പാർട്ടിയിൽ വന്ന പുഴുക്കുത്തുകൾ ഇല്ലാതാക്കാൻ തീരുമാനിച്ചിട്ടുണ്ട്, തെറ്റു പറ്റിയത് പാർട്ടിക്ക് തന്നെ:തോമസ് ഐസക്
text_fieldsകോഴിക്കോട്: തെറ്റു തിരുത്തി മുന്നോട്ടുപോകാനുള്ള നയരേഖ തയാറാക്കാൻ വിശാല സംസ്ഥാന സമിതി ചേരുന്നതിനിടെ, നിലപാടുകൾ ആവർത്തിച്ചും പാർട്ടിക്കാണ് തെറ്റുപറ്റിയതെന്ന് അടിവരയിട്ടും മുതിർന്ന നേതാവ് തോമസ് ഐസക്. താൻ പറഞ്ഞത് പാർട്ടി രേഖയിൽ പറഞ്ഞ കാര്യങ്ങളാണെന്നും അത് തിരുത്തണമെങ്കിൽ പാർട്ടി പറയണമെന്നും ഐസക് തുറന്നടിച്ചു.
പാർട്ടി പ്രമേയത്തിൽ വ്യക്തമാക്കിയ ഈ കാര്യങ്ങളിൽ താൻ ഉറച്ചുനിൽക്കുന്നു. പാർട്ടിക്ക് സംഭവിച്ച വീഴ്ചയെ കുറിച്ചാണ് വിവിധ തലങ്ങളിൽ തെരഞ്ഞെടുപ്പ് പരാജയ കാരണങ്ങൾ ചർച്ച ചെയ്തു തയാറാക്കിയ പാർട്ടി രേഖകളിലെല്ലാം പറയുന്നത്. ജനങ്ങളെ ബോധ്യപ്പെടുത്തി ഒപ്പം കൊണ്ടുപോകുന്നതിൽ പാർട്ടി വേണ്ടത്ര വിജയിച്ചില്ല. എന്തൊക്കെ വീഴ്ച വന്നുവെന്നത് കൃത്യമായി കണ്ടെത്തിയിട്ടുണ്ട്. രാഷ്ട്രീയവും ഭരണപരവും സംഘടനാപരവുമായ വീഴ്ചകൾ എന്തൊക്കെയാണെന്ന് കൃത്യമായി തിട്ടപ്പെടുത്തിയിട്ടുണ്ട്.
അവ ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താൻ എന്താണ് വേണ്ടതെന്നാണ് വിശാല സമിതി പരിശോധിക്കുക. ഈ പാർട്ടിയിൽ വന്ന പുഴുക്കുത്തുകൾ ഇല്ലാതാക്കാനും പരിഹാരം കാണാനും തീരുമാനിച്ചിട്ടുണ്ട്. നേതൃത്വത്തിന് പറ്റിയ വീഴ്ചകൾ എന്തൊക്കെയെന്ന് കൃത്യമായി രേഖയിൽ പറഞ്ഞിട്ടുണ്ട്. ദൗർബല്യങ്ങൾ എങ്ങനെ മറികടക്കാമെന്നാണ് ഇനി ആലോചിക്കേണ്ടത്. അതിനുതകുന്ന പ്രവർത്തന പരിപാടിക്ക് രൂപം നൽകാനാണ് ഈ വിശാല സംസ്ഥാന സമിതി-ഐസക് പറഞ്ഞു.
പിണറായി വീണ്ടും മുഖ്യമന്ത്രിയാകുമെന്ന സജി ചെറിയാന്റെ വാദത്തെയും ഐസക് തള്ളി. ഇതേകുറിച്ച് സമിതി യോഗം തുടങ്ങുംമുമ്പ് മാധ്യമങ്ങൾ ആരാഞ്ഞപ്പോൾ, അതൊക്കെ അന്നത്തെ സാഹചര്യമനുസരിച്ചാകും തീരുമാനമെന്നായിരുന്നു ഐസക്കിന്റെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

