തോമസ് തറയിൽ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്
text_fieldsകൊച്ചി: ചങ്ങനാശ്ശേരി അതിരൂപതമെത്രാപ്പോലീത്തയായി മാർ തോമസ് തറയിലിനെയും ഷംഷാബാദ് (തെലങ്കാന) രൂപത മെത്രാനായി മാർ പ്രിൻസ് ആന്‍റണി പാണേങ്ങാടനെയും നിയമിച്ച് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ ഉത്തരവായി.
കാക്കനാട് മൗണ്ട് സെന്‍റ് തോമസിലെ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയയിൽ നടന്ന മെത്രാൻ സിനഡാണ് ഇവരെ തെരഞ്ഞെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനിലും കാക്കനാടും നടത്തി. തോമസ് തറയിലിന്‍റെ നിയമനം സംബന്ധിച്ച കൽപന മേജർ ആർക്കി എപ്പിസ്കോപ്പൽ ചാൻസലർ ഫാ. എബ്രഹാം കാവിൽപുരയിടത്തിലും പ്രിൻസ് ആന്‍റണി പാണേങ്ങാടന്‍റേത് മേജർ ആർക്കി എപ്പിസ്കോപ്പൽ വൈസ് ചാൻസലർ ഫാ. ജോസഫ് മറ്റത്തിലും വായിച്ചു. തുടർന്ന്, മേജർ ആർച്ച് ബിഷപ് ഇരുവരെയും ഷാൾ അണിയിച്ചു.
ചങ്ങനാശ്ശേരി ആർച്ച് ബിഷപ് ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് രൂപത അഡ്മിനിസ്ട്രേറ്റർ ജോസഫ് കൊല്ലംപറമ്പിൽ, പാലാ രൂപതാധ്യക്ഷനും സ്ഥിരം സിനഡ് അംഗവുമായ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സംബന്ധിച്ചു. തോമസ് തറയിലിന്‍റെ സ്ഥാനാരോഹണം ഒക്ടോബർ 31ന് ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

