തിരുവനന്തപുരം: ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന സ്വർണത്തിൽ നല്ലപങ്കും കള്ളപ്പണം വെളുപ്പിക്കാനോ തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിങ്ങോ ആണെന്ന് മന്ത്രി ഡോ. തോമസ് െഎസക്. മുമ്പ് വിനിമയ നിരക്കിെല വ്യത്യാസത്തിൽനിന്ന് നേട്ടമുണ്ടാക്കാൻ സാധാരണ പ്രവാസി വരെ ഹവാല വഴി പണം അയക്കാറുണ്ടായിരുന്നു. ഇപ്പോൾ പരിഷ്കാരങ്ങളുടെ ഭാഗമായി രൂപയുടെ മൂല്യം കുത്തനെയിടിഞ്ഞ് കമ്പോളനിരക്കും ഔദ്യോഗിക നിരക്കും തമ്മിൽ വലിയ വ്യത്യാസമില്ലാത്ത സ്ഥിതിയായി. ഇതോടെയാണ് സ്വർണ കള്ളക്കടത്തിെൻറ മുഖ്യലക്ഷ്യം കള്ളപ്പണം വെളുപ്പിക്കലായി മാറിയെതന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
വിദേശത്താണ് കള്ളപ്പണത്തിൽ നല്ലപങ്കും സൂക്ഷിക്കുന്നത്. ഇത് നിയമപരമായ മാർഗങ്ങളിലൂടെ നാട്ടിലേക്ക് കൊണ്ടുവരാനാകില്ല. അവിടെയാണ് സ്വർണത്തിെൻറ റോൾ. വിദേശത്ത് ഡോളർ നൽകിയാൽ ആ വിലക്ക് സ്വർണം കള്ളക്കടത്തുകാർ നാട്ടിൽ എത്തിച്ചുതരും. കള്ളപ്പണക്കാർ നല്ല മാർജിൻ കൊടുക്കാൻ എപ്പോഴും തയാറുമാണ്. ഇറക്കുമതി തീരുവ സമീപകാലത്ത് വർധിപ്പിച്ചതോടെ ആഭരണശാലകൾ വലിയ തോതിൽ സ്വർണം കള്ളക്കടത്തായി കൊണ്ടുവരാനും തുടങ്ങി. അന്വേഷണം ഏജൻറുമാരെക്കുറിച്ചു മാത്രം പോരാ. ആർക്കുവേണ്ടിയാണ് കള്ളക്കടത്ത് നടത്തിയത് എന്നതിനെക്കുറിച്ച അന്വേഷണവും നിർണായകമാെണന്നും അദ്ദേഹം പറഞ്ഞു.