തോമസ് മാർ അത്തനാസിയോസ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു
text_fieldsകൊച്ചി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ മുതിർന്ന മെത്രാപ്പോലീത്തയും ചെങ്ങന്നൂർ ഭദ്രാസനാധിപനുമായ തോമസ് മാർ അത്തനാസിയോസ് (80) ട്രെയിനിൽനിന്ന് വീണു മരിച്ചു. വെള്ളിയാഴ്ച രാവിലെ അഞ്ചരയോടെ എറണാകുളം പുല്ലേപ്പടി പാലത്തിനരികെയാണ് അപകടം. ഗുജറാത്തിൽ താൻ മുൻകൈയെടുത്ത് നടത്തുന്ന സ്കൂളുകൾ സന്ദർശിച്ചു മടങ്ങുകയായിരുന്നു. എറണാകുളം സൗത് സ്റ്റേഷനിൽ ഇറങ്ങേണ്ട അദ്ദേഹം വാതിലിന് സമീപം നിൽക്കുന്നതിനിടെ തെറിച്ചുവീഴുകയായിരുന്നു. റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന സഹായിയും ഡ്രൈവറും ഫോണിൽ വിളിച്ചു കിട്ടാതെവന്നതിനെത്തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് റെയിൽവേ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയത്. കബറടക്കം ഞായറാഴ്ച മൂന്നിന് തിരുവല്ലക്കടുത്ത് ഒാതറയിലെ ദയറായിൽ പ്രത്യേകം തയാറാക്കിയ കബറിടത്തിൽ.
എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചക്ക് 12.45 മുതൽ അര മണിക്കൂർ എറണാകുളം സെൻറ് മേരീസ് കത്തീഡ്രലിൽ പൊതുദർശനത്തിന് െവച്ചു. തുടർന്ന് വിലാപയാത്രയായി ഭദ്രാസന ആസ്ഥാനമായ ചെങ്ങന്നൂർ ബഥേൽ അരമനയിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച രാവിലെ കുർബാനക്കുശേഷം പുത്തൻകാവ് കത്തീഡ്രലിൽ പൊതുദർശനത്തിന് വെക്കും. ഞായറാഴ്ച 12 മണിയോടെ വിലാപയാത്രയായി ഓതറ ദയറായിലേക്ക് കൊണ്ടുപോകും. സംസ്കാര ശുശ്രൂഷകൾക്ക് ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിക്കും.
ആലപ്പുഴ ജില്ലയിലെ പുത്തൻകാവിൽ കിഴക്കേതലയ്ക്കൽ കെ.ടി. തോമസിെൻറയും ഏലിയാമ്മയുടെയും മകനായി 1938 ഏപ്രിൽ മൂന്നിനാണ് അത്തനാസിയോസ് ജനിച്ചത്. പുത്തൻകാവിലും ആലപ്പുഴയിലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി കോട്ടയം എം.ടി സെമിനാരി, സി.എം.എസ് കോളജ്, എസ്.ബി കോളജ് ചങ്ങനാശ്ശേരി, എൻ.എസ്.എസ് കോളജ് ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. സെറാമ്പൂർ കോളജിൽനിന്ന് വേദശാസ്ത്രത്തിൽ ബിരുദവും, ബറോഡ എം.എസ് സർവകലാശാലയിൽനിന്ന് വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദവും നേടി.
1985ൽ ചെങ്ങന്നൂർ ഭദ്രാസനം രൂപവത്കരിച്ചതു മുതൽ ചുമതല വഹിച്ച അദ്ദേഹം സഭ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. എം.ഡി സ്കൂൾസ് കോർപറേറ്റ് മാനേജർ, അഖില മലങ്കര ബാലസമാജം പ്രസിഡൻറ്, പ്രാർഥനയോഗം പ്രസിഡൻറ്, അക്കൗണ്ട്സ് കമ്മിറ്റി പ്രസിഡൻറ്, ഫിനാൻസ് കമ്മിറ്റി പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ ആരാധനാലയങ്ങളും വിദ്യാലയങ്ങളും സ്ഥാപിക്കാൻ മുൻകൈയെടുത്തു. സഭാ പ്രസിദ്ധീകരണങ്ങളുടെ ചുമതല വഹിച്ചുവന്ന അദ്ദേഹം സഭയുടെ വിഷ്വൽ മീഡിയ കമ്യൂണിക്കേഷൻ പ്രസിഡൻറായി പ്രവർത്തിച്ചുവരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
