Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഏതൊരു പ്രവൃത്തിയും...

‘ഏതൊരു പ്രവൃത്തിയും ഏറ്റെടുത്തു നടത്തുന്ന ഇച്ഛാശക്തിയുള്ള വ്യക്തിത്വം’; കാനത്തിൽ ജമീലയെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി തോമസ് ഐസക്

text_fields
bookmark_border
‘ഏതൊരു പ്രവൃത്തിയും ഏറ്റെടുത്തു നടത്തുന്ന ഇച്ഛാശക്തിയുള്ള വ്യക്തിത്വം’; കാനത്തിൽ ജമീലയെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി തോമസ് ഐസക്
cancel

കോഴിക്കോട്: കഴിഞ്ഞ ദിവസം വിട പറഞ്ഞ കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയെ അനുസ്മരിച്ച് മുൻ മന്ത്രിയും സി.പി.എം നേതാവുമായ തോമസ് ഐസക്. തന്റെ ഫേസ്ബുക്ക് പേജിലാണ് കാനത്തിൽ ജമീലയുടെ രാഷ്ട്രീയ വളർച്ചയുടെ പടവുകളും ​ഇച്ഛാ ശക്തിയോടെയുള്ള പ്രവർത്തനങ്ങളും ചൂണ്ടിക്കാണിച്ച് തോമസ് ഐസക് അവരെ അടയാളപ്പെടുത്തിയത്.

ഇടപെടുന്ന കാര്യങ്ങൾ കൃത്യമായി പഠിക്കുകയും അറിയാത്ത കാര്യങ്ങൾ അന്വേഷിച്ചു വ്യക്തത വരുത്തുകയും ചെയ്യുക എന്നത് അവരുടെ സവിശേഷതയായിരുന്നുവെന്നും വ്യക്തിബന്ധങ്ങൾക്ക് ഊന്നൽ നൽകിയ അവർ എല്ലാവിഭാഗം ജനങ്ങളോടും സൗഹൃദവും സ്നേഹവും പുലർത്തിയിരുന്നുവെന്നും ​ഐസക് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

‘സ. കാനത്തിൽ ജമീലയെ ആദ്യമായി കണ്ടുമുട്ടിയത് 1996ൽ സാമൂതിരി സ്കൂളിൽ നടന്ന ജനകീയാസൂത്രണത്തിന്റെ മൂന്നാംഘട്ട പരിശീലനവേളയിലാണെന്നാണ് ഓർമ. തലക്കുളത്തൂർ പഞ്ചായത്ത് ഡി.ആർ.പി കൺവീനറും, ചേളന്നൂർ ബ്ലോക്ക് കോഓഡിനേറ്ററുമായിരുന്ന ഇ.പി. രത്നാകരൻ ആയിരുന്നു കൂടെയുണ്ടായിരുന്നത്. പിന്നീട് വനിതാ ജനപ്രതിനിധി പരിശീലന ക്യാമ്പുകളിലും വനിതാ കലാജാഥയിലുമെല്ലാംവച്ചു കൂടുതൽ പരിചയപ്പെട്ടു. ജനകീയസൂത്രണം കേരളത്തിലെ പൊതുരംഗത്തിന് സംഭാവന ചെയ്ത മികച്ച വനിതാ നേതാക്കളിൽ ഒരാളായിരുന്നു കാനത്തിൽ ജമീല.

തികച്ചും അപ്രതീക്ഷിതമായാണ് 1995-ൽ ജമീല തന്റെ 29-ാം വയസ്സിൽ തലക്കുളത്തൂർ ഗ്രാമ പഞ്ചായത്തിലേക്കു മത്സരിച്ചു വിജയിക്കുന്നതും പ്രസിഡന്റാവുന്നതും. രാഷ്ട്രീയപ്രവർത്തന പാരമ്പര്യമൊന്നും അവകാശപ്പെടാൻ ഉണ്ടായിരുന്നില്ല. കുടുംബത്തിന് കമ്മ്യൂണിസ്റ്റ് അനുഭാവ പശ്ചാത്തലമുണ്ടായിരുന്നു. ഭർത്താവ് അബ്ദുൽ റഹ്‌മാന്റെ അകമഴിഞ്ഞ പിന്തുണയാണ് ആദ്യമത്സരത്തിൽ ജമീലക്ക് തുണയായത്.

ജനകീയാസൂത്രണകാലത്ത് ഏതാണ്ട് 24 മണിക്കൂറും പഞ്ചായത്ത് ഓഫിസ് തുറന്നു പ്രവർത്തിക്കുമായിരുന്നു. മലബാർ ആർട്സ് ആന്റ് കൊമേഴ്സ് കോളജ് പഞ്ചായത്ത് ഓഫിസിന്റെ അനെക്സ് പോലെയായിരുന്നു. അത്രയേറെ പ്രവർത്തകർ വികസന റിപ്പോർട്ടും പ്രൊജക്ടുകളും തയ്യാറാക്കുന്നതിനു പ്രവർത്തിച്ചിരുന്നു. ഈ പ്രവർത്തനങ്ങളിലെല്ലാം സ. ജമീല സജീവസാന്നിദ്ധ്യമായിരുന്നൂവെന്ന് രത്നാകരൻ ഓർക്കുന്നു.

ഒമ്പതാം പദ്ധതിയിൽ രൂപം നൽകിയ വികസനരേഖ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനം അവിസ്മരണീയമായ അനുഭവമായി. പരിശീലനത്തിൽ നിർദ്ദേശിച്ച എല്ലാ ചിട്ടകളും പാലിച്ചു. മനോഹരമായ പുറംചട്ട, നിശ്ചിതമായ അദ്ധ്യായങ്ങൾ, ആവശ്യമായ വിവരങ്ങൾ എന്നിവ കൊണ്ടല്ലാം ശ്രദ്ധേയമായിരുന്നു പ്രസ്തുത വികസനരേഖ. വിശേഷാൽ ഗ്രാമസഭകളുടെ പഞ്ചായത്തുതല വിളംബര ജാഥയിൽ എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രവർത്തകരും പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ അണിനിരന്നു. വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ളവരെയെല്ലാം കൂട്ടിയോജിപ്പിക്കുന്നതിൽ ഈ കന്നിരാഷ്ട്രീയക്കാരി നന്നായി വിജയിച്ചു.

ജനകീയാസൂത്രണകാലത്തെ ഏറ്റവും ശ്രദ്ധേയമായ ഇടപെടൽ നെൽകൃഷി മേഖലയിലാണ് ഉണ്ടായത്. അന്നശ്ശേരി പാക്കവയൽ എന്ന വെള്ളക്കെട്ടു പ്രദേശം കൃഷിയോഗ്യമാക്കിയതായിരുന്നു ഏറ്റവും ശ്രദ്ധേയമായ പ്രൊജക്ട്. മലയിടുക്കിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളംമൂലം വിശാലമായ പാക്കവയലിൽ കൃഷി അസാധ്യമായിരുന്നു. ബണ്ട് കെട്ടി വെള്ളം വറ്റിച്ച് വയൽ കൃഷിയോഗ്യമാക്കി. പ്ലാൻ ഫണ്ടിനോടൊപ്പം വലിയ തോതിൽ സന്നദ്ധപ്രവർത്തനവും ഇതിനായി ഉപയോഗപ്പെടുത്തി. വിദ്യാഭ്യാസ മേഖലയിലും ശ്രദ്ധേയമായ ഇടപെടലുകൾ ഉണ്ടായി.

2000ത്തിൽ വീണ്ടും പഞ്ചായത്തിലേക്ക് ജനറൽ സീറ്റിൽ നിന്നു മത്സരിച്ചു വിജയിച്ചു. ഇത്തവണ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിരുന്നു. 2005ൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ചു വിജയിച്ചു. 2005-10 കാലയളവിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

2010ൽ ജില്ലാ പഞ്ചായത്തിലേക്കു മത്സരിക്കാനായിരുന്നു നിയോഗം. വിജയിച്ചപ്പോൾ അവിടെയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കാൻസർ രോഗികൾക്കുള്ള പ്രൊജക്ടായിരുന്നു ഏറ്റവും ശ്രദ്ധേയമായ വികസന ഇടപെടൽ. കാൻസർ രോഗം മുൻകൂട്ടി കണ്ടുപിടിക്കാനുള്ള വൈദ്യപരിശോധനാ ക്യാമ്പുകളും കിഡ്നി രോധികൾക്കുള്ള ഡയാലിസിസ് സൗകര്യവും സ്നേഹസ്പർശം തുടങ്ങിയ സവിശേഷ പ്രോജക്ടുകൾ നടപ്പാക്കുന്നതിൽ മുൻകൈയെടുത്തു.

അടുത്ത തവണയും മത്സരിക്കാനുള്ള നിർദേശം വന്നുവെങ്കിലും അവർ ഒഴിഞ്ഞുമാറി. എന്നാൽ, പൊതു പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും അഭംഗുരം തുടർന്നു. 2020-ൽ വീണ്ടും ജില്ലാ പഞ്ചായത്തിലേക്കു മത്സരിക്കാൻ നിർബന്ധിക്കപ്പെടുകയും രണ്ടാം തവണയും പ്രസിഡന്റാവുകയും ചെയ്തു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽ നിന്ന് കേരള നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.

ഏതൊരു പ്രവർത്തനവും ഏറ്റെടുത്തു നടത്തുന്നതിനുള്ള ഇച്ഛാശക്തി ഒന്നു വേറെ തന്നെയായിരുന്നു. ഇടപെടുന്ന കാര്യങ്ങൾ കൃത്യമായി പഠിക്കുകയും അറിയാത്ത കാര്യങ്ങൾ അന്വേഷിച്ചു വ്യക്തത വരുത്തുകയും ചെയ്യുക എന്നത് അവരുടെ സവിശേഷതയായിരുന്നു. വ്യക്തിബന്ധങ്ങൾക്ക് ഊന്നൽ നൽകിയ അവർ എല്ലാവിഭാഗം ജനങ്ങളോടും സൗഹൃദവും സ്നേഹവും പുലർത്തിയിരുന്നു. സഖാവിന്റെ അകാലനിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.’



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thomas Isaacfacebook postformer mlakanathil jameela
News Summary - 'A strong-willed personality who takes on any task': Thomas Isaac posts about Kanathil Jameela on Facebook
Next Story