായി കേരളത്തെ പരിവർത്തനം ചെയ്യാനുമാണ് സർക്കാർ ശ്രമിക്കുന്നത്.
രാജ്യത്ത് ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ഏക സംസ്ഥാനം കേരളമാണ്. അതിനുതകുന്ന തരത്തിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പദ്ധതി തദ്ദേശ സ്ഥാപനങ്ങളിൽ നടന്നുവരികയാണ്. പദ്ധതിയുടെ പൂർത്തീകരണത്തോടെ, ബൃഹത് സേവന ശൃംഖല രൂപപ്പെടും. നിമിഷങ്ങൾക്കുള്ളിൽ വ്യവസായം തുടങ്ങാനാകുന്ന നാടായി കേരളം മാറി. കെ-സ്മാർട്ടിലൂടെ 900ൽ അധികം സർക്കാർ സേവനങ്ങളാണ് ലഭ്യമാകുന്നത്.
941 ഗ്രാമ പഞ്ചായത്തുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 14 ജില്ല പഞ്ചായത്തുകളിലേക്കുമാണ് കെ-സ്മാർട്ട് സേവനം ഇപ്പോൾ വ്യാപിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജനജീവിതത്തിൽ വിപ്ലവകരമായ മാറ്റമാണ് കെ-സ്മാർട്ട് സൃഷ്ടിക്കുന്നതെന്ന് പരിപാടിയിൽ അധ്യക്ഷനായിരുന്ന തദ്ദേശഭരണ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
കെട്ടിട നിർമാണ പെർമിറ്റ് നൽകലിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടിയും കെ- സ്മാർട്ട് സ്കൂൾ ഓഫ് ടെക്നോളജിയുടെയും കെ-സ്മാർട്ട് വിഡിയോ കെ.വൈ.സി വഴി വിവാഹ സർട്ടിഫിക്കറ്റ് നൽകുന്നതിന്റെയും ഉദ്ഘാടനം മന്ത്രി ജി.ആർ. അനിലും നിർവഹിച്ചു.
മന്ത്രി കെ. രാജൻ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ഇൻഫർമേഷൻ കേരള ചീഫ് മിഷൻ ഡയറക്ടർ ഡോ. സന്തോഷ് ബാബു, തദ്ദേശ സ്വയംഭരണ സ്പെഷൽ സെക്രട്ടറി ടി.വി. അനുപമ, പ്ലാനിങ് ബോർഡ് അംഗം പ്രഫ. ജിജു പി. അലക്സ്, തദ്ദേശ ഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എസ്. സാംബശിവ റാവു തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

