ഡോ. സിസ തോമസിന്റെ നിയമനം: എസ്.എഫ്.ഐക്കാരെ പ്രക്ഷോഭത്തിന് ഇറക്കി വിട്ടവർ പരസ്യമായി മാപ്പ് പറയണം -രമേശ് ചെന്നിത്തല
text_fieldsരമേശ് ചെന്നിത്തല
തിരുവനന്തപുരം: പ്രഗൽഭ വിദ്യാഭ്യാസ വിചക്ഷണയായ ഡോ. സിസ തോമസിനെ മൂന്നു വർഷം മുമ്പ് താൽക്കാലിക വിസിയായി നിയമിച്ചതിനെതിരെയും കേരള സർവകലാശാല രജിസ്ട്രാർ ആയിരുന്ന ഡോ. അനിൽകുമാറിന്റെ സസ്പെൻഷനെതിരെയും അക്രമ സമരം നടത്താൻ എസ്.എഫ്.ഐക്ക് നിർദേശം നൽകിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പൊതു സമൂഹത്തോട് പരസ്യമായി മാപ്പുപറയണമെന്ന് രമേശ് ചെന്നിത്തല.
സർവകലാശാലകളുടെ പ്രവർത്തനം സ്തംഭിപ്പിച്ചുകൊണ്ടുള്ള എസ്.എഫ്.ഐ സമരത്തിന് കേരള സർവകലാശാല വളപ്പിലെത്തി സി.പി.എമ്മിന്റെ പിന്തുണ പ്രഖ്യാപിച്ചത് എം.വി. ഗോവിന്ദനായിരുന്നു.
ഗവർണറുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ സമവായ ചർച്ചയിൽ ഡോ. സിസയെ സാങ്കേതിക സർവകലാശാലയിൽ സ്ഥിരം വിസിയായി നിയമിക്കുകയും 'കേരള' രജിസ്‌ട്രാർ അനിൽകുമാറിനെ സർക്കാർ തന്നെ പിൻവലിക്കുകയും ചെയ്തതിലൂടെ സി.പി.എമ്മും അവരുടെ യുവജന സംഘടനകളും അപഹാസ്യരായി മാറി. രജിസ്ട്രാർ അനിൽകുമാറിനെ ബലിയാടാക്കിയ നിലപാടിൽ സി.പി.എം അധ്യാപക സംഘടനകൾ പ്രതികരണം വ്യക്തമാക്കണം.
ഗവർണറും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ രഹസ്യ കരാർ എന്താണെന്ന് വെളിപ്പെടുത്തണം. മുഖ്യമന്ത്രി പ്രൊ-ചാൻസലറായ ഡിജിറ്റൽ സർവകലാശാലയിൽ നടത്തിയ കോടികളുടെ അഴിമതി സംബന്ധിച്ച പരിശോധന ഈ കരാറിലൂടെ അട്ടിമറിക്കപ്പെടുമോ എന്നതും ആരാഞ്ഞറിയേണ്ടതുണ്ട്. അഴിമതി ആരോപണം തന്റെ കുടുംബത്തിലേക്ക് നീണ്ടപ്പോൾ എസ്.എഫ്.ഐക്കാരെ മുഖ്യമന്ത്രി കൈവിട്ടു എന്നാണ് മനസ്സിലാക്കേണ്ടത്. രക്തബന്ധത്തെക്കാൾ വലുതല്ലല്ലോ പാർട്ടി ബന്ധം.
സ്വാർഥ താൽപര്യങ്ങൾ സംരക്ഷിക്കാൻ അനാവശ്യമായ വിദ്യാർഥി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച് സർവകലാശാലകളുടെ പ്രവർത്തനത്തെ സ്തംഭിപ്പിക്കുന്നതുകൊണ്ടാണ് വിദ്യാർഥികൾ ഉപരിപഠനത്തിന് സംസ്ഥാനം വിട്ടുപോകുന്നതെന്ന യാഥാർഥ്യം സി.പി.എം കണ്ണു തുറന്നു കാണണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

