തൃശൂർ: മൺസൂൺ ഇക്കുറി സജീവമായത് 13 ദിവസം മാത്രം. തിമിർത്ത് പെയ്തത് മൂന്നുദിവസവും. ജൂൺ ഒന്നിനുതന്നെ കേരളത്തിലെത്തിയ മൺസൂൺ സെപ്റ്റംബർ ഒന്ന് വരെ 91 ദിവസങ്ങളിൽ 13 ദിവസങ്ങളിൽ മാത്രമാണ് സജീവമായത്. 41 ദിവസങ്ങളിൽ മഴ ദുർബലവുമായിരുന്നു. 34 ദിവസങ്ങളിൽ ശരാശരി മഴ പെയ്തു. കഴിഞ്ഞ മൂന്നുവർഷമായി പ്രകടമായ പ്രവണത തന്നെയാണ് ഇക്കുറിയുമുണ്ടായത്.
ആഗസ്റ്റ് ഏഴ്, എട്ട്, ഒമ്പത് ദിവസങ്ങളിൽ അതിശക്തമായി പെയ്തു. ആഗസ്റ്റ് 11നുശേഷം വല്ലാതെ പെയ്തില്ല. 1806 മില്ലിമീറ്ററിന് പകരം 1634 മി. മീ മഴയാണ് ജൂൺ ഒന്നുമുതൽ സെപ്റ്റംബർ ഒന്നുവരെ സംസ്ഥാനത്ത് ലഭിച്ചത്. ആഗസ്റ്റിലെ നാല് ദിവസങ്ങളിൽ മാത്രം ലഭിച്ചത് അഞ്ചിരട്ടി മഴയാണ്. ആഗസ്റ്റ് ഏഴുമുതൽ 10 വരെ 287 മി.മീ മഴ. ഇൗ മഴയുടെ പിൻബലത്തിൽ കേരളത്തിൽ ശരാശരി മഴയും ലഭിച്ചു. മൺസൂണിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസമാണ് സെപ്റ്റംബർ. ആഗസ്റ്റ് രണ്ടാം പാദത്തിന് സമാനം സെപ്റ്റംബറിലും മഴ ലഭിച്ചില്ലെങ്കിൽ വരൾച്ചയിലേക്ക് അടക്കം കാര്യങ്ങളെത്തും. അതിനിടെ മൺസൂൺ കാറ്റിെൻറ ശക്തി വല്ലാതെ കുറഞ്ഞിട്ടുണ്ട്. കിഴക്കൻ കാറ്റിെൻറയും പ്രാദേശികമായ അന്തരീക്ഷ ചുഴിയുടെയും പശ്ചാത്തലത്തിൽ വരുംദിവസങ്ങളിൽ ഇടിയോട് കൂടിയ മഴ പ്രതീക്ഷിക്കാം.
കഴിഞ്ഞദിവസങ്ങളിൽ കർണാടകയിലും തമിഴ്നാട്ടിലുമാണ് ഇത്തരം മഴ കൂടുതൽ ലഭിച്ചത്. ഇവയോട് ചേർന്ന അതിർത്തി പ്രേദശങ്ങളിലും മഴ ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ടുവർഷങ്ങളിലും പ്രളയത്തിന് പിന്നാലെ സെപ്റ്റംബറിൽ മഴ ലഭിച്ചിരുന്നില്ല. എന്നാൽ, ഇൗ മാസത്തിലെ മൂന്ന്, നാല് ആഴ്ചകളിൽ തെക്കൻ ജില്ലകളിൽ കനത്ത മഴ ലഭിച്ച ചരിത്രവുമുണ്ട്. കഴിഞ്ഞവർഷത്തിന് സമാനം തുലാവർഷം പെയ്താൽ കാര്യങ്ങൾ അനുഗുണമാവും.