തോമസ് ഐസക്കിന്റെ പേര് ആലപ്പുഴയിലെ വോട്ടർ പട്ടികയിൽ നിന്ന് നീക്കി; നടപടി മഹിള കോൺഗ്രസ് നേതാവ് നൽകിയ പരാതിയിൽ
text_fieldsആലപ്പുഴ: മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായിരുന്ന തോമസ് ഐസക്കിന്റെ പേര് ആലപ്പുഴയിൽ വോട്ടർ പട്ടികയിൽ നിന്ന് നീക്കി.
എം.എല്.എ ഓഫീസിന്റെ വിലാസത്തിൽ ആലപ്പുഴ കിടങ്ങാം പറമ്പ് വാർഡിലെ വോട്ടർ പട്ടികയിലെ 770ാം പേരുകാരനായിരുന്നു തോമസ് ഐസക്ക്. മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീലതയുടെ പരാതിയിലാണ് നടപടി. വ്യാഴാഴ്ച നടന്ന ഹിയറിങ്ങിലാണ് വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കാൻ തീരുമാനിച്ചത്. നിലവിൽ തോമസ് ഐസകിന് വോട്ടുള്ളത് തിരുവനന്തപുരം കുറവക്കോണത്താണ്.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആരവത്തിലേക്ക് രാഷ്ട്രീയ പാർട്ടികളടക്കം കടന്നിരിക്കെ, അന്തിമ വോട്ടർ പട്ടിക ഒക്ടോബർ 25ന് പ്രസിദ്ധീകരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർക്ക് സവിശേഷ തിരിച്ചറിയൽ നമ്പർ ഉണ്ടാകും. എസ്.ഇ.സി (SEC) എന്ന ഇംഗ്ലീഷ് അക്ഷരങ്ങളും ഒൻപത് അക്കങ്ങളും ചേർന്നതാണ് ഈ നമ്പർ.
തദ്ദേശ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ തുടർ നടപടികൾക്കും അന്വേഷണങ്ങൾക്കും ഈ തിരിച്ചറിയൽ നമ്പർ ഉപയോഗിക്കണം. 25ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി ചൊവ്വാഴ്ചയോടെ വാർഡുകളുടെ സംവരണ നറുക്കെടുപ്പുകൾ തീരും. ഇതോടെ തെരഞ്ഞെടുപ്പ് കമീഷന്റെ നടപടിക്രമങ്ങൾ പകുതിയിലേറെ പൂർത്തിയാകും. അടുത്തത് തെരഞ്ഞെടുപ്പ് വിജ്ഞാപന ഘട്ടമാണ്. നവംബർ പത്തിനകം ഉണ്ടാകാനാണ് സാധ്യത.
നിലവിലെ ഭരണസമിതി കാലാവധി ഡിസംബർ 20വരെയാണ്. ഡിസംബർ 21നാകും പുതിയ ഭരണസമിതികൾ നിലവിൽ വരിക. നവംബർ ഒന്നിന് പുതിയ ഭരണസമിതി നിലവിൽ വരുന്നത് കോവിഡ് കാരണം മാറ്റം വന്നിരുന്നു. ഇനി മുതൽ ഡിസംബറിലാകും ഭരണസമിതികൾ നിലവിൽ വരിക. കരട് വോട്ടർ പട്ടികയിൽ 2,83,12,458 വോട്ടർമാരാണുള്ളത്. 1,33,52, 947 പുരുഷന്മാരും 1,49,59,235 സ്ത്രീകളും 276 ട്രാൻസ്ജെൻഡറുമാണുള്ളത്. ഇതിന് പുറമെ 2087 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. സംസ്ഥാനത്തെ 941പഞ്ചായത്തുകളിലെ 17,337 വാർഡുകളിലും 87 മുനിസിപ്പാലിറ്റികളിലെ 3240 വാർഡുകളിലും ആറ് കോർപഷേനുകളിലെ 421 വാർഡുകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

