പൊലീസിനെക്കൊണ്ട് മാപ്പ് പറയിച്ച തൊപ്പിപ്പാള ജാഥ
text_fieldsതൊടുപുഴ: സ്വാതന്ത്ര്യസമരത്തിന്‍റെ ആവേശവും അലയൊലിയും മുഴങ്ങിയ തൊടുപുഴ ഒട്ടേറെ വേറിട്ട സമരമുറകൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിലൊന്നായിരുന്നു സ്വാതന്ത്ര്യസമര ഭടന്മാരെ മർദിച്ച സബ് ഇൻസ്പെക്ടറെക്കൊണ്ട് മാപ്പ് പറയിച്ച, തൊപ്പിപ്പാള ജാഥ എന്ന പേരിൽ ചരിത്രത്താളുകളിൽ ഇടം പിടിച്ച പ്രതിഷേധ ജാഥ. മർദകവീരന്മാരായ പൊലീസുകാർക്ക് താക്കീത് കൂടിയായിരുന്നു തൊപ്പിപ്പാള ജാഥ.
അക്കാലത്ത് തൊടുപുഴയിലേക്ക് സ്ഥലംമാറിവന്ന സബ് ഇൻസ്പെക്ടറായിരുന്നു രാമനാഥ അയ്യർ. ചെറുപ്പത്തിന്‍റെ തിളപ്പിനൊപ്പം പുതിയ ജോലിസ്ഥലത്ത് തന്‍റെ വീര്യം പ്രകടിപ്പിക്കാനുള്ള ആവേശം കൂടിയായപ്പോൾ സ്വാതന്ത്ര്യസമര ഭടന്മാരെ മർദിക്കുക എന്നത് രാമനാഥ അയ്യരുടെ ഹോബിയായി മാറി. വഴിയിൽ കാണുന്ന ആരെയും ഒന്ന് പെരുമാറണമെന്ന ശാഠ്യക്കാരൻ. കോൺഗ്രസുകാരനാണെന്ന് തോന്നിയാൽ വെറുതെ വിടില്ലെന്ന വാശിയും.
ഇദ്ദേഹം ഒരിക്കൽ നടുക്കണ്ടത്ത് കൂടി വരുമ്പോൾ കോൺഗ്രസ് വളന്‍റിയർമാരായ കൊട്ടാരത്തിൽ നാരായണപിള്ള, സി.ഡി. ദേവസ്യ എന്നിവർ വഴിയിൽ നിൽക്കുന്നു. വണ്ടിയിൽനിന്ന് ചാടിയിറങ്ങിയ എസ്.ഐ രണ്ടുപേരെയും പിടിച്ച് ക്രൂരമായി മർദിച്ചു. ഇതിനെതിരെ തൊടുപുഴ താലൂക്കിൽ പ്രതിഷേധം ആളിക്കത്തി. താലൂക്കിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് കർഷകർ പ്രതിഷേധ ജാഥയായി തൊടുപുഴയിലേക്ക് നീങ്ങി. നൂറുകണക്കിനാളുകൾ തൊപ്പിപ്പാള ധരിച്ച് അണിനിരന്ന ജാഥ തൊപ്പിപ്പാള ജാഥ എന്നറിയപ്പെട്ടു.
അഞ്ചിരിയിൽനിന്ന് പുറപ്പെട്ട ജാഥക്ക് ആവേശവും അംഗബലവും കൂടുതലായിരുന്നു. അതുവരെ കോൺഗ്രസിനെ ശക്തമായി എതിർത്തിരുന്ന കുരുവിനാക്കുന്നേൽ തൊമ്മച്ചൻ എന്ന ധനാഢ്യനായിരുന്നു ജാഥയുടെ സംഘടകനും അമരക്കാരനും. കോട്ടൂർ വർക്കി, കിഴക്കേക്കുറ്റ് അവിരാച്ചൻ, കോലത്തുപടവിൽ മാണി, കണ്ണിക്കാട്ട് കുഞ്ചുലോ, പൂമറ്റം ദേവസ്യ, കണ്ടത്തിൽ മത്തായി, കളപ്പുരയിൽ കൊച്ച്, കൊല്ലപ്പിള്ളിൽ ചാക്കോ, പൂവന്നിക്കുന്നേൽ ജോർജ്, തോട്ടുപുറത്ത് പാപ്പു, നമ്പേരി ജോൺ, ടൈലർ കുട്ടപ്പനെന്ന ടി.വി. തോമസ് തുടങ്ങിയവർ തൊപ്പിപ്പാള ജാഥയുടെ അണിയറ ശിൽപികളിൽ ചിലരാണ്.
ജാഥക്ക് സമാപനം കുറിച്ച് തൊടുപുഴയിൽ നടന്ന വിപുലമായ പൊതുയോഗത്തിൽ സംസ്ഥാന നേതാക്കൾ പങ്കെടുത്തു.തൊപ്പിപ്പാള ജാഥയുടെ ജനപങ്കാളിത്തവും വിജയവും പൊലീസിനെ അക്ഷരാർഥത്തിൽ അമ്പരപ്പിച്ചു. മർദനമേറ്റ കോൺഗ്രസ് വളന്‍റിയർമാരോട് എസ്.ഐ രാമനാഥ അയ്യർ അന്ന് തന്നെ മാപ്പ് പറഞ്ഞു. രണ്ടുപേർക്കും 25 രൂപ വീതം ഇൻസ്പെക്ടർ പിഴയായി നൽകിയെങ്കിലും അവർ ആ പണം നിരസിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

