പൊരുതുന്ന ആശമാരെ പിന്തുണച്ച് പൗരസാഗരം
text_fieldsതിരുവനന്തപുരം: കേരളം പൊരുതുന്ന ആശമാരോടൊപ്പമാണെന്ന് വ്യക്തമാക്കി പൗരസാഗരം സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിജ്ഞ ചെയ്തു. എഴുത്തുകാരും മനുഷ്യവകാശ പ്രവർത്തകരും അടക്കം നൂറുകണക്കിന് ആളുകൾ പൗരസംഗമത്തിൽ പങ്കുടുത്തു.
ജനാധിപത്യമര്യാദകളുടെയും കീഴ്‌വഴക്കങ്ങളുടെയും മഹത്തായ പാരമ്പര്യമുള്ള നാടാണ് നമ്മുടെ കേരളം. തൊഴിലവകാശങ്ങൾക്കും പൗരാവകാശങ്ങൾക്കും വേണ്ടി സന്ധിയില്ലാതെ പൊരുതി മുന്നേറിയ നാട്. ഈ പ്രബുദ്ധ ഭൂമിയിൽ, അതിജീവനത്തിനുള്ള ന്യായമായ കൂലിവർധനവിന് വേണ്ടി രണ്ടുമാസമായി, സ്ത്രീ തൊഴിലാളികളായആശാപ്രവർത്തകർ ഈ ഭരണസിരാകേന്ദ്രത്തിനു മുന്നിൽ, പൊള്ളുന്ന വെയിലിൽ, മഴയിൽ തെരുവിൽ പൊരുതുകയാണ്.

ഈ അവകാശസമരത്തെ കേരളം നെഞ്ചേറ്റിക്കഴിഞ്ഞു. സമൂഹമനഃസാക്ഷി വൈകാരികമായി ഏറ്റെടുത്ത സമരമാണിത്. സകലമാന മനുഷ്യരും മനസ്സു കൊണ്ടും ഏറെപ്പേർ സർവാർഥത്തിലും ഐക്യപ്പെട്ടു കഴിഞ്ഞ ജനാധിപത്യസമരവുമാണിത്. സംസ്ഥാനത്തെ പണിയെടുക്കുന്ന എണ്ണമറ്റ തൊഴിലാളികളുടെ ആശാകേന്ദ്രമായി മാറിയിരിക്കുന്നു ഇന്ന് ഈ സമരഭൂമി.

ഇത് വിജയിച്ചേ മതിയാകൂ എന്തു കൊണ്ടെന്നാൽ, കേരളത്തിൽ ജനാധിപത്യസമരങ്ങൾ ഇനിമേൽ വിജയിക്കുമോ പരാജയപ്പെടുമോ എന്ന് നിർണ്ണയിക്കാൻ പോകുന്നത് ഇവിടെയാണ്. ഒരു നാധിപത്യ സർക്കാർ ജനങ്ങളുടെ താൽപര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാൻ ബാധ്യസ്ഥമാണ്. ജനാഭിലാഷത്തെ തിരസ്കരിക്കുന്ന ഭരണാധികാരികളുടെ സ്ഥാനം ചവറ്റുകുട്ടയിലാരിക്കുമെന്ന് ചരിത്രം ഓർമിപ്പിക്കുന്നു.

പൊരുതുന്ന ആശമാരോടൊപ്പം ആണ് കേരളം എന്ന് ഈ പൗരസാഗരം പ്രഖ്യാപിക്കുന്നു. കേരള ജനതയുടെ ജനാധിപത്യപരമായ നിലനിൽപ്പിനായുള്ള ഈ പോരാട്ടത്തെ പൂർണ വിജയത്തിൽ എത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

