Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലീഗ്...

ലീഗ് ജനകീയാസൂത്രണത്തോട് പൂർണമായി സഹകരിച്ചു; കെ.പി. മറിയുമ്മയേയും മലപ്പുറം ജില്ല പഞ്ചായത്തിനേയും പ്രകീർത്തിച്ച് തോമസ് ഐസക്

text_fields
bookmark_border
thomas issac and kp mariyumma
cancel
camera_alt

ഡോ. തോമസ് ഐസക്, കെ.പി. മറിയുമ്മ 

മലപ്പുറം: ജനകീയാസൂത്രണ പദ്ധതി നടപ്പാക്കുന്നതിൽ മലപ്പുറം ജില്ല പഞ്ചായത്തും വനിതാ ലീഗ് നേതാവും മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന അഡ്വ. കെ.പി. മറിയുമ്മയും വഹിച്ച പങ്കിനെ പ്രകീർത്തിച്ച് മുൻ മന്ത്രി ഡോ. തോമസ് ഐസക്. ജനകീയാസൂത്രണജനകീയചരിത്രം എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് ഐസക് മലപ്പുറത്തെ ജനകീയാസൂത്രണത്തിന്‍റെ ആദ്യനാളുകൾ ഓർത്തെടുത്തത്.

ജനകീയാസൂത്രണത്തോട് പൂർണമായി സഹകരിച്ചതിന് മുസ്ലിം ലീഗിനെയും ഐസക് അഭിനന്ദിക്കുന്നുണ്ട്. 'മലപ്പുറം ജില്ലയിലെ ഭൂരിപക്ഷം തദ്ദേശഭരണ സ്ഥാപനങ്ങളും ലീഗിന്‍റെ നിയന്ത്രണത്തിലായിരുന്നു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ എന്തുതന്നെയായിരുന്നാലും തങ്ങളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന തദ്ദേശഭരണ സ്ഥാപനത്തിലേയ്ക്ക് ഒരുകാലത്തും ഇല്ലാത്തവണ്ണം അധികാരവും പണവും നൽകുന്ന ഒരു പരിപാടിയെന്ന നിലയിൽ ലീഗ് ജനകീയാസൂത്രണത്തോട് പൂർണ്ണമായി സഹകരിക്കുകയായിരുന്നു' -ഐസക് പറയുന്നു.

മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റങ്ങൾ കൊണ്ടുവന്ന വിജയഭേരി പദ്ധതി മറിയുമ്മയുടെ കാലത്ത് കൊണ്ടുവന്നതായിരുന്നുവെന്ന് ഐസക് ചൂണ്ടിക്കാട്ടുന്നു. 'മറിയുമ്മയുടെ കാലത്തു തുടങ്ങിവച്ച വിജയഭേരി പിന്നീടു മുടക്കമില്ലാതെ കഴിഞ്ഞ 25 വർഷവും തുടർന്നു. പൊതുവിദ്യാഭ്യാസ പരീക്ഷകളിൽ ഏറ്റവും പിന്നിൽ നിന്നിരുന്ന മലപ്പുറം ജില്ല മറ്റെല്ലാ ജില്ലകൾക്കുമൊപ്പം ഉയർന്നു' -ഐസക് പറ‍യുന്നു.

ഡോ. തോമസ് ഐസക് പങ്കുവെച്ച കുറിപ്പ് വായിക്കാം...

#ജനകീയാസൂത്രണജനകീയചരിത്രം

112

പ്രമുഖ വനിതാ ലീഗ് നേതാവായിരുന്ന അഡ്വ. കെ.പി. മറിയുമ്മയായിരുന്നു മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വനിതാ വിഭാഗത്തിന്റെ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. കേരള സ്റ്റേറ്റ് വിമൻ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ, റൂറൽ വിമൻസ് ഇലക്ട്രോണിക്സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ എന്നിവയുടെ ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. ഫറൂഖ് കോളേജിൽ നിന്നും ബിരുദം നേടി. പിന്നീട് നിയമപഠനം. 1977 മുതൽ തിരൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു. ജില്ലാ കൗൺസിലിലേയ്ക്കാണ് ആദ്യം മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്തിലേയ്ക്കു വേങ്ങര മണ്ഡലത്തിൽ നിന്നും വിജയിച്ചു.

മലപ്പുറം ജില്ലയിലെ ഭൂരിപക്ഷം തദ്ദേശഭരണ സ്ഥാപനങ്ങളും ലീഗിന്റെ നിയന്ത്രണത്തിലായിരുന്നു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ എന്തുതന്നെയായിരുന്നാലും തങ്ങളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന തദ്ദേശഭരണ സ്ഥാപനത്തിലേയ്ക്ക് ഒരുകാലത്തും ഇല്ലാത്തവണ്ണം അധികാരവും പണവും നൽകുന്ന ഒരു പരിപാടിയെന്ന നിലയിൽ ലീഗ് ജനകീയാസൂത്രണത്തോട് പൂർണ്ണമായി സഹകരിക്കുകയായിരുന്നു. പ്രാദേശികാടിസ്ഥാനത്തിൽ അണികൾ ആവേശത്തോടെ ജനകീയാസൂത്രണത്തിൽ പങ്കെടുക്കുന്ന സാഹചര്യവുമായിരുന്നു. അതേസമയം, പ്രതിപക്ഷ പാർട്ടിയെന്ന നിലയിൽ സർക്കാർ പരിപാടിയോടു വിമർശനപരമായ ഒരു സമീപനം സ്വീകരിക്കുകയും വേണം. ഈയൊരു റോളാണ് പ്രത്യക്ഷത്തിൽ കർക്കശക്കാരിയായി മറിയുമ്മയ്ക്കു നിർവ്വഹിക്കാനുണ്ടായിരുന്നത്. സംസ്ഥാനതലത്തിലുള്ള യോഗങ്ങളിൽ ലീഗിന്റെ പഞ്ചായത്ത് പ്രസിഡന്റെന്ന നിലയിൽ അവരുടെ നിലപാടുകൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. വ്യക്തിപരമായി അഴിമതിക്കെതിരെ കർക്കശ നിലപാടെടുത്തിരുന്നു എന്നതും അവരുടെ പ്രത്യേകതയായി അടുത്തറിയുന്നവർ പറയാറുണ്ട്.

മലപ്പുറം ജില്ലാ പഞ്ചായത്ത് എന്നും ഓർമ്മിക്കപ്പെടുക 'വിജയഭേരി'യുടെ പേരിലാണ്. ജില്ലാ പഞ്ചായത്തിന് ഹൈസ്കൂളുകളും ഗ്രാമപഞ്ചായത്തുകൾക്കും പ്രൈമറി, അപ്പർപ്രൈമറി സ്കൂളുകളും കൈമാറിക്കിട്ടി. ജില്ലയിലെ വിദ്യാഭ്യാസത്തിന്റെ അവസ്ഥ മനസ്സിലാക്കുന്നതിനായുള്ള ഒരു പഠനം നടത്തുകയാണ് ജില്ലാ പഞ്ചായത്ത് ആദ്യം ചെയ്തത്. സമഗ്ര വിദ്യാഭ്യാസ പദ്ധതി എന്നായിരുന്നു പദ്ധതിയുടെ പേര്. ധനമന്ത്രിയാരുന്ന ടി. ശിവദാസമേനാണ് പഠനരേഖ പുറത്തിറക്കിയത്. ഇതിന്റെ തുടർച്ചയായി രൂപംകൊണ്ട വിജയഭേരി പദ്ധതിയിൽ എല്ലാതട്ടു തദ്ദേശഭരണ സ്ഥാപനങ്ങളും പങ്കാളികളായി.

സ്കൂളുകളിലെ ഭൗതികസൗകര്യങ്ങൾ പരിതാപകരമായിരുന്നു. എല്ലാ ഹൈസ്കൂൾ കെട്ടിടങ്ങളും നവീകരിക്കുന്നതിനുള്ള തീരുമാനമെടുത്തു. കോസ്റ്റിഫോർഡിനെയാണ് ഇതിനു ചുമതലപ്പെടുത്തിയത്. ഇന്ന് 25 വർഷം പിന്നിടുന്നവേളയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സ്കൂളുകൾക്കും തിരിച്ചറിയാനാവാത്ത ഒരു ഭാവപകർച്ചയാണ് ഉണ്ടായിട്ടുള്ളത്. ഗുണനിലവാരം ഉയർത്തുന്നതിനുള്ള പ്രത്യേക സ്കീമുകളും വിജയഭേരിയുടെ ഭാഗമായിരുന്നു. മറിയുമ്മയുടെ കാലത്തു തുടങ്ങിവച്ച വിജയഭേരി പിന്നീടു മുടക്കമില്ലാതെ കഴിഞ്ഞ 25 വർഷവും തുടർന്നു. പൊതു വിദ്യാഭ്യാസ പരീക്ഷകളിൽ ഏറ്റവും പിന്നിൽ നിന്നിരുന്ന മലപ്പുറം ജില്ല മറ്റെല്ലാ ജില്ലകൾക്കുമൊപ്പം ഉയർന്നു. ഇക്കാലത്തെ മറ്റൊരു ശ്രദ്ധേയമായ ഇടപെടൽ ജില്ലയിലാകെ കമ്പ്യൂട്ടർ സാക്ഷരതക്ക് തുടക്കമിട്ടതാണ്.

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മറ്റൊരു നൂതന ഇടപെടൽ പാലിയേറ്റീവ് രംഗത്തായിരുന്നു. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ഫണ്ട് നീക്കിവയ്കാൻ അനുവാദമുണ്ടായിരുന്നില്ല. അഡ്വ. മറിയുമ്മ പ്രോജക്ടുമായി തിരുവന്തപുരത്തു വന്ന് ഞാനുമായി വിശദമായി ചർച്ച ചെയ്തതു ഓർക്കുന്നുണ്ട്. കാരണം കൊടുങ്ങല്ലൂരിൽ നിന്നും റ്റി.എൻ. ജോയിയുടെ നേതൃത്വത്തിൽ ഇതുപോലെ മറ്റൊരു സംരംഭവുംകൂടി ഞങ്ങളുടെ മുന്നിലുണ്ടായിരുന്നു. ഈ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പ്ലാൻ ഫണ്ട് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കു വിനിയോഗിക്കാമെന്ന തീരുമാനമെടുത്തത്.

മഞ്ചേരിയിൽ പ്രവർത്തിച്ചിരുന്ന അബ്ദുറഹ്മാൻ ഡോക്ടർ ചെയർമാനായ പാലിയേറ്റീവ് സൊസൈറ്റിക്ക് ആംബുലൻസടക്കം നൽകിക്കൊണ്ടാണ് ജില്ലാ പഞ്ചായത്തിന്റെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കു തുടക്കംകുറിച്ചത്. പിന്നീട് ഹോംകെയർ പ്രവർത്തനവും തുടർന്ന് പരിരക്ഷയുമായി വികസിച്ചു. കിഡ്നി വെൽഫയർ സൊസൈറ്റി ആരംഭിച്ചതും ഒമ്പതാം പദ്ധതിക്കാലത്താണ്. ഇന്നു പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് ഏറ്റവും മുന്നിൽ നിൽക്കുന്ന ജില്ലകളിലൊന്നാണ് മലപ്പുറം.

2000-ലാണ് ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഏറെ താൽപ്പര്യത്തോടെ ജില്ലാതല കൂടിയിരുപ്പുകളൊക്കെ നടത്തുന്നതിൽ നേതൃത്വപരമായപങ്കാണ് അവർ വഹിച്ചത്. ഹജ്ജിനു പേയതിനാൽ അതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോയത് വൈസ് പ്രസിഡന്റായ എം.സി. മുഹമ്മദ് ഹാജിയാണ്. ഭൂരിപക്ഷം റിസോഴ്സ്പേഴ്സൺസും ലീഗിൽ നിന്നായിരുന്നെങ്കിലും നേതൃത്വത്തിൽ നിർണ്ണായകമായ പങ്ക് പരിഷത്ത് പ്രവർത്തകർക്ക് ഉണ്ടായിരുന്നു. ഇവരോടൊക്കെ പൂർണ്ണമായും സഹകരിച്ചുകൊണ്ടുതന്നെയാണ് ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു നീങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr TM Thomas IsaacKP Mariyumma
News Summary - Thomas Isaac praises KP Mariyumma and Malappuram District Panchayat
Next Story