'ഹോട്ടൽ ഭക്ഷണത്തിന് വില ഉയരും; കോഴിവ്യാപാരികളുടെ അഹങ്കാരം അനുവദിക്കില്ല'
text_fieldsആലപ്പുഴ: ചരക്കുസേവന നികുതി നിലവില്‍വന്നതോടെ ഹോട്ടല്‍ ഭക്ഷണത്തിന് 13 ശതമാനംവരെ വില കൂടുമെന്ന് ധനമന്ത്രി തോമസ് ഐസക്. ജി.എസ്.ടി പ്രകാരം 18 ശതമാനംവരെ നികുതി വരുന്നതാണ് വില കൂടാൻ കാരണമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. എ.സിയല്ലാത്ത റസ്റ്റാറൻറുകൾ അഞ്ച് ശതമാനം വില കുറച്ച ശേഷമേ 12 ശതമാനം ജി.എസ്.ടി ഈടാക്കൂ. എ.സി ഹോട്ടലുകള്‍ എട്ട് ശതമാനം വില കുറച്ചാവും ജി.എസ്.ടി ചുമത്തുകയെന്ന് അറിയിച്ചിട്ടുണ്ട്. അഞ്ചോ എട്ടോ ശതമാനം നിരക്ക് കുറക്കണമെന്ന് ഹോട്ടലുടമകളുമായി ധാരണയിലെത്തിയിട്ടുണ്ട്. എന്നാൽ, ഇത് നടപ്പാക്കുന്നതിന് മൂന്നുമാസത്തെ സാവകാശമാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്.
തിങ്കളാഴ്ച മുതല്‍ കോഴി വില 87 രൂപ ആക്കിയേ തീരൂ. കോഴിവ്യാപാരികളുടെ അഹങ്കാരം അനുവദിക്കില്ല. ഇക്കാര്യത്തിൽ സർക്കാർ കർശന നിലപാട് സ്വീകരിക്കും. ഇറച്ചിക്കോഴിയുടെ നികുതി കുറക്കണമെന്നാണ് ജനങ്ങളും ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷനും ആവശ്യപ്പെടുന്നത്. ഇതിന് പരിഹാരം കാണാൻ ഇറച്ചിക്കോഴി ഉൽപാദനം കേരളത്തിൽ വർധിക്കണം. പഞ്ചായത്ത് അടിസ്ഥാനത്തിൽ കോഴിഫാമുകൾ തുടങ്ങാൻ സർക്കാർ പിന്തുണ നൽകും. കർഷകർക്ക് ഇതിന് ധനസഹായം നൽകും. ഇതിന് കുടുംബശ്രീ മുഖേന ഷെഡ് നിർമിക്കുന്നതിന് 90 ശതമാനം സബ്സിഡി നൽകും. ആ രീതിയിൽ ഉൽപാദനം ഗണ്യമായി ഉയർത്തിയാലേ ഇത്തരത്തിലുള്ള കൃത്രിമം തടയാൻ കഴിയുകയുള്ളു. കേരളത്തിൽ ഹാച്ചറികൾ പ്രവർത്തിക്കുന്നില്ല. അതിന് ലക്ഷങ്ങൾ വേണ്ടിവരും. പ്രശ്നപരിഹാരത്തിന് അടുത്ത ബജറ്റിൽ തുക വകയിരുത്തും. ജി.എസ്.ടി നടപ്പാക്കുന്നതിെൻറ പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ ജില്ലകളിലും ഗ്രീവൻസ് സെല്ലുകൾ തുടങ്ങും. ജില്ല തലങ്ങളിലെ നികുതി വകുപ്പുമായി യോജിച്ചാകും ഇവ പ്രവർത്തിക്കുക. ജി.എസ്.ടി നടപ്പാക്കുമ്പോൾ വ്യാപാരികളുടെ ഭാഗത്തുനിന്ന് വരുന്ന അപാകതകളുടെ പേരിൽ നടപടിയെടുക്കില്ല.
87 രൂപക്ക് വിൽക്കാനാവില്ല –വ്യാപാരികൾ
ഭാരിച്ച ചെലവുള്ളതിനാൽ ധനമന്ത്രി പ്രഖ്യാപിച്ച രീതിയിൽ 87 രൂപക്ക് കോഴി വിൽക്കാനാവില്ലെന്ന് വ്യാപാരികൾ. 145 രൂപയാണ് ശനിയാഴ്ച ഒരു കിലോക്ക് ചില്ലറ വിൽപന വില. സ്ഥിതിഗതികൾ ശരിയായരീതിയിൽ വിലയിരുത്താതെയാണ് മന്ത്രി ഒറ്റയടിക്ക് വില പ്രഖ്യാപിച്ചതെന്നാണ് ഇവരുടെ ആരോപണം. നിലവിൽ കിലോക്ക് 135-140 രൂപ വരും. തിങ്കളാഴ്ച ഒരു വിഭാഗം വ്യാപാരികൾ കട അടച്ചിടും.
കോഴി ഫാമുകൾ
ഒരുകിലോ ഉൽപാദനത്തിന് 84-85 രൂപ വരെയാണ് ചെലവ്. ഒന്നിന് 36-34 രൂപക്കാണ് കോഴിക്കുഞ്ഞുങ്ങളെ കിട്ടുന്നത്. വളർച്ചാകാലം 40 ദിവസം. ഇൗ കാലയളവിൽ 1000 കോഴിക്ക് 70-75 ചാക്ക് തീറ്റവേണം. ഒരു ചാക്ക് തീറ്റക്ക് വില 1350 രൂപ. ഇത്തരത്തിൽ 40 ദിവസത്തേക്ക് 1,01,250 രൂപയാണ് ചെലവ്.
മൊത്ത വ്യാപാരികൾ
വിതരണംചെയ്യുന്നതിനുള്ള യാത്രാചെലവും ലേബർ ചാർജുമടക്കം ഒരു കിലോക്ക് എട്ട് രൂപ ചെലവ് വരുമെന്ന് വ്യാപാരികൾ പറയുന്നു. 1000 കിലോ കോഴികളെടുത്താൽ 915-920 കിലോയേ ലഭിക്കൂ.
ചെറുകിട വ്യാപാരികൾ
േലബർ ചാർജാണ് പ്രധാനചെലവായി ചെറുകിട വ്യാപാരികൾ പറയുന്നത്. വാടക, വൈദ്യുതി ചാർജ്, മാലിന്യ നിർമാർജനചെലവ് എന്നിവയടക്കം 15 രൂപ ഒരുകിലോയുടെ മേൽ ചെലവ് വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
