'ഓണ പൂക്കളം നശിപ്പിച്ച സംഭവം'; വിദ്വേഷ പരാമർശം നടത്തിയ തൊടുപുഴ എസ്.ഐക്ക് സസ്പെൻഷൻ
text_fieldsതൊടുപുഴ : സമൂഹമാധ്യമത്തിലൂടെ ഒരു മുസ്‌ലിം മതവിഭാഗത്തെ അധിക്ഷേപിക്കുന്ന തരത്തിൽ കടുത്ത വർഗീയ-വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ തൊടുപുഴ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ. വിജേഷിന് സസ്പെൻഷൻ. ഇയാൾക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തും. അന്വേഷണ ചുമതല മൂന്നാർ ഡി.വൈ.എസ്.പിക്കാണ്. സംഭവത്തിൽ ഉടൻ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്. മുമ്പും വിദ്വേഷ പോസ്റ്റുകൾ പങ്കുവെച്ചതിന് ഇയാൾക്കെതിരെ നടപടിയെടുത്തിരുന്നു.
നടവഴിയിലെ പൂക്കളം ഒരു സ്ത്രീ അബദ്ധത്തിൽ തട്ടിപ്പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് വിജേഷ് അങ്ങേയറ്റം വർഗീയച്ചുവയുള്ളതും അവഹേളനപരവുമായ കുറിപ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
മറ്റേതോ പ്രദേശത്ത് നടന്ന പഴയ ദൃശ്യങ്ങൾ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയും, മുസ്‌ലിം സമുദായത്തെ ലക്ഷ്യമിട്ട് അധിക്ഷേപ പരാമർശങ്ങൾ നടത്തുകയുമാണ് ഇയാൾ ചെയ്തതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സംഭവം വിവാദമായതിനെത്തുടർന്നും പ്രതിഷേധം ഉയർന്നതിനെത്തുടർന്നും ഇയാൾ ആദ്യത്തെ പോസ്റ്റ് പിൻവലിക്കുകയും വിശദീകരണവുമായി പുതിയ കുറിപ്പ് പങ്കുവെക്കുകയും ചെയ്തു.
ക്രമസമാധാനപാലന ചുമതലയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനിൽ നിന്ന് ഇത്തരത്തിൽ സമൂഹത്തിൽ സ്പർദ്ധയും വിദ്വേഷവും ഉണ്ടാക്കുന്ന തരത്തിലുള്ള പ്രതികരണം ഉണ്ടായതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നിരുന്നത്. വർഗീയ പരാമർശം നടത്തിയ എസ്ഐക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ഔദ്യോഗികമായി പരാതി നൽകിയിരുന്നു. പൊതുജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിക്കെതിരെ വകുപ്പുതല അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

