Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഞങ്ങൾ ഒന്നിച്ചു...

'ഞങ്ങൾ ഒന്നിച്ചു വന്നു,ലക്ഷ്യങ്ങളെല്ലാം നേടിയതും ഒന്നിച്ചായിരുന്നു'; ഒപ്പമുണ്ടായിരുന്നവർക്ക്​​ നന്ദി പറഞ്ഞ്​ ​തോമസ്​ ഐസക്​

text_fields
bookmark_border
ഞങ്ങൾ ഒന്നിച്ചു വന്നു,ലക്ഷ്യങ്ങളെല്ലാം നേടിയതും ഒന്നിച്ചായിരുന്നു; ഒപ്പമുണ്ടായിരുന്നവർക്ക്​​ നന്ദി പറഞ്ഞ്​ ​തോമസ്​ ഐസക്​
cancel

തിരുവനന്തപുരം: ഒപ്പമുണ്ടായിരുന്ന പേഴ്​സണൽ സ്റ്റാഫുകൾക്ക്​ നന്ദി പറഞ്ഞു മന്ത്രി തോമസ്​ ഐസക്​. ഫേസ്​ബുക്കിലെഴുതിയ കുറിപ്പിലാണ്​ അവർ നൽകിയ പിന്തുണക്ക്​ നന്ദിപറഞ്ഞത്. ഓരോരുത്തരുടെയും പേരെടുത്ത്​ പറഞ്ഞതിനൊപ്പം അവരുടെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്​.

ഓരോ ചുമതലയും ഓരോരുത്തരും സ്വയം ആസ്വദിച്ചും സന്തോഷിച്ചുമാണ് ചെയ്തിട്ടുള്ളത്. അതിന്‍റെ മികവും ശോഭയും കഴിഞ്ഞ പത്തുവർഷത്തെ പ്രവർത്തനങ്ങളിലാകെയുണ്ട്. ഞങ്ങൾ ഒന്നിച്ചു വന്നു. ഒന്നിച്ചായിരുന്നു പ്രയാണം. ലക്ഷ്യങ്ങളെല്ലാം നേടിയതും ഒന്നിച്ചു തന്നെയായിരുന്നു.നിറഞ്ഞ സ്നേഹത്തോടെ എല്ലാവരെയും അഭിവാദ്യം ചെയ്യുന്നുവെന്ന്​ പറഞ്ഞാണ്​ കുറിപ്പ്​ അവസാനിക്കുന്നത്​.

ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണരൂപം


മന്ത്രിപ്പണിയുടെ ഉത്തരവാദിത്തമൊഴിയുമ്പോൾ, എന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെക്കുറിച്ച് പ്രത്യേകം പരാമർശിക്കാതെ വയ്യ. രണ്ടു ടേമിലും സുപ്രധാന ചുമതലകളിൽ ഒരേ ടീമായിരുന്നു. വർഷങ്ങൾ നീണ്ട പരിചയവും പ്രവർത്തനവും വഴി രൂപപ്പെട്ട ആത്മബന്ധം ഞങ്ങൾ തമ്മിലുണ്ട്. പരിഷത്ത്കാലം മുതൽ തുടങ്ങിയ സൌഹൃദം. വിശ്രമമെന്തെന്നറിയാതെ പണിയെടുക്കാൻ ഒരു മടിയുമില്ലാത്ത ഈ ടീം കണ്ണും കാതും തുറന്ന് എന്റെ ഓഫീസിലുണ്ടായിരുന്നു. ധനമന്ത്രി എന്ന നിലയിൽ എന്റെ ചുമതലകൾ നിർവഹിക്കുന്നതിന് ഈ ടീം നൽകിയ പിന്തുണയുടെ മൂല്യം എഴുതി ഫലിപ്പിക്കാനാവില്ല
മൻമോഹനായിരുന്നു രണ്ടു തവണയും പ്രൈവറ്റ് സെക്രട്ടറി.

1984ലാണ് മൻമോഹനെ ഞാൻ പരിചയപ്പെടുന്നത്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്നു മൻമോഹൻ. ആറ്റിപ്ര പഞ്ചായത്തിലെ മാപ്പിംഗ് പരീക്ഷണം മുതൽ കല്യാശേരിയിലും മാരാരിക്കുളത്തും കഞ്ഞിക്കുഴിയിലുമൊക്കെ നടന്ന വിഭവഭൂപട നിർമ്മാണ പ്രവർത്തനങ്ങളിലും അധികാരവികേന്ദ്രീകരണ പരീക്ഷണങ്ങളിലുമെല്ലാം ഒപ്പമുണ്ടായിരുന്ന സുഹൃത്ത്.
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതല വഹിച്ച എം ഗോപകുമാർ പരിഷത്തിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു. സാക്ഷരതാകാലം മുതൽ ഗോപനെ പരിചയമുണ്ട്. ജനകീയാസൂത്രണ പ്രവർത്തനങ്ങളിൽ മുഴുവൻ സമയപങ്കാളിയായിരുന്നു. അന്ന് പരിഷത്തിന്റെ ജില്ലാ സെക്രട്ടറിയും റവന്യൂവകുപ്പിലെ ജീവനക്കാരനുമാണ് ഗോപൻ. സർവീസിൽ നിന്ന് ലീവെടുത്താണ് ഗോപൻ ജനകീയാസൂത്രണ പ്രസ്ഥാനങ്ങളുടെ ഭാഗമായത്.
ജോലിയും ശമ്പളവുമൊക്കെ വേണ്ടെന്നു വെച്ചും കിട്ടുന്നതു മുഴുവൻ സന്നദ്ധപ്രവർത്തനങ്ങൾക്കു ചെലവഴിച്ചുമാണ് മൻമോഹനും ഗോപനും അജിത്തും കിച്ചുവുമൊക്കെ ഉൾപ്പെടുന്ന സംഘം ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഭാഗമായത്. ജോലി പോകുന്നെങ്കിൽ പോകട്ടെ എന്നുവെച്ച് സന്നദ്ധപ്രവർത്തനത്തിനിറങ്ങുന്നെങ്കിൽ, ആ പ്രവർത്തനങ്ങളുടെ ഹരം ആലോചിക്കാവുന്നതേയുള്ളൂ. വ്യക്തിപരമായ ഇത്തരം നഷ്ടങ്ങൾ സഹിക്കാൻ തയ്യാറുള്ള തീപ്പൊരി സന്നദ്ധപ്രവർത്തകരുടെ ഒരു വേലിയേറ്റം തന്നെ ജനകീയാസൂത്രണകാലത്തുണ്ടായിരുന്നു. നമ്മെ വിട്ടുപിരിഞ്ഞുപോയ കൃഷ്ണകുമാർ എന്ന കിച്ചുവും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ ശിവരാമകൃഷ്ണനും മന്ത്രിയാകും മുമ്പേ സഹപ്രവർത്തകരും സ്നേഹിതരുമാണ്. പറഞ്ഞാൽ തീരാത്ത, എഴുതിയാൽ മടുക്കാത്ത ഹൃദ്യമായ ഓർമ്മകൾ അവരെക്കുറിച്ച് പങ്കുവെയ്ക്കാനുണ്ട്.
വ്യത്യസ്തമായ കഴിവുകളുള്ളവർ.

മുഷിഞ്ഞു പണിയെടുക്കാൻ ഒരു മടിയുമില്ലാത്ത ടീം. ലക്ഷ്യത്തിലെത്തുന്നതുവരെ ഊണും ഉറക്കവും ആർക്കും നിർബന്ധമില്ല. നർമ്മബോധത്തിന്റെ കാര്യത്തിൽ എല്ലാം ഒന്നിനൊന്ന് മെച്ചം. വിരസതയ്ക്ക് നോ എൻട്രിയാണ് ഓഫീസിൽ. ഏതു നേരത്തും ഒരു പൊട്ടിച്ചിരിയുടെ മുഴക്കം ഓഫീസിന്റെ ഏതെങ്കിലുമൊരു മൂലയിലുണ്ടാകും.
യാത്രകളൊന്നും ഒരിക്കലും മറക്കാനാവില്ല. ചിരി നിറച്ച കതിനയുമായാണ് ഷിജിലാലും ബൈജുമോനും കൊച്ചുമോനുമൊക്കെ വണ്ടിയെടുക്കുക. മധുവും മനോജുമൊക്കെയായാലും സ്ഥിതിയ്ക്ക് മാറ്റമില്ല. ആലപ്പുഴയിൽ നിന്ന് ശ്രീജിത്ത് കൂടി കയറിയാൽ പിന്നെ പറയണ്ട. കഥകളും തമാശകളും പലവർണങ്ങളിൽ പൊട്ടിവിടരും. അസാധ്യമായ കൈയൊതുക്കത്തോടെ കഥ പറഞ്ഞു ഫലിപ്പിക്കാനുള്ള അവരുടെ കഴിവിനു നേരെ കൈകൂപ്പിയേ മതിയാകൂ. പറഞ്ഞ തമാശകളും പറ്റിയ അബദ്ധങ്ങളും ഓർമ്മയിൽ തങ്ങി നിൽക്കുന്ന നർമ്മക്കൂട്ടുകളുമൊക്കെ ചേർത്ത് ഒരു പുസ്തകം പ്രസിദ്ധീകരിക്കാൻ ഉദ്ദേശമുണ്ടത്രേ. എന്നെയും കഥാപാത്രമാക്കുമെന്ന് കേൾക്കുന്നു. ഒരുകാര്യം ഉറപ്പാണ്. ഇത്രയും നർമ്മബോധമുള്ള ഒരു ടീം മറ്റൊരു മന്ത്രിയ്ക്കും അവകാശപ്പെടാനാവില്ല. വിരസതയും സമ്മർദ്ദവുമറിയാതെ പൊട്ടിച്ചിരിയുടെ കിലുക്കങ്ങളും കൊണ്ടാണ് ഓരോ ടേമും ഓടി മറഞ്ഞത്.
എന്റെ ഓഫീസിലെത്തിയ എല്ലാവരും ഏറെക്കുറെ ഒരേ തരംഗദൈർഘ്യം പങ്കുവെയ്ക്കുന്നവരാണ്. മന്ത്രിയോഫീസിന്റെ അധികാരം തലയ്ക്കു പിടിക്കാത്തവർ. വഴിവിട്ട കാര്യങ്ങൾ ചെയ്യില്ലെന്ന് ജാഗ്രതയുള്ളവർ. അടിയുറച്ച സംഘടനാബോധം. പാർടി ചിട്ടയിൽ ഒരു വിട്ടുവീഴ്ചയുമില്ല. ഒന്നും ആരും പ്രത്യേകമായി പഠിപ്പിച്ചതോ പരിശീലിപ്പിച്ചതോ അല്ല. സ്വാഭാവികമായി ഈ ഗുണങ്ങളുള്ളവർ തന്നെയാണ് പലകാലങ്ങളിലായി എന്റെ ടീമിലെത്തിയത്. പത്തു വർഷത്തോളം നീണ്ട മന്ത്രിജീവിതത്തിൽ ഒരു പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ നേരെയും ഒരു മൈക്രോസ്കോപ്പും എനിക്ക് തിരിച്ചുവെയ്ക്കേണ്ടി വന്നിട്ടില്ല എന്നത് അഭിമാനത്തോടെ തന്നെ ഓർമ്മയിൽ സൂക്ഷിക്കും.
പറയാനൊരുപാടുണ്ട്. ഓരോരുത്തരെക്കുറിച്ചും. രണ്ടുതവണയും അടുക്കള കൈകാര്യം ചെയ്തത് കൊടുങ്ങല്ലൂർ സ്വദേശി എവി രമണിയാണ്. അതീവരുചികരമായി ഭക്ഷണം പാകം ചെയ്യാനറിയാം. ഒന്നാന്തരമാണ് പാചകം. അക്കാര്യത്തിൽ എല്ലാ വോട്ടും നേടിയാണ് രമണി വിജയിക്കുക.
ജിഎസ്ടിയുടെയും ടാക്സ് വകുപ്പിന്റെയും സങ്കീർണതകളെ ഉള്ളിതൊലിക്കും വിധം കൈകാര്യം ചെയ്ത സലിം കോട്ടത്തറയും അജയനും. ഫയലുകൾ കൈകാര്യം ചെയ്ത സാനുവും അഭിലാഷും. അഭിലാഷിനുകുറച്ച് അക്കാദമിക് താൽപ്പര്യമുള്ളത് ഏറെസഹായകരമായി. പിആർ ചുമതലകൾ നിർവഹിച്ച ബിജുവും രണനാഥും. ഞാൻ കൈകൊണ്ട് എഴുതുന്നതു വളരെ കുറവ്. ഡിക്റ്റേഷനാണ്. ആറ് പുസ്തകങ്ങൾ ഇത്തവണത്തെ ഊഴത്തിൽ എഴുതി. പിന്നെ ഒട്ടേറെ ലേഖനങ്ങളും. ദിവസവും രണ്ട് പോസ്റ്റുകളെങ്കിലും. ഇവയെല്ലാം എന്റെ സമയസൗകര്യമനുസരിച്ച് ടൈപ്പ് ചെയ്ത്, എഡിറ്റ് ചെയ്ത് തയ്യാറാക്കുന്നത് ഇവരാണ്.


കിച്ചുവിന്റെ അകാലത്തിലുള്ള വിയോഗം നികത്താനാവാത്ത ഒന്നായിരുന്നു. എന്റെ രേഖകളും കരട് എഴുത്തുകളും ചിട്ടപ്പെടുത്തി സൂക്ഷിച്ചിരുന്നത് കിച്ചുവായിരുന്നു. കിച്ചുവിനുശേഷം ഈ പണി ഏറ്റെടുത്തത് അജിത്താണ്.
സേതുവായിരുന്നു ഡോക്ടർ. ഈ ടേമിൽ പണി കുറച്ചു കൂടി. സോണിയും അരുണുമായിരുന്നു വീട്ടിലെ റിംങ് റൗണ്ട്. സോണിക്ക് അമ്മച്ചിയുമായി പ്രത്യേക കൂട്ടുമുണ്ടായിരുന്നു. ഓഫീസ് പ്രവർത്തനങ്ങളുടെ ഭാഗമായിരുന്ന അബിദയും ഇന്ദുജയും അക്ഷയും മുരളിയും സന്തോഷും സതീശനും അരുൺബാബു(ആലപ്പുഴ ഓഫീസ്)വുമൊക്കെ ഈ ടീമിലേയ്ക്ക് പിന്നീട് എത്തിച്ചേരുകയും അതിന്റെ ഭാഗമാവുകയും ചെയ്തവരാണ്. ഇടുക്കിക്കാരൻ രതീഷ് ഓഫീസ് ഗാർഡനർ കൂടിയാണ്. അവസാനവർഷമായപ്പോഴേയ്ക്കും ഓഫീസ് ചെടികളും പടർപ്പുകളുംകൊണ്ട് അലംകൃതമായിരുന്നു.
കിച്ചുവിനെപ്പോലെ ഓർമ്മയിലും ഇനിയുള്ള ജീവിതത്തിലും പിന്തുടരുന്ന വേദനയാണ് അനസിന്റെയും മധുവിന്റെയും അകാലവേർപാട്. ഏതു ചുമതലയും ഏറ്റെടുക്കുന്ന ഊർജസ്വലനായ ചെറുപ്പക്കാരനായിരുന്നു അനസ്. എംഎൽഎ ആയിരുന്ന കാലത്തുമൊക്കെ ഒരു പ്രതിഫലവും കാംക്ഷിക്കാതെ ഓടി നടന്ന് പണിയെടുക്കാൻ സദാ സന്നദ്ധനായിരുന്നു അനസ്. മധുവും അതെ. മിടുക്കനായ ചെറുപ്പക്കാരൻ. ഇരുവരുടെയും അകാലത്തിലെ വേർപാട് ഞങ്ങളുടെ ടീമിലെ എല്ലാവരുടെയും തീരാവേദനയാണ്.
ടൂറിസം ജീവനക്കാരായ ഭദ്രൻ, രാജേന്ദ്രൻ, രതീഷ്, മാഹീൻ, ലതിക, അൽഫോൺസ, ലേഖ, സുനന്ദ, ശ്രീലേഷ്, ജിതിൻ, പ്രശാന്ത്, ഡ്രൈവർമാരായ സുരേഷ്, ചന്ദ്രബാബു, ഹരിലാൽ, ബിജു എന്നിവരുമൊക്കെ ഈ ടീമിന്റെ ഭാഗമായിരുന്നു. എല്ലാവരും ഒരു മനസോടെ തങ്ങളുടെ ചുമതലകൾ ആവുംവിധം ഭംഗിയായിത്തന്നെ നിർവഹിച്ചു. എല്ലാവരോടും നന്ദിയുണ്ട്.
ചിരപരിചിതരായ സുഹൃത്തുക്കളുടെ സംഘമായതുകൊണ്ട്, എല്ലാവർക്കും പരസ്പരം വലിപ്പച്ചെറുപ്പമില്ലാതെ ഇടപെടാൻ കഴിയുമായിരുന്നു. ആർക്കും ഒരു ജോലിയും ജോലിയായി അനുഭവപ്പെട്ടിട്ടില്ല. ഓരോ ചുമതലയും ഓരോരുത്തരും സ്വയം ആസ്വദിച്ചും സന്തോഷിച്ചുമാണ് ചെയ്തിട്ടുള്ളത്. അതിന്റെ മികവും ശോഭയും കഴിഞ്ഞ പത്തുവർഷത്തെ പ്രവർത്തനങ്ങളിലാകെയുണ്ട്. ഒട്ടേറെപ്പേരുടെ വ്യക്തിപരമായ മികവുകൾ സമഞ്ജസമായി സമ്മേളിക്കുമ്പോഴാണല്ലോ ഓഫീസിന്റെ ലക്ഷ്യം സഫലമാവുക. ആ കൂട്ടായ്മയെ സജീവമായി നയിക്കാൻ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിൽ മൻമോഹന് കഴിഞ്ഞിട്ടുണ്ട്. സാധാരണക്കാരായ മനുഷ്യർ ഒത്തു ചേർന്നാണ് അസാധാരണമായ നേട്ടങ്ങളുണ്ടാക്കിയത്. കലർപ്പില്ലാത്ത കൂട്ടായ്മയായിരുന്നു അവരുടെ ഇന്ധനം.
ഹെൻട്രി ഫോഡിന്റെ പ്രസിദ്ധമായ ഒരുദ്ധരണിയുണ്ട്.


"Coming together is a beginning. Keeping together is progress. Working together is success."


ഞങ്ങൾ ഒന്നിച്ചു വന്നു. ഒന്നിച്ചായിരുന്നു പ്രയാണം. ലക്ഷ്യങ്ങളെല്ലാം നേടിയതും ഒന്നിച്ചു തന്നെയായിരുന്നു.
നിറഞ്ഞ സ്നേഹത്തോടെ എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thomas isaac
News Summary - Thomas Isaac thanked the personal staff
Next Story