വീട്ടിലെത്തിയാലും അരുൺ ജോലിയിലാണ്, ആശുപത്രിക്കായി
text_fieldsതൊടുപുഴ: എെൻറ മാസ്കെവിടെ. അരുൺ കുമാർ തിരക്കുകൂട്ടി വീട്ടിൽനിന്ന് ഇറങ്ങുകയാണ്. കോവിഡിനെതിരായ പോരാട്ടത്തിലെ പോരാളികളിൽ ഒരാൾ. രാവേറുവോളം കൺട്രോൾ റൂമിെൻറ ചുമതലയാണ് അരുണിന്. ഡ്യൂട്ടികഴിഞ്ഞ് മടങ്ങിയാലും ജോലി ചെയ്യുന്ന ആശുപത്രിലേക്ക് അടിയന്തരമായി വേണ്ട ഉപകരണങ്ങളുടെ പണിപ്പുരയിലാവും ഇടുക്കി ജില്ല ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ഈ 35കാരൻ.
പലപ്പോഴും ആശുപത്രി ഡ്യൂട്ടിയും കഴിഞ്ഞ് വീട്ടിലെത്തി നിർമാണവും പൂർത്തിയാക്കി ഉറങ്ങുേമ്പാൾ അർധരാത്രി കഴിഞ്ഞിട്ടുണ്ടാവും. കോവിഡ് ആശങ്ക നിറഞ്ഞ ഈ ദിനങ്ങളിലെ അസൗകര്യങ്ങളെ നേരിടാനാണ് ചെറുപ്പത്തിലേ കൈമുതലാക്കിയ ആശാരിപ്പണികൂടി അരുൺ വിനിയോഗിക്കുന്നത്. ഹാൻഡ് ഡ്രയറുകൾ, എൽബോ ടാപ്, സ്രവപരിശോധനക്കുള്ള ട്രേയടക്കം ആശുപത്രിക്കായി നിർമിച്ച് നൽകിക്കഴിഞ്ഞു.
രണ്ടാഴ്ച മുമ്പുവരെ ഇടുക്കി ആശങ്കയുടെ മുൾമുനയിലായിരുന്നു. രോഗബാധിതരുടെ എണ്ണം കൂടിവരുന്നതിനനുസരിച്ച് സമ്പർക്ക പട്ടികയിലുള്ളവരുടെ സ്രവശേഖരണവും കൂടി. വിശ്രമമില്ലാതെ 12 മണിക്കൂർവരെ ജോലി ചെയ്തു. സമയമൊന്നും മാനദണ്ഡമാക്കിയായിരുന്നില്ല ഡ്യൂട്ടി. മുന്നിലെത്തുന്നവരിൽ രോഗബാധയുള്ളവരുണ്ടോ ഇല്ലയോ എന്നൊന്നുമറിയില്ല. എന്നിട്ടും പുഞ്ചിരിയോടെ സ്വീകരിച്ചു. തിരക്കുകൂടി ചില ഉപകരണങ്ങളുടെ അപര്യാപ്തത വെല്ലുവിളിയായതോടെ അതിജീവിക്കാൻ കരവിരുത് പുറത്തെടുക്കുകയായിരുന്നു. വൃത്തിവരുത്തി ഐസൊലേഷൻ വാർഡിലേക്ക് കയറുേമ്പാൾ കൈകൾ ഉണക്കുന്നതിനുള്ള ഹാൻഡ് ഡ്രയറായിരുന്നു ആദ്യം നിർമിച്ചത്. 6000 രൂപയോളം വിലവരുന്ന ഡ്രയർ കുറഞ്ഞ ചെലവിൽ നിർമിച്ചു. ആശുപത്രി വാർഡുകളിലടക്കം പ്ലാസ്റ്റിക് ടാപ്പുകളാണ് ഉപയോഗിച്ചിരുന്നത്. കോവിഡ് സാഹചര്യത്തിൽ ഇത് ആശങ്കയാകുന്നത് മനസ്സിലാക്കി പത്തോളം ഇടങ്ങളിൽ എൽബോ ടാപ് ഘടിപ്പിച്ചു നൽകി. അസിസ്റ്റൻറിെൻറ സഹായം കൂടാതെ ഡോക്ടർക്ക് പരിശോധനക്കെത്തുന്നവരുടെ സ്രവം ശേഖരിക്കാൻ കഴിയുന്ന ട്രേയും ഉണ്ടാക്കി.
ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയിൽനിന്നുള്ള ചെറിയ ഫണ്ടും സ്വന്തം കൈയിൽനിന്നുള്ള പണവും ചെലവഴിച്ച് സാമഗ്രികളെല്ലാം തന്നെ കണ്ടെത്തുകയായിരുന്നു. ജില്ല ആശുപത്രിയിലെ കോവിഡ് 19 നോഡൽ ഒാഫിസറായ ഡോ. ദീപേഷും ആശുപത്രി സൂപ്രണ്ട് ഡോ. രവികുമാറും പിന്തുണ നൽകി. കട്ടപ്പന താലൂക്ക് ആശുപത്രിയിലെ നഴ്സാണ് ഭാര്യ ആര്യ. കോവിഡ് സാഹചര്യത്തിൽ ഇരുവർക്കും ജോലിത്തിരക്കേറിയതിനാൽ കുട്ടികളെ അമ്മവീട്ടിൽ നിർത്തിയിരിക്കുകയാണ്. തൊടുപുഴ വെള്ളിയാമറ്റം സ്വദേശിയായ അരുൺ കട്ടപ്പനയിലാണ് താമസം. പിതാവ് പുരുഷോത്തമൻ ആശാരി ജോലികൾ ചെയ്തിരുന്നു. ഏഴാം ക്ലാസ് മുതൽ അച്ഛനെ സഹായിച്ചു തുടങ്ങി. എൻജിനീയറാകാനായിരുന്നു മോഹം, വഴിമാറി സഞ്ചരിച്ചെങ്കിലും സങ്കടം ഒട്ടുമില്ല. ഇപ്പോൾ തെളിഞ്ഞ വഴി ആത്മാഭിമാനവും സന്തോഷവും നൽകുന്നതാണെന്നും അരുൺ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
