ഈ ഗ്രാമം മറക്കില്ല... നാനക്ക് ഡോക്ടറേയും സുബാൻസിരി ആശുപത്രിയേയും
text_fieldsഅടിമാലി: പാറത്തോട്ടിലെ ജനകീയ ഡോക്ടർ നാനക്ക് മൂർത്തത്തിെൻറ വേർപാടിൽ മനമുരുകി പാറത്തോട് ഗ്രാമം. അവസാനമായി ഒരുനോക്ക് കാണാൻ പോലും അവസരം നൽകാതെയാണ് ഡോ. നാനാക് അരുണാചൽ പ്രദേശിലെ തെൻറ നാട്ടിൽ നിന്ന് തിരിച്ചുവരാത്ത ലോകത്തേക്ക് യാത്രയായത്. സമൂഹമാധ്യമങ്ങളിൽ ഡോക്ടറുടെ വേർപാടിെൻറ തീരാനഷ്ടത്തിെൻറ കഥകളാണ് എല്ലാവരും പങ്കുവെക്കുന്നത്. കുറിപ്പുകളുടെ കൂട്ടത്തിൽ ആശുപത്രിക്കടുത്ത് താമസിക്കുന്ന ദീപക് ജോസഫ് എന്ന യുവ എഞ്ചിനീയറിെൻറ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
അഞ്ചു വർഷം മുമ്പാണ് ഡോ.നാനക് കൊന്നത്തടി പഞ്ചായത്തിലെ പാറത്തോട് എത്തുന്നത്. കിടത്തി ചികിൽസ കേന്ദ്രമില്ലാതിരുന്ന ഇവിടെ വാടകക്കെടുത്ത കെട്ടിടത്തിൽ ഇൻപേഷ്യൻറ് വിഭാഗത്തോടെ ആശുപത്രി തുടങ്ങി. പഞ്ചായത്തിൽ കിടത്തി ചികിഝയുളള ഏക ആശുപത്രി ഇതായിരുന്നു.
അരുണാചൽ പ്രദേശിൽ നിന്ന് കേരളത്തിൽ എത്തി എം.ബി.ബി.എസ് പഠിച്ച്, ഇടുക്കിയിലെ പാറത്തോട് ഗ്രാമത്തിൽ എല്ലാവർക്കും പ്രിയപ്പെട്ടവനായി ആ നാട്ടുകരിലൊരാളായി ഡോക്ടർ മാറുകയായിരുന്നു. ഒരു സാധാരണ മലയാളിയെപ്പോലെ മലയാളം വഴങ്ങുന്ന അരുണാചൽ പ്രദേശുകാരൻ. കുടുംബവും കുട്ടികളുമായി ഒരു കട്ട ലോക്കൽ ആയി. നാല് മാസം മുൻപാണ് അപ്രതീക്ഷിതമായി കാൻസർ രോഗം ബാധിക്കുന്നത്. തുടർന്ന് നാട്ടിലേക്ക് തിരികെ പോകുകയായിരുന്നു. എന്നാൽ, ചുരുങ്ങിയ കാലയളവിനുള്ളിൽ രോഗം അദ്ദേഹത്തെ കീഴടക്കി.
നക്ഷത്രങ്ങളുടെ ലോകത്തേക്ക് യാത്രയായ ഡോ.നാനാക്ക് കണ്ണ് നിറക്കുന്ന ഓർമ്മയാണ് ഇന്ന് പാറത്തോട് നിവാസികൾക്ക് . ഏത് രോഗത്തേയും ഇല്ലാതാക്കുന്ന മജീഷ്യനായിരുന്നു ഇവിടുത്തെ നാട്ടുകാർക്ക് ഡോക്ടർ. ചെറു പുഞ്ചിരിയോടെയുള്ള മുഖത്തോടെയല്ലാതെ ഇവിടെ ആരും അദ്ദേഹത്തെ കണ്ടിട്ടില്ല. നാട്ടുകാരുടെ ഫേസ്ബുക്ക് പോസ്റ്റുകളിൽ നിറയുന്നത് ഇതാണ്. തങ്ങൾക്കൊക്കെ പ്രിയപ്പെട്ട മനുഷ്യനെ കാൻസർ കവർന്നെടുത്തതിെൻറ ഞെട്ടലിലാണ് ഗ്രാമം.
പണിക്കൻകുടിക്കും പാറത്തോടിനും കമ്പിളികണ്ടത്തിനും വെറുമൊരു ഡോക്ടർ മാത്രമല്ലായിരുന്നു ഡോക്ടർ നാനാക്ക്... ഒരോ കുടുംബത്തിലെയും അംഗമായിരുന്നു. ഒരിക്കലെങ്കിലും അദ്ദേഹത്തോട് ഇടപഴകിയ ഒരാൾക്ക് അദ്ദേഹത്തെ മറക്കാൻ കഴിയില്ല. അത്രക്ക് പ്രിയതരമായിരുന്നു ആ ഇടപെടൽ. വാട്സപ് പോസ്റ്റുകളിൽ സ്റ്റാറ്റസുകളിൽ ആദരാഞ്ജലികൾ നിറഞ്ഞ് നിൽക്കുന്നെങ്കിൽ അദ്ദേഹം ഇവിടുത്തുകാർക്ക് ആരൊക്കെയോ ആയിരുന്നു എന്ന് ഈഹിക്കാൻ കഴിയും. ഏത് അത്യാഹിതത്തിലും അണയാത്ത പ്രതീക്ഷയായിരുന്നു 'സുബാൻസിരി' എന്ന ആശുപത്രി. വെറുമൊരു ചെറിയ കെട്ടിടത്തെ സന്ദർഭത്തിന് അനുസരിച്ച് ഓപ്പറേഷൻ തീയറ്റർ മുതൽ ഐ.സി.യു വരെ ആക്കി മാറ്റാൻ കഴിവുണ്ടായിരുന്നു ഡോക്ടർക്ക്. യാതൊരു ടെസ്റ്റുകളും ചെയ്യാതെ രോഗം പറയുന്ന അദ്ഭുതാവഹമായ കഴിവുണ്ടായിരുന്നു ഡോക്ടർക്ക്. പിന്നീട് മറ്റുള്ള ആശുപത്രിയിൽ നിരവധി ടെസ്റ്റുകൾക്ക് ശേഷവും പറയുന്നത് നാനാക്ക് ഡോക്ടർ പറഞ്ഞ രോഗങ്ങൾ തന്നെ ആയിരിക്കും.
തനിക്ക് ഭേദമാക്കാൻ സാധിക്കില്ല എന്ന് തോന്നുന്ന ഒരു രോഗിയേയും ഒരു മിനിറ്റ് പോലും പിടിച്ച് വെക്കാതെ റഫർ ചെയ്യുന്ന ഡോക്ടർ സാമ്പത്തിക ലാഭം നോക്കിയിട്ടില്ല. നാനക്ക് ഡോക്ടർ തരുന്ന മരുന്ന് കഴിച്ചാൽ ഏത് രോഗവും മാറും എന്ന വിശ്വാസം ഉടലെടുത്തത് അടുത്ത് കാലത്തൊന്നുമല്ല. മറ്റ് ആശുപത്രിയിൽ ചെറിയൊരു പനിക്ക് 250 രൂപ വാങ്ങിയിരുന്ന വേളയിൽ അദ്ദേഹത്തിെൻറ ചാർജ് വെറും 50,60 രൂപയുടെ മരുന്നുമാത്രം. അരുണാചൽ പ്രദേശിലെ കുഗ്രാമത്തിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പഠിച്ച് ഡോക്ടർ ആകണമെങ്കിൽ അദ്ദേഹത്തിെൻറ അത്്മാർത്ഥത എത്രമാത്രമായിരിക്കും കഴിവും.