പാലക്കാട് ദമ്പതികള്‍ വെട്ടേറ്റ് മരിച്ചു
text_fieldsശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം പഞ്ചായത്തിലെ കണ്ണുകുര്‍ശ്ശിയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ചു. വടക്കേക്കര ചിരപ്പത്ത് വീട്ടില്‍ രാജന്‍ എന്ന ഗോപാലകൃഷ്ണന്‍ (58), ഭാര്യ തങ്കമണി (52) എന്നിവരാണ് മരിച്ചത്. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം. ചൊവ്വാഴ്ച രാവിലെയാണ് കൊലപാതക വിവരം നാട്ടുകാര്‍ അറിയുന്നത്. ചെന്നൈയിലുള്ള മകള്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരെ വിവരം അറിയിക്കുകയായിരുന്നു.
അയല്‍വാസികള്‍ വന്ന് ജനവാതിലിലൂടെ നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹങ്ങള്‍ കണ്ടത്. ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു. വാതിലുകള്‍ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പൊലീസ് ഓടിളക്കിയാണ് അകത്തുകടന്നത്. ദമ്പതികളുടെ ദേഹമാസകലം വെട്ടേറ്റതിനാല്‍ വീട്ടിനുള്ളില്‍ രക്തം തളം കെട്ടിനിന്നിരുന്നു. അക്രമികള്‍ വീടിന്‍െറ ഓടിളക്കിയാണ് അകത്തുകടന്നതെന്ന് സംശയിക്കുന്നു. ഓട് പൊളിച്ച് ഇറങ്ങാനുപയോഗിച്ച കയര്‍ തൂങ്ങി കിടപ്പുണ്ട്. വിജനമായ സ്ഥലത്ത് റബര്‍ തോട്ടത്തിന് നടുവിലുള്ള വീട്ടില്‍ ദമ്പതികള്‍ മാത്രമാണുണ്ടായിരുന്നത്. ഇവര്‍ ഒറ്റക്കാണെന്ന് മനസ്സിലാക്കിയുള്ള ആസൂത്രിത കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
തങ്കമണിയുടെ കഴുത്തിലെ സ്വര്‍ണമാല നഷ്ടപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട രാജന്‍ ചെന്നൈയില്‍ ബിസിനസ് നടത്തുകയായിരുന്നു. അടുത്ത കാലത്താണ് കടമ്പഴിപ്പുറത്ത് സ്ഥിരതാമസമാക്കിയത്. മകന്‍ രതീഷ് അമേരിക്കയിലാണ്. മകള്‍ റീത്ത. ജില്ല പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസന്‍, ഡിവൈ.എസ്.പി കെ.എം. സെയ്താലി, സി.ഐ ദീപക് കുമാര്‍, എസ്.ഐ കൃഷ്ണന്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്ക്വാഡ് എന്നിവര്‍ സംഭവസ്ഥലത്തത്തെി പരിശോധന നടത്തി. ശ്രീകൃഷ്ണപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
