മകനെ നഷ്ടപ്പെട്ടവർ ഒരേ വീട്ടിൽ; അമ്മമാരുടെ കണ്ണീർ തോരുന്നില്ല
text_fieldsനിധിൻ രാജിന്റെ മൃതദേഹം നെടുമങ്ങാട് ഉഴമലക്കലെ വസതിയിൽ കൊണ്ടുവന്നപ്പോൾ കാണാനെത്തിയ പൂക്കോട് വെറ്റിനറി കോളജിൽ മരിച്ച സിദ്ധാർഥിന്റെ അമ്മ ഷീബ
തിരുവനന്തപുരം: സിദ്ധാർഥന്റെ അമ്മ, സങ്കടം അലയടിക്കുന്ന നിതിന്റെ വീട്ടിലെത്തിയത് ഹൃദയം തകർക്കുന്ന കാഴ്ചയായി. മിടുക്കരായ മക്കളെ പഠിച്ച് വളരാനായി പറഞ്ഞുവിട്ട കോളജിൽവച്ച് അവരെ നഷ്ടമായ അമ്മമാരുടെ കണ്ണീർ തോരുന്നില്ലല്ലോ. സ്വന്തം മകന് നീതി ലഭിക്കാനായി നിയമപോരാട്ടം നടത്തുന്ന അമ്മ, സമാന സാഹചര്യത്തിൽ മകനെ നഷ്ടമായ മറ്റൊരു അമ്മയുടെ കണ്ണീരൊപ്പാനെത്തിയപ്പോൾ കണ്ടുനിന്നവർക്കും കണ്ണീർ അടക്കാനായില്ല. നിതിന്റെ അമ്മ ലത അനുഭവിക്കുന്ന ഹൃദയവേദന മറ്റാരെക്കാളും നന്നായി മനസിലാകുന്ന സിദ്ധാർഥന്റെ അമ്മ ഷീബ, ഹൃദയവേദനയിലും കുടുംബത്തെ ആശ്വസിപ്പിക്കാൻ ഓടിയെത്തി.
വറ്റാത്ത കണ്ണീരോടെയാണ് സിദ്ധാർഥന്റെ അമ്മ, നിതിന്റെ വീട്ടിൽ ഓരോ നിമിഷവും ചെലവിട്ടത്. മകൻ മരിച്ച ശേഷം എന്തെങ്കിലും ഒരു കാര്യത്തിനായി വീട്ടിൽനിന്ന് പുറത്തിറങ്ങിയത് ഇന്നാണെന്ന് ഷീബ പറഞ്ഞു. ഒരു ചടങ്ങിനും ഞാൻ വീട്ടിൽനിന്ന് പുറത്ത് പോയിട്ടില്ല. പക്ഷേ, ഈ സംഭവം അറിഞ്ഞപ്പോൾ, അതേ അവസ്ഥ അനുഭവിക്കുന്ന അമ്മയെ കാണാൻ എത്തണമെന്ന് തോന്നി. ഞങ്ങൾ എന്ത് പ്രാർഥിച്ചോ അത് നടന്നില്ല. സിദ്ധാർഥിന്റെ കേസിൽ എത്രത്തോളം നീതി നടപ്പായെന്ന് ചോദിച്ച അമ്മ, ഈ നിലയിൽ ശിക്ഷ നടപ്പാകുന്നതിനാൽ തന്നെ കുറ്റങ്ങളും കുറയില്ലെന്ന് കൂട്ടിച്ചേർത്തു.
പൂക്കോട് വെറ്ററിനറി കോളജിലെ കുറ്റക്കാരായ ഡീൻ അടക്കമുള്ള അധ്യാപകരെ തിരിച്ചെടുത്തില്ലേ. അതുപോലെ നിതിന്റെ കേസിലെ അധ്യാപകർക്കുള്ള സസ്പെൻഷനും പുകമറയാണ്. സിദ്ധാർഥിന്റെ കേസിൽ നിയമവും ശിക്ഷയും കൃത്യമായി നടപ്പായിരുന്നെങ്കിൽ സമാന കുറ്റങ്ങൾ ആവർത്തിക്കില്ലായിരുന്നു. കുറ്റവാളികൾക്ക് ഇപ്പോൾ ഒരു പേടിയുമില്ലല്ലോ. എന്ത് ചെയ്താലും ഒന്നും സംഭവിക്കില്ലെന്നും തിരിച്ച് ജോലിയിൽ കയറാമെന്നും അവർക്ക് അറിയാം. സിദ്ധാർഥിന്റെ കാര്യത്തിലും ആദ്യം സ്വാഭാവിക മരണമെന്നാണ് പറഞ്ഞത്. പിന്നീട് പല ദിവസങ്ങളിലായാണ് സത്യം പുറത്തുവന്നത്. മകന് സംഭവിച്ച കാര്യങ്ങൾ വീണ്ടും സംഭവിക്കുമ്പോൾ അത്രത്തോളം ഹൃദയവേദനയുണ്ട്. ഇനിയൊരു കുട്ടിക്കും ഇങ്ങനെ സംഭവിക്കരുതെയെന്ന പ്രാർഥന പങ്കുവച്ചാണ് അവർ കണ്ണീരോടെ മടങ്ങിയത്. മരിച്ച രണ്ടുപേരും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

