ലോകകപ്പിനിടെ വൈദ്യുതി നിലച്ചു; കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെ ആക്രമിച്ചവർ പിടിയിൽ
text_fieldsമാള (തൃശൂർ): ഫുട്ബാൾ ലോകകപ്പ് മത്സരത്തിന് മുമ്പ് വൈദ്യുതി മുടങ്ങിയതിലുള്ള വൈരാഗ്യത്താൽ അന്നമനട കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിൽ അതിക്രമിച്ചുകയറി ജീവനക്കാരനെ മർദിക്കുകയും ക്യാബിൻ അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. ആലത്തൂർ വെണ്ണൂർപാടം തേക്കുംകാട്ടിൽ വീട്ടിൽ ഗിരീഷ് (37), അമ്പാടൻ വീട്ടിൽ മണി (41), അമ്പഴക്കാട് വീട്ടിൽ അഭിജിത്ത് (26), പള്ളിപ്പാട് വീട്ടിൽ അരുൺ (26), വാഴേലിത്തറ വീട്ടിൽ കമലേഷ് (42) എന്നിവരെയാണ് മാള പൊലീസ് പിടികൂടിയത്.
ബുധനാഴ്ച രാത്രി 11.55ഓടെയാണ് സംഭവങ്ങളുടെ തുടക്കം. അർജന്റീന-ഇംഗ്ലണ്ട് സെമിഫൈനൽ മത്സരം കാണാൻ തയാറെടുക്കുന്നതിനിടെ വൈദ്യുതി മുടങ്ങിയതിലുള്ള വൈരാഗ്യത്താൽ പ്രതികൾ അന്നമനട കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിലേക്ക് മതിൽചാടി അതിക്രമിച്ചുകയറി വടികൊണ്ട് ക്യാബിൻ അടിച്ചുതകർത്തു. ഓഫിസ് സാമഗ്രികൾ തകർത്ത സംഘം വിവരം അന്വേഷിച്ച ഓപറേറ്ററായ കുഴൂർ പാറപ്പുറം സ്വദേശി കോട്ടായി വീട്ടിൽ നിഥിനെ (37) യാതൊരു പ്രകോപനവും കൂടാതെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപിക്കുകയായിരുന്നു. ശേഷം ഇവർ ഓഫിസിൽനിന്നും രക്ഷപെട്ടു.
ഓഫിസിലെ ക്യാബിൻ തകർത്തതിലൂടെ ഏകദേശം 10,000 രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പരാതി. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും പ്രതികൾക്കെതിരെ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

